കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബാർകോഴ കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരോപണ വിധേയകരായ മന്ത്രിമാർക്കെല്ലാം ക്ലീൻചിറ്റ്. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ തക്കെ തെളിവുകൾ ഇല്ലെന്ന നിയമോപദേശത്തിന് പിന്നാലെ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാൻ തെളിവില്ലെന്നും വിജിലൻസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ദ്രുതപരിശോധന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.

വിജിലൻസ് എസ്‌പി പി കെ എം ആന്റണിയാണ് വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. കൈ ബാബു ബാറുടമകളിൽ നിന്നും 10 കോടി വാങ്ങിയെന്നായിരുന്നു ബാറുടമ നേതാവ് ബിജു രമേശിന്റെ ആരോപണം. ആരോപണം തെൽയിക്കാൻ തക്ക തെളിവുകൾ ഇല്ലെന്നാണ് അന്വേഷണം റിപ്പോർട്ടിൽ വ്യക്തമായത്. അതേസമയം ബാബുവിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ് വ്യക്തമാക്കി. മന്ത്രിയെ രക്ഷിക്കാൻ അന്വേഷണത്തിൽ അട്ടിമറി ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.

ബാബുവിനെ രാഷ്ട്രീയ ഇടപെടലുകളിലൂടെ രക്ഷിക്കാൻ ശ്രമം നടന്നു. കേസ് അട്ടിമറിക്കുന്നതിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ ഇടപെട്ടു. ബാബുവിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണിത്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിജു രമേശ് പറഞ്ഞു. അതേസമയം കെ. ബാബുവിനെതിരായ അന്വേഷണത്തിൽ വിജിലൻസ് തെറ്റുതിരുത്തിയെന്ന് കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. മാണിക്കെതിരെ എഫ്‌ഐആർ റജസ്റ്റർ ചെയ്തതു തെറ്റാണ്. ഇതാണ് ബാബുവിന്റെ കാര്യത്തിൽ തിരുത്തിയിരിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ബാറുടമ ബിജു രമേശ് രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് ബാബുവിന്റെ മൊഴി നൽകിയിരുന്നത്. ബാറുടമകളിൽ നിനനും ലൈസൻസ് ഫീസ് കുറക്കാമെന്ന് പറഞ്ഞ് പത്ത് കോടി വാങ്ങിയെന്നും മന്ത്രി പറഞ്ഞവർക്കൊക്കെ പണം കൊടുത്തുവെന്നുമാണ് നേരത്തെ ബിജു ആരോപിച്ചിരുന്നത്.

ബാറുകളുടെ ലൈസൻസ് ഫീസ് ഉയർത്താതിരിക്കുന്നതിന് ബാറുടമകളിൽ നിന്ന് ബാബു 10 കോടി രൂപ വാങ്ങിയതായാണ് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേട്ടിന് രഹസ്യ മൊഴി നൽകിയത്. തുടർന്ന് ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിടുകയായിരുന്നു. 201213 വർഷത്തെ എക്‌സൈസിന്റെ പ്രീബഡ്ജറ്റ് യോഗത്തിൽ ബാറുകളുടെ ലൈസൻസ് ഫീസ് 22 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തുമെന്ന് മന്ത്രി ബാബു പറഞ്ഞിരുന്നതായി ബിജുവിന്റെ മൊഴിയിലുണ്ട്. ഫീസ് ഉയർത്തരുതെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും മന്ത്രി വഴങ്ങിയില്ല. തുടർന്ന് ഉദ്യോഗസ്ഥരെ പുറത്തിറക്കിയശേഷം ബാർ അസോസിയേഷൻ ഭാരവാഹികളുമായി സംസാരിച്ച ബാബു 10 കോടി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

നേരത്തെ തെളിവുകളുടെ അഭാവം കണക്കിലെടുത്താണ് കെ എം മാണിക്കെതിരെ കുറ്റപത്രം നിലനിൽക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. ്രൈഡവർ അമ്പിളിയുടെ നുണപരിശോധന റിപ്പോർട്ടും ബിജു രമേശിന്റെ രഹസ്യമൊഴിയുമെന്നും തെളിവുകളായി സ്വീകരിക്കാൻ ആകില്ലെന്നാണ് നിയമോപഗദേശത്തിൽ പറഞ്ഞിരുന്നത്.

നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാർ ഉടമകളുടെ വെളിപ്പെടുത്തൽ. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തൻ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.