ചെന്നൈ: തമിഴ് നടനും നിർമ്മാതാക്കളുടെ സംഘടനയുടെ നേതാവുമായ വിശാലിന്റെ ഓഫീസിൽ ജി.എസ്.ടി ഇന്റലിജൻസ് ഏജൻസി റെയ്ഡ്. തമിഴ്‌നാട് വടപളനിയിലുള്ള വിശാൽ ഫിലിം ഫാക്ടറി എന്ന പേരിൽ നടൻ വിശാലിന്റെ ഉടമസ്ഥതയിലുള്ള ഓഫീസിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉദ്യോഗസ്ഥരെത്തി റെയ്ഡ് ആരംഭിച്ചത്.

വിജയ് നായകനായ മെർസലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ബിജെപി. നേതൃത്വത്തെ ശക്തമായി വിമർശിച്ച് വിശാൽ രംഗത്തു വന്നിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് റെയ്ഡ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മെർസൽ ഇന്റർനെറ്റിലാണ് കണ്ടതെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയെയാണ് വിശാൽ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിൽ വിമർശിച്ചത്. ഇതോടെയാണ് റെയ്ഡിന് നീക്കം ഉണ്ടായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

അതേസമയം, വിശാലിന്റെ ബാങ്ക് അക്കൗണ്ടുകൾ ഇന്റലിജൻസ് നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. ചരക്കു സേവന നികുതി അടയ്ക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്ഡ് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ബിജെപിയെ വിമർശിച്ചതിന് പിന്നാലെ നടനെതിരെ ഉണ്ടായ നീക്കം വലിയ ചർച്ചയായിട്ടുണ്ട്. വിശാൽ ജി.എസ്.ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ചില പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ സെക്രട്ടറിയും നിർമ്മാതാക്കളുടെ സംഘടനയായ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമാണ് വിശാൽ. അതേസമയം, ഇത്തരത്തിൽ ബിജെപിയെ വിമർശിക്കുന്നവർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊള്ളാനുള്ള ശ്രമം ബിജെപി തുടരുമോ എന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു.