- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിടിച്ചെടുത്തത് തിരഞ്ഞെടുപ്പിനായി പിരിച്ച പണം; ഇതിന് കൗണ്ടർ ഫോയിൽ ഉണ്ട്; ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കും; കട്ടിലിന്റെ അടിയിൽ നിന്നാണ് പണം എടുത്തതെന്നും കെ.എം. ഷാജി; പ്രതികരണം വിജിലൻസിന്റെ ചോദ്യംചെയ്യലിനു ശേഷം
കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ തന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് നിയമപരമായ പണമാണെന്ന് കെ.എം. ഷാജി എംഎൽഎ. തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് പിടിച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസിന്റെ ചോദ്യംചെയ്യലിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിടിച്ചെടുത്ത പണത്തിന് കൗണ്ടർ ഫോയിൽ ഉണ്ട്. ഇതുൾപ്പെടെയുള്ള രേഖകൾ വരുംദിവസങ്ങളിൽ ഹാജരാക്കും. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം എന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കും. എംഎൽഎ ആയതിനു ശേഷം രണ്ടു സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരിൽ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കർ വയലും മാത്രമാണ് എംഎൽഎ ആയതിനു ശേഷം വാങ്ങിയിട്ടുള്ളത്, അദ്ദേഹം പറഞ്ഞു.
ഈ രീതിയിൽ എന്നെ പൂട്ടാൻ കഴിയില്ല. അക്കാര്യത്തിൽ നല്ല ആത്മവിശ്വാസം ഉണ്ട്. വീട്ടിൽ കട്ടിലിന്റെ അടിയിൽ നിന്നാണ് പണം എടുത്തത്. നിയമപരമായ പണമാണിത്. അതുകൊണ്ടുതന്നെ പണം ഒളിപ്പിച്ചു വെക്കേണ്ട കാര്യമില്ല. വഴിവിട്ട് ഉണ്ടാക്കിയ പണം അല്ലാത്തതുകൊണ്ട് രഹസ്യമാക്കി വെച്ചില്ല. ക്ലോസറ്റിനടിയിൽ പണം ഒളിപ്പിച്ചു എന്നൊക്കെ ആരോപിക്കുന്നത് അവരുടെ ശീലംകൊണ്ടാണെന്നും ഷാജി പറഞ്ഞു.
രാഷ്ട്രീയമായ നീക്കമാണ് തനിക്കെതിരെ നടക്കുന്നത്. ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കണമായിരുന്നു. പണം നേരത്തെ തന്നെ ബാങ്കിൽ കൊണ്ടുപോയി ഇടണമായിരുന്നു. ഒരു എംഎൽഎയുടെ വീട്ടിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വന്ന് റെയ്ഡ് നടത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. രാഷ്ട്രീയമായ നീക്കമാണ്. കുറച്ചുകൂടി കരുതൽ എടുക്കാമായിരുന്നു എന്നൊരു തോന്നൽ ഇപ്പോഴുണ്ട്, കെ.എം. ഷാജി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ കെ.എം. ഷാജി ഹാജരായത്. എംഎൽഎ.യുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ