കൊച്ചി: മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മകളുടെ ലോക്കറിൽ നിന്നു വിജിലൻസ് സംഘം കണ്ടെത്തിയത് 117 പവൻ സ്വർണാഭരണങ്ങൾ. ഒരു ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് ഇത്രയും ആഭരണങ്ങൾ ലഭിച്ചത്.

നാല് ലോക്കറുകൾ കൂടി ഇനി പരിശോധിക്കാനുണ്ട്. ഇതിന്റെ പരിശോധന അടുത്ത ദിവസവും തുടരും. വിജിലൻസ് ഡിവൈഎസ്‌പി ബിജി ജോർജ്ജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കെ ബാബുവിന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് മകളുടെ ബാങ്ക് ലോക്കർ വിജിലൻസ് പരിശോധിക്കുന്നത്. കൊച്ചി തമ്മനത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലുള്ള ലോക്കറാണ് ഇന്നു വിജിലൻസ് തുറന്നത്. വളരെ വിലപ്പെട്ട പല രേഖകൾ ലോക്കറുകളിൽ ഉണ്ടെന്നാണു വിവരം. പിടിച്ചെടുക്കുന്ന രേഖകൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പേഴ്സണൽ അസിസ്റ്റന്റ് നന്ദകുമാറിനെ വിജിലൻസ് ചോദ്യം ഇന്ന് ചെയ്തിരുന്നു. വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

കെ ബാബു മന്ത്രിയായിരുന്ന കാലയളവിൽ നന്ദകുമാറിന്റെ സ്വത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ബാബു മന്ത്രിയായപ്പോർ നന്ദകുമാർ സ്വകാര്യ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു.സ്വത്തിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം കെ ബാബുവിന്റെയും മക്കളുടെയും ബിനാമികളുടെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി പണവും രേഖകളും പിടിച്ചെടുത്തിരുന്നു. അനധികൃത സ്വത്തു സമ്പാദനത്തിന് ബാബുവടക്കം മൂന്ന് പേർക്കെതിരെ കേസെടുക്കുയും ചെയ്തിരുന്നു. മുഖ്യ ബിനാമിയെന്ന് കരുതുന്ന ബാബുറാമിന്റെ പേരിൽ 40 ഇടത്ത് ഭൂമിയുണ്ട്. ഇതിൽ 27 എണ്ണത്തിന്റെ ഇടപാടും നടന്നത് ബാബു മന്ത്രിയായിരിക്കവെയാണ്.

കോഴ നൽകിയ ബാറുടമകളുടെ പേരും തുകയും രേഖപ്പെടുത്തിയ ലിസ്റ്റും പിടിച്ചെടുത്തവയിലുണ്ട്. കെ ബാബുവിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 30 രേഖകളും ബാബുറാമിന്റെ വീട്ടിൽനിന്നും കണ്ടെടുത്ത 85 രേഖകളുമാണ് കോടതിയിൽ സമർപ്പിക്കുന്നത്. അന്വേഷണം എറണാകുളത്തെ കോൺഗ്രസ് നേതാക്കളിലേക്കും നീളാനുള്ള സാധ്യതയുമുണ്ടെന്നാണു റിപ്പോർട്ടുകൾ.