കോതമംഗലം: കടവൂരിലെ മില്ലുടമ പാവങ്ങളെ തീറ്റിച്ചത് ആന്ധ്രയിലെയും കർണാടകയിലെയും പുഴുവരിച്ച അരി. സർക്കാർ നൽകിയ നെല്ല് കുത്തി പുറം വിപണിയിൽ വിറ്റ് മില്ലുടമ നേടിയത് കോടികൾ. ഇതിനു കുട പിടിച്ചതാവട്ടെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഉറ്റചങ്ങാതിയും പാർട്ടി ജില്ലാ പ്രസിഡന്റുമായ വിൻസന്റ് ജോസഫും.

സർക്കാരിന്റെ വിവിധ ഏജൻസികൾ കർഷകരിൽനിന്നും സംഭരിച്ചു നൽകുന്ന നെല്ല് കുത്തി അരിയാക്കി സപ്‌ളൈകോയ്ക്ക് നൽകണമെന്ന് കടവൂരിലെ മില്ലുടമയുമായി ഗവൺമെന്റ് കരാറിൽ ഏർപ്പെട്ടിരുന്നു. ഇതുപ്രകാരം മില്ലുടമക്ക് നൽകിയ നെല്ലും തിരികെക്കിട്ടിയ അരിയുടെ അളവും തമ്മിൽ 1500-ൽ പരം ടണ്ണിന്റെ വ്യത്യാസം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം മില്ലിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതായിട്ടാണ് ലഭ്യമായ വിവരം. ഇതു സംബന്ധിച്ച് പരസ്യപ്രതികരണത്തിനു തയ്യാറല്ലന്നെ നിലപാടിലായിരുന്നു ഉദ്യോഗസ്ഥസംഘം. ഉന്നതങ്ങളിൽനിന്നും ലഭിച്ച നിർദ്ദശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധകർ ഈ നിലപാടു സ്വീകരിച്ചതെന്നാണ് സൂചന. ഭക്ഷ്യവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് വിഭാഗം ഓഫീസർമാരായ പി. രാമചന്തിരൻ, ഇസ്മയിൽ സാഹിബ്ബ് തുടങ്ങിയവരുടെ നേതൃത്്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് പരിശോധന നടത്തയത്.

രാവിലെ പത്തിന് ആരംഭിച്ച റെയ്ഡ് ഇന്നലെ ഏറെ വൈകിയാണ് അവസാനിപ്പിച്ചത്. മില്ലിലും പാറപ്പുഴയിലെ ഗോഡൗണിലും സ്റ്റോക്കിൽ വൻ കൃത്രിമം നടന്നിട്ടുള്ളതായിട്ടാണ് ഉദ്യോഗസ്ഥസംഘത്തിന്റെ നിഗമനം. ഗോഡൗണിലെ കണക്കെടുപ്പ് തടയാൻ മില്ലിലെ ജീവനക്കാർ നെല്ല് തറയിൽ വിതറി. ഇതുമൂലം കൃത്യമായ കണക്കെടുപ്പ് വൈകുമെന്നാണ് ഉദ്യോഗസ്ഥരിൽനിന്നും ലഭിക്കുന്ന വിവരം. പരിശോധനാ നടപടികൾ പകർത്താനെത്തിയ ചാനൽ പ്രവർത്തകരെ മില്ലുടമയും ജീവനക്കാരും തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനും കാരണമായി

കുട്ടനാടുൾപ്പെടെയുള്ള പാടശേഖരങ്ങളിലെ കർഷകരിൽ നിന്നും സർക്കാർ സംഭരിച്ചുനൽകുന്ന മികച്ചയിനം നെല്ലിൽ മില്ലുടമ വെട്ടിപ്പു നടത്തുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതു സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തിൽ ഏതാനും വർഷം മുമ്പ് ഈ മില്ലിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം ജില്ലാ പ്രസിഡന്റ് വിൻസന്റ് ജോസഫിന്റെ അടുത്തബന്ധു കൂടിയായ കിഴക്കേഭാഗത്ത് ബിനുവാണ് റൈസ് മില്ലിന്റെ നടത്തിപ്പുകാരൻ. ഈ ക്രമക്കേടുകൾ മൂടിവച്ചാണ് വീണ്ടും ഇതേ മില്ലുമായി സർക്കാർ കരാർ ഉറപ്പിച്ചത്.

മില്ലുടമ ഗവൺമെന്റിന് നൽകുന്ന അരിക്ക് വേണ്ടത്ര ഗുണനിലവാരമുണ്ടായിരുന്നില്ലെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. ആന്ധ്രയിലെയും കർണ്ണാടകയിലെയും മില്ലുകളിൽ സ്റ്റോക്ക് പഴകുമ്പോൾ അവ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കും. ഇത്തരത്തിൽ വിറ്റഴിക്കുന്ന അരി ചുളുവിലക്ക് വാങ്ങി മില്ലിലെത്തിച്ച് രാസവസ്തുക്കളും മറ്റും ചേർത്ത് പുതുമവരുത്തി ഭക്ഷ്യവകുപ്പിനു കൈമാറുകയായിരുന്നെന്നാണ് കടവൂരിലെ മില്ലുടമയ്‌ക്കെതിരെയുയർന്നിട്ടുള്ള പ്രധാന ആക്ഷേപം. ഇത്തരത്തിൽ ഈ മില്ലുടമ നൽകിയ അരി സപ്ലൈകോ റേഷൻ കടകൾ വഴി വറ്റഴിക്കുകയും ചെയ്തു. സംസ്ഥാനത്തെ കൃഷിയിടങ്ങളിൽനിന്നും സപ്ലൈകോ ശേഖരിച്ചത് ഉന്നത നിലവാരമുള്ള നെല്ലായിരുന്നു. ഇത് കുത്തിക്കിട്ടിയ ഗുണനിലവാരമുള്ള അരി മില്ലുടമ നല്ലവിലക്ക് പൊതുവിപണിയിൽ വിറ്റഴിച്ചത്. ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്.

നെല്ലുകുത്തലും അരികയറ്റിഅയയ്ക്കലും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഗുണനിലവാരം ഉറപ്പാക്കിയശേഷമായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥർ മില്ലുടമയുടെ സൽക്കാരം സ്വീകരിച്ച് വൻകിട ഹോട്ടലുകളിൽ മദ്യവും മദിരാക്ഷിയുമായി കഴിയുകയുമായിരുന്നെന്നാണ് പറയപ്പെടുന്നത്.