കണ്ണൂർ: കെ.എം.ഷാജി എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. വീട്ടിൽ നിന്ന് വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തി. കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്.

കണ്ണൂർ ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. പ്രധാനമായും കെ. എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

കോഴിക്കോടുള്ള ഷാജിയുടെ വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമ്മാണം നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാൻ ഷാജിക്ക് കോർപറേഷൻ നിർദ്ദേശം നൽകിയിരുന്നു. കെ.എം ഷാജി സമർപ്പിച്ച സത്യവാങ്മൂലവും ഷാജിയുടെതായി കണ്ടെത്തിയ സ്വത്ത് വിവരങ്ങളും തമ്മിൽ 165 ശതമാനത്തിലധികം വ്യത്യാസം ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു

കഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്. ഇതിനായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ ഷാജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകണമെന്ന ഹർജി പരിഗണിക്കവേ പരാമർശിച്ചിരുന്നു.

പരാതിക്കാരനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ ഹരജിയിൽ, കോടതി നിർദ്ദേശ പ്രകാരം വിജിലൻസ് പ്രത്യേക യൂണിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു.