തിരുവനന്തപുരം: 'ഓപ്പറേഷൻ ട്രൂ ഹൗസ്' പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിരവരങ്ങൾ. സംസ്ഥാനമൊട്ടാകെ നഗരസഭ/മുൻസിപ്പാലിറ്റി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കെട്ടിട നിർമ്മാണാനുമതിയിലെ അപാകതകൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റികളിലും 'ഓപ്പറേഷൻ ട്രൂ ഹൗസ്''എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി വരുന്നു. കോർപ്പറേഷൻ/മുനിസിപ്പാലിറ്റികളിലെ ചില ഉദ്ദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃതമായി നിർമ്മാണ അനുമതി നൽകുന്നതായും കെട്ടിട നിർമ്മാണച്ചട്ടങ്ങൾക്ക് വിരുദ്ധമായി പണി പൂർത്തീകരിച്ച കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണാനുമതി പോലും വാങ്ങാത്ത കെട്ടിടങ്ങൾക്കും ചില ഉദ്ദ്യോഗസ്ഥർ കെട്ടിട നമ്പർ അനുവദിക്കുന്നതായും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനമൊട്ടാകേ ഒരേ സമയം വിജിലൻസ് മിന്നൽ പരിശോധന നടത്തി വരുന്നത്.

സെക്രട്ടറി / അസി.എഞ്ചിനീയർ/ഓവർസീയർമാർ എന്നിവർക്ക് അനുവദിച്ച യൂസർ ഐ.ഡിയും പാസ് വേഡും മറ്റും ഉപയോഗിച്ച് കരാർ ജീവനക്കാരും ക്ലാർക്കുമാരും അനുവദിച്ചതും ഓഫീസ് സമയത്തല്ലാതെയും അവധി ദിവസങ്ങളിലും അനുവദിച്ച നിർമ്മാണാനുമതിയും കെട്ടിട നമ്പരുകളും വരും ദിവസങ്ങളിൽ സ്ഥല പരിശോധനയുൾപ്പെടെയുള്ള വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം.ഐ.പി.എസ് അറിയിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ പി എസ്സിന്റെ നിർദ്ദേശത്തെ തുടർന്ന് വിജിലൻസ് പൊലീസ് ഇൻസ്‌പെക്ടർ ജനറൽഎച്ച് വെങ്കിടേഷ് ഐ പി എസ്സ് ,പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്(.സി.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ പി എസ്സ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത 53 മുനിസിപ്പാലിറ്റികളും ഉൾപ്പെടെ ആകെ 59 ഓഫീസുകളിലാണ് മിന്നൽ പരിശോധന ആരംഭിച്ചത്. മിക്ക ഓഫീസുകളിലും മിന്നൽ പരിശോധനയെ തുടർന്നുള്ള സ്ഥല പരിശോധനകൾ ഇപ്പോഴും തുടർന്നു വരുന്നു. അനധികൃത കെട്ടിടങ്ങൾക്ക് കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥർ ഏജന്റ് മാർ മുഖേന കൈക്കൂലി വാങ്ങി സഞ്ചയ സോഫ്റ്റ് വെയർ മുഖേന കെട്ടിട നമ്പർ നൽകി വരുന്നതായും ചില ഓഫീസുകളിൽ സെക്രട്ടറി/അസി.എഞ്ചീനീയർ/ഓവർസീയർമാർ എന്നിവർക്ക് അനുവദിച്ച യൂസർ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് കെട്ടിട നിർമ്മാണാനുമതിക്കായുള്ള IBPMS ( Intelligent Building Plan Management System) ഉപയോഗിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതിനായുള്ള സഞ്ചയ സോഫ്റ്റ് വെയ്‌ർ ചില കരാർ ജിവനക്കാരും ക്ലാർക്കുമാരും ഉപയോഗിക്കുന്നതായും അവർ കൈക്കൂലി വാങ്ങി കെട്ടിട നിർമ്മാണാനുമതിയും കെട്ടിട നമ്പരുകളും അനുവദിച്ച് വരുന്നതായും കോർപ്പറേഷൻ റവന്യൂ വിഭാഗത്തിലെ ഉദ്ദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങി ടാക്‌സ് കുറവ് ചെയ്തുകൊടുക്കുന്നതായും സ്ഥലപരിശോധനയ്ക്ക് വരുന്ന എഞ്ചിനീയറിങ് വിഭാഗത്തിലെ ചില ഉദ്ദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സ്ഥലത്തെ യഥാർത്ഥ വിശദാംശങ്ങൾ രേഖപ്പെടുത്താത്ത പ്ലാനുകൾ അംഗീകരിച്ച് നിർമ്മാണാനുമതി നൽകുന്നതായും ചില അപേക്ഷകർ കെട്ടിട നിർമ്മാണ അനുമതി പ്രകാരമല്ലാതെ കെട്ടിടം പൂർത്തീകരിച്ച ശേഷം എഞ്ചിനീയറിങ് വിഭാഗത്തിലെ ഉദ്ദ്യോഗസ്ഥരെ കൊണ്ട് അനുമതി പ്രകാരം ആണ് നിർമ്മാണം പൂർത്തീകരിച്ചതെന്ന് തെറ്റായി റിപ്പോർട്ട് വാങ്ങി കെട്ടിട നമ്പർ നേടിയെടുക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയ അപാകതകളിൽ ചിലത് ചുവടെ

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ നടന്ന മിന്നൽ പരിശോധനയിൽ മിന്നൽ പരിശോധനയിൽ കരാർ ജീവനക്കാർ അസി.എഞ്ചിനീയറുടെയും ഓവർസീയറുടെയും യൂസർ ഐ.ഡി, പാസ് വേർഡ് എന്നിവ ഉപയോഗിച്ച്
IBPMS(Intelligent Building {Plan Management System) ഓപ്പറേറ്റ് ചെയ്യുന്നതായും കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിൽ സെക്രട്ടറിയുടെ യൂസർ ഐ.ഡി, പാസ് വേർഡ് എന്നിവ മറ്റ് ഉദ്ദ്യോഗസ്ഥർ ഉപയോഗിക്കുന്നതായും വിജിലൻസ്
കണ്ടെത്തി.

കണ്ണൂർ ജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങൾക്കും തിരുവനന്തപുരം ജില്ലയിലെ കുന്നുകുഴിയിൽ ഒരു കെട്ടിടത്തിനും ഫയൽ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകൾ അനുവദിച്ച് നൽകിയിട്ടുള്ളതായും പ്രാഥമിക പരിശോധനയിൽ വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ വഞ്ചിയൂരിൽ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിർമ്മാണാനുമതി നൽകിയതായും പണി പൂർത്തിയാക്കാത്ത കെട്ടിടങ്ങൾക്ക് നൽകുന്നതായും നിശ്ചിത സമയത്തിനുള്ളിൽ നടപടി പൂർത്തീകരിക്കാതെ ഫയലുകൾ പൂഴ്‌ത്തി വയ്ക്കുന്നതായും വിജിലൻസ് കണ്ടെത്തി.

കൊച്ചി കോർപറേഷനിലെ വൈറ്റില സോണൽ ഓഫീസ് പരിധിയിലും ഇടപ്പള്ളി സോണൽ ഓഫീസ് പരിധിയിലും കെട്ടിട നിർമ്മാണ ചട്ടം കാറ്റിൽ പറത്തി നിർമ്മാണം പൂർത്തിയാക്കിയ നിരവധി കെട്ടിടങ്ങൾ വിജിലൻസ് കണ്ടെത്തി. ഇടപ്പള്ളി സോണൽ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിർമ്മിച്ചതായും കാസർകോഡ് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത
നിർമ്മാണങ്ങൾക്ക് നിർമ്മാണ അനുമതി നൽകിയിട്ടുള്ളതായും തുടർന്ന് കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും പന്തളം മുനിസിപ്പാലിറ്റിയിൽ ഫയർ ആൻഡ് സോഫ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങൾക്കും കെട്ടിടനമ്പർ നൽകിയിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി.

കൂടാതെ പ്രസ്തുത മുനിസിപ്പാലിറ്റിയുടെ പരിധിയിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിലും തിരുവനന്തപുരം കോർപ്പറേഷൻ കടകംപള്ളി സോണൽ ഓഫീസ് പരിധിയിലും വർക്കല മുനിസിപ്പാലിറ്റിയിലും കാഞ്ഞങ്ങാട് മുനിസിപ്പൽ പരിധിയിലും വടകര മുനിസിപ്പാലിറ്റിയിലും പെരിന്തൽമണ്ണ മുനിസിപ്പൽ പരിധിയിലും ഗുരുവായൂർ മുനിസിപ്പാലിറ്റി പരിധിയിലും കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമ്മാണം നടത്തിയ നിരവധി കെട്ടിടങ്ങൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതാകുന്നു.

മഞ്ചേരി മുനിസിപ്പാലിറ്റിയിൽ പൂർത്തീകരിക്കാത്ത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകിയിട്ടുള്ളതായും ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ സഹായത്തോടുകൂടി പ്ലാനിൽ നിന്നും വ്യത്യസ്തമായി അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്തു കൊടുത്തതായും കോട്ടയം മുനിസിപ്പാലിറ്റിയിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചിട്ടുള്ള എട്ടോളം കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകിയിട്ടുള്ളതായും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ കെട്ടിടനിർമ്മാണാപേക്ഷയുമായി ബന്ധപ്പെട്ട് ഫീസായി ശേഖരിച്ചിട്ടുള്ള 25 ലക്ഷത്തോളം രൂപ യഥാസമയം ട്രഷറിയിൽ അടയ്ക്കുന്നതിന് കാലതാമസം വരുത്തിയതായും കണ്ടെത്തിയിട്ടുള്ളതാകുന്നു.

പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ നടന്ന പരിശോധനയിൽ ഒരു ബാർ ഹോട്ടലിൽ പല മുറികൾക്കും പല നമ്പർ അനുവദിച്ചു നൽകിയതായും അതുവഴി മൊത്തം ഏരിയ കുറച്ചു കാണിച്ച് ടാക്‌സ് ഇനത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചു വരുന്നതായും എന്നാൽ എല്ലാ നമ്പറുകൾക്കും കൂടി ഒറ്റ ലൈസൻസ് അനുവദിച്ചിരിക്കുന്നതായും കണ്ണൂർ കോർപ്പറേഷനിൽ പത്ത് വാണിജ്യ സമുച്ചയങ്ങളുടെ ടാക്‌സ് അനധികൃതമായി കുറച്ച് നൽകിയത് വഴി സർക്കാരിന് 80 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായും സുൽത്താൻബത്തേരിയിൽ ടാക്‌സ് കണക്കാക്കുന്നതിൽ അപാകതയുള്ളതായും കേണിച്ചിറ പൂത്താടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥല പരിശോധന കൂടാതെ കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ളതായും ടാക്‌സ് നിശ്ചയിച്ചിട്ടുള്ളതായും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ കൈക്കൂലി വാങ്ങി ടാക്‌സ് നിശ്ചയിക്കുന്നതായും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ പാറയിൽപള്ളിക്ക് സമീപമുള്ള ഒരു വാണിജ്യസമുച്ചയത്തിന്റെ നാല് നിലകളും 369 മീ.സ്‌ക്വയർ വിസതീർണ്ണവുമുള്ള കെട്ടിടത്തിന് വെറും 100 മീ.സ്‌ക്വയറിന് മാത്രം ടാക്‌സ് അടച്ച് പ്രവർത്തിക്കുന്നതായും മണർക്കാട് മുനിസിപ്പാലിറ്റിയിലും പട്ടാമ്പി മുനിസിപ്പാലിറ്റിയിലും കെട്ടിട നിർമ്മാണാനുമതിക്ക് വിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഓക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും തൃശ്ശൂർ കോർപ്പറേഷനിലെ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിർമ്മാണ ശേഷം അനുമതി നൽകി നമ്പർ അനുവദിച്ചതായും വിജിലൻസ് കണ്ടെത്തി.കൂടാതെ പ്രസ്തുത കോർപ്പറേഷനിലെ പാലിയം റോഡിൽ റെസിഡൻഷ്യൽ ആവശ്യത്തിന് അനുമതി വാങ്ങി നിർമ്മിച്ച ഫ്‌ളാറ്റ് വാണിജ്യാവശ്യത്തിന് ഉപയോഗിച്ച് വരുന്നതായും കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ വയൽ നികത്തി നിർമ്മിച്ചതും പണി പൂർത്തിയാക്കാത്തതുമായ ബഹുനില വാണിജ്യ സമുച്ചയത്തിന് അനധികൃതമായി കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഭാഗത്തേയ്ക്ക് പോകുന്ന പഴയ ഹൈവേ കൈയേറി വാണിജ്യ കെട്ടിടം അനധികൃതമായി നിർമ്മിച്ചിട്ടുള്ളതായും ഹരിപ്പാട് ആശുപത്രി ജംഗ്ഷനിലെ ഒരു വാണിജ്യ സമുച്ചയത്തിന് അനുമതി കൂടാതെ രണ്ട് നിലകൾ കൂടി നിർമ്മിച്ചിട്ടുള്ളതായും പുനലൂർ മുനിസിപ്പാലിറ്റിയിൽ 139- ഓളം അനധികൃത കെട്ടിട നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളതായും മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിട്ടുള്ളതും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ യഥാർത്ഥ ഏരിയയെക്കാൾ കുറച്ചു കാണിച്ചതായി സംശയിക്കുന്ന എട്ടു കെട്ടിട നിർമ്മാണ ഫയലുകൾ വിശദ പരിശോധനക്കായി വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ നെൽ വയലുകൾക്ക് ആർ.ഡി ഒ -യുടെ അനുമതി കൂടാതെ തന്നെ വീട്/ വാണിജ്യസമുച്ചയങ്ങൾക്ക് നിർമ്മാണാനുമതി നൽകിയിട്ടുള്ളതായും പ്രസ്തുത കെട്ടിടങ്ങൾക്ക് അനധികൃതമായി കെട്ടിട നമ്പർ നൽകിയിട്ടുള്ളതായും കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി പരിധിയിൽ അനധികൃതമായി നെൽ വയൽ നികത്തി കെട്ടിടം പണിയുന്നതിന് അനുമതി നൽകിയിട്ടുള്ളതായും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഒരു ഹോട്ടലും അമരവിളയിലെ ഒരു വാണിജ്യ കെട്ടിടവും അനധികൃതമായി വയൽ നികത്തി നിർമ്മിച്ചിട്ടുള്ളവയാണെന്നും വിജിലൻസ് കണ്ടെത്തി.

പാലക്കാട് മുനിസിപ്പാലിറ്റിയിൽ മഞ്ഞക്കുളം പള്ളിക്ക് സമീപത്തുള്ള 6000 മീറ്റർ സ്‌ക്വയർ വയൽ നികത്തി ബഹുനില കെട്ടിടം പണിയുന്നതിനും 962 മി.സ്‌ക്വയർ വിസ്തീർണ്ണമുള്ള ഒരു നേഴ്‌സറിസ്‌കൂൾ പണിയുന്നതിനും അനധികൃതമായി അനുമതി നൽകിയിട്ടുള്ളതായും ഒരു ഫ്‌ളാറ്റ് സമുച്ചയത്തിന് കെട്ടിട നിർമ്മാണ ചട്ടം അനുശാസിക്കുന്ന പ്രകാരമുള്ള സെഡ് ബാക്ക് ഇല്ലാതെ തന്നെ നിർമ്മാണാനുമതി നൽകിയതായും ചില നിയമവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾക്ക് ചില ഉദ്ദ്യോഗസ്ഥർ ഓക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് ശുപാർശ ചെയ്തിരിക്കുന്നതായും നിലവിൽ വീടുള്ളവർക്കും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പുതിയതായി വീട് അനുവദിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

അടൂർ നഗരസഭാ പരിധിയിൽ 73 കെട്ടിടങ്ങൾക്ക് കൗൺസിലിന്റെ അനുമതിയോടെ കെട്ടിട നമ്പർ നൽകിയതായും 2016-2017 കാലത്ത് വീട്ട് നമ്പർ നൽകിയ കെട്ടിടങ്ങൾക്ക് 2022-ൽ ഓക്യുപെൻസി സർട്ടിഫിക്കറ്റ് നൽകി 2022 മുതൽക്കുള്ള ടാക്‌സ് മാത്രം എടുക്കുന്നതിന് ശുപാർശ നൽകുകയും ഈ ഇനത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചതായും കണ്ടെത്തിയിട്ടുള്ളതാണ്. കൊച്ചിൻ കോർപ്പറേഷനിലെ വൈറ്റില സോണൽ ഓഫീസ് പരിധിയിലെ ഒരു വാണിജ്യ കെട്ടിടത്തിന്റെ കാർ പാർക്കിങ് ഏരിയ ഗോഡൗൺ ആയും ബാത്ത് റൂമായും തരം മാറ്റി ഉപയോഗിക്കുന്നതായും മരട് മുനിസിപ്പാലിറ്റി പരിധിയിലുള്ള ഹോട്ടൽ പാർക്കിങ് ഏര്യ തരംമാറ്റി ഭക്ഷണമുറിയാക്കി മാറ്റി ഉപയോഗിച്ച് വരുന്നതായും പുറക് ഭാഗത്ത് അനുമതി കൂടാതെ അടുക്കള നിർമ്മിച്ചിരിക്കുന്നതായും വയനാട് ജില്ലയിലെ സുൽത്താൻബത്തേരി മുൻസിപ്പാലിറ്റിയിലെ മൂന്ന് കെട്ടിടങ്ങൾ ബിൽഡിങ് നമ്പർ നേടിയ ശേഷം പാർക്കിങ് ഏരിയയിൽ മറ്റു നിർമ്മാണപ്രവർത്തികൾ നടത്തിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ അവധി ദിവസങ്ങളിൽ സഞ്ചയ സോഫ്റ്റ് വെയ്‌ർ വഴി അഞ്ചോളം കൊമേഴ്‌സ്യൽ കെട്ടിടങ്ങൾക്ക് മുനിസിപ്പൽ സെക്രട്ടറി നിമ്മാണാനുമതി നൽകിയിട്ടുള്ളതായും ബേപ്പൂർ മുനിസിപ്പൽ സോണൽ ഓഫീസിൽ 6 കെട്ടിടങ്ങൾക്ക് ഓഫീസ് സമയത്തിന് ശേഷം കെട്ടിട നിർമ്മാണാനുമതി നൽകിയിട്ടുള്ളതായും രണ്ട് ഓക്യൂപെൻസി ർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും അപേക്ഷിച്ച ദിവസം തന്നെ പരിശോധനകൾ കൂടാതെ ഓക്യൂപെൻസി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

പാലക്കാട് ജില്ലയിലെ മണാർക്കാട് മുനിസിപ്പാലിറ്റി പരിധിയിൽ നിർമ്മാണാനുമതി നൽകിയതിനേക്കാൾ 3000 മി.സ്‌ക്വയർ അധികം പൂർത്തീകരിച്ച വാണിജ്യ കെട്ടിടത്തിന് ഓക്യുപെൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും നൽകിയിരിക്കുന്നതായും പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ ഒരു ഗോഡൗണും നിർമ്മാണാനുമതി നൽകിയതിനേക്കാൾ കൂടുതൽ വിസ്തീർണ്ണത്തിൽ പൂർത്തീകരിച്ചിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി. കോട്ടയം മുനിസിപ്പാലിറ്റിയിൽ പെർമിറ്റ് അപേക്ഷകളിൽ ചിലത് വച്ച് താമസിപ്പിക്കുന്നതായും കൊല്ലം കോർപ്പറേഷൻ സഞ്ചയ സോഫ്റ്റ് വെയ്‌ർ പരിശോധിച്ചതിൽ 1436 ഫയലുകൾ നടപടി സ്വീകരിക്കാതെ സൂക്ഷിച്ചിട്ടുള്ളതായും മനസ്സിലായിട്ടുള്ളതാകുന്നുവെന്ന് വിജിലൻസ് അറിയിച്ചു.