പത്തനംതിട്ട: സ്‌റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷന്റെ ഗോഡൗണിൽ പരിശോധനയ്ക്കു ചെന്ന വിജിലൻസ് സംഘം കണ്ടത് അടിച്ചു പൂസായി ജോലി ചെയ്യുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ. ബിവറേജസ് കോർപ്പറേഷനിലേക്ക് വിതരണം ചെയ്യുന്ന മദ്യക്കുപ്പികളിൽ ലേബൽ, ഹോളോഗ്രാം എന്നിവ പതിക്കുന്നതിൽ ക്രമക്കേട് ഒഴിവാക്കാനായി ഡ്യൂട്ടിക്കിട്ടിരുന്ന എക്‌സൈസുകാർ അതിലൊരു കുപ്പി പൊട്ടിച്ച് അടിച്ച് ഓണം ആഘോഷിക്കുകയായിരുന്നു. വിജിലൻസ് സംഘം കൈയോടെ പിടികൂടിയ എക്‌സൈസ് പ്രിവന്റീവ് ഓഫീസറെയും സിവിൽ ഓഫീസറെയും സസ്‌പെൻഡ് ചെയ്തു.

അടൂരിൽ വ്യാജമദ്യ വിൽപ്പന തടയാൻ പോയ എക്‌സൈസ് സിവിൽ ഓഫീസറെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് സുരക്ഷിത താവളമൊരുക്കിയതിന്റെ പേരിലും സംസ്ഥാനത്തെ ഏറ്റവും വലിയ സ്പിരിറ്റ് സംഭരണകേന്ദ്രമാക്കി അടൂർ താലൂക്കിനെ മാറ്റിയതിന്റെ പേരിലും നിരവധി എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ കഴിഞ്ഞ മാസം നടപടിയുണ്ടായിരുന്നു. ആ വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് ഈ സംഭവം.

കൊടുന്തറയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസ് ഗോഡൗണിൽ വിജിലൻസ് സംഘം ഇന്നലെ വൈകിട്ട് നാലിന് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സെക്യൂരിറ്റിയുടെ മുറിയിൽനിന്ന് കണക്കിൽപ്പെടാത്ത 16,000 രൂപ, ഹോളോഗ്രാം പതിക്കാത്ത ടിൻ ബിയർ, ആറുകുപ്പി മദ്യം, 55 ഹോളോഗ്രാം എന്നിവ കണ്ടെടുത്തു. ഡിവൈ.എസ്‌പി രാധാകൃഷ്ണപിള്ള, സി.ഐമാരായ ആർ. ജയരാജ്, ആർ. അശോക് കുമാർ, ബൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിജിലൻസ് പരിശോധന.
കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ മദ്യം, ബിയർ എന്നിവ ഇവിടെ കൊണ്ടുവന്നാണ് സ്റ്റിക്കർ പതിച്ച് വിവിധ ചില്ലറ വിൽപ്പനശാലകളിലേക്ക് കൊണ്ടുപോകുന്നത്. ഹോളോഗ്രാം പതിച്ചു മാത്രമേ ഇത് പുറത്തേക്ക് കൊണ്ടുപോകാവൂ എന്നാണ് ചട്ടം. ഇതു മറികടന്നാണ് സെക്യൂരിറ്റി ഗാർഡുകളുടെ റൂമിൽനിന്ന് ഹോളോഗ്രാം പതിക്കാത്ത മദ്യക്കുപ്പികളും ഒരു ടിൻ ബിയറും സൂക്ഷിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന 16,000 രൂപ ഒരു കണക്കുപുസ്തകത്തിലും രേഖപ്പെടുത്തിയിരുന്നില്ല.

ഇവിടെ നിന്ന് മദ്യം പുറത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കാനും ക്രമക്കേട് തടയുന്നതിനുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇട്ടിരിക്കുന്നത്. വിജിലൻസ് സംഘം എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരും മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. ഇതു സംബന്ധിച്ച് എക്‌സൈസ് സംഘം കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ഉദയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അനിൽകുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് റിച്ചാർഡ് അറിയിച്ചു.

ഇവരെ വൈദ്യപരിശോധന നടത്തിയപ്പോൾ രക്തത്തിൽ മദ്യത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇവിടെനിന്ന് കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് ഉന്നതതലത്തിലേക്ക് റിപ്പോർട്ട് കൈമാറിയതായി വിജിലൻസ് ഡിവൈ.എസ്‌പി രാധാകൃഷ്ണപിള്ള പറഞ്ഞു.