കൊച്ചി: അനധികൃത സ്വത്ത് കേസിൽ മുൻ മന്ത്രി കെ ബാബുവിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ബിനാമികളായ ബാബുറാം, മോഹനൻ എന്നിവരുമായുള്ള അടുപ്പം, മക്കളുടെ വിവാഹത്തിന് ചെലവഴിച്ച പണം എന്നിവയെക്കുറിച്ച് ബാബു നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തി. ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രേഖകളും തെളിവുകളും നിരത്തിയുള്ള വിജിലൻസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ചോദ്യം ചെയ്യലിൽ ബാബു പതറിയെന്നാണ് സൂചന. എന്നാൽ പുറത്തിറങ്ങി ഒരു പ്രശ്‌നുമില്ലെന്ന തരത്തിലായിരുന്നു പ്രതികരണം. അടുത്ത ചോദ്യം ചെയ്യലോടെ കൂടുതൽ പരുങ്ങിലിലേക്ക് ബാബു എത്തുമെന്നാണ് വിലയിരുത്തൽ.

ബാബുറാമുമായി അടുപ്പമില്ലെന്ന നിലപാടിൽ ബാബു ഉറച്ചു നിന്നു. ബാബുറാം കത്തയച്ചത് താനറിഞ്ഞില്ലെന്നും അതുകൊണ്ട് തനിക്ക് ഒരു പ്രയോജനവുമുണ്ടായില്ലെന്നും ബാബു പറഞ്ഞു. ബാബുറാമുമായി നൂറിലേറെ തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിശദാംശം അടങ്ങുന്ന തെളിവുകൾ ബാബുവിനെ കാണിച്ചു. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നൽകിയ ഉത്തരത്തിലും പൊരുത്തകേടുകൾ കണ്ടെത്തി. ശിവഗിരി തീർത്ഥാടനത്തിന്റെയും ആലുവ ആശ്രമത്തിലെയും ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ബാബുറാം തന്നെ വിളിച്ചതെന്നാണ് ബാബുവിന്റെ വിശദീകരണം. 12 മാസത്തിനിടെ ബാബുറാമുമായി 104 തവണ സ്വകാര്യ ഫോണിലും ഔദ്യോഗിക ഫോണിലും വിളിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് എന്തിനായിരുന്നുവെന്ന ചോദ്യത്തിനും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

രണ്ടു പെൺമക്കൾക്ക് 160 പവന്റെ സ്വർണാഭരണം നൽകിയിരുന്നതായി ബാബു വിശദീകരിച്ചു. ഒരു മകൾക്ക് നൂറു പവനും മറ്റൊരു മകൾക്ക് 60 പവനും നൽകി. എന്നാൽ ഇളയ മകൾക്ക് മാത്രം 200 പവനിലേറെ ആഭരണങ്ങൾ ബാബു സ്ത്രീധനമായി നൽകിയെന്നാണ് വിജിലൻസിന് ലഭിച്ചിട്ടുള്ള വിവരം. തമ്മനത്ത് താമസിക്കുന്ന മകൾ ഐശ്വര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്ന് 237 പവൻ സ്വർണാഭരണങ്ങൾ വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ലോക്കറിൽ നിന്ന് ലഭിച്ച ആഭരണങ്ങൾ താൻ നൽകിയതല്ലെന്നും താമസിക്കുന്ന വീടും സ്ഥലവുമല്ലാതെ ഒരിടത്തും ഭൂസ്വത്തില്ലെന്നും ബാബു പറഞ്ഞു. ബാബുവിന്റെ സ്വത്തു വിവരം സംബന്ധിച്ച് ആദായനികുതി വകുപ്പിൽ നിന്ന് രേഖകൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഇതേക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബാബുവിന്റെ ബിനാമികളെന്നു സംശയിക്കുന്ന ബാബുറാം, മോഹനൻ എന്നിവരുമായുള്ള അടുപ്പം സംബന്ധിച്ചും, മക്കളുടെ വിവാഹത്തിനു ചെലവാക്കിയ പണം സംബന്ധിച്ചും ബാബു നൽകിയ മൊഴികൾ കളവാണെന്നാണ് വിജിലൻസിന്റെ അനുമാനം. മൊഴികൾ വിശദമായി പഠിച്ച ശേഷം ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങൾക്ക് ബാബു നൽകിയ മറുപടികൾ രേഖപ്പെടുത്തുക മാത്രമാണ് ഇന്നലെ ചെയ്തത്.

തനിക്കെതിരായ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബുറാം വിജിലൻസ് ഡയറക്റ്റർക്കു കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് ബാബു പറയുന്നു. ഇതും വിജിലൻസ് വിശ്വസിച്ചിട്ടില്ല.