തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ ബാർ ലൈസൻസുമായി ബന്ധപ്പെട്ടു മന്ത്രിയായിരുന്ന കെ ബാബു നൂറുകോടി രൂപയുടെ അഴിമതി നടത്തിയതായി റിപ്പോർട്ട്. വിജിലൻസ് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു മന്ത്രിയായിരുന്ന കെ ബാബു ലൈസൻസുകളുടെ കാര്യത്തിൽ നേരിട്ട് ഇടപെട്ടിരുന്നെന്നും ത്വരിത പരിശോധന റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ കെ ബാബുവിന്റെ വിശദീകരണം തള്ളിയാണു വിജിലൻസ് റിപ്പോർട്ട്. അതിനിടെ, ബാർ കോഴ ആരോപണത്തിനു പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന് ആരോപിച്ചു കേരള കോൺഗ്രസ് മുഖപത്രം 'പ്രതിച്ഛായ'യിൽ ലേഖനം പ്രത്യക്ഷപ്പെട്ടു.

ബാർ ലൈസൻസ് ഇടപാടിൽ മുൻ എക്‌സൈസ് മന്ത്രി കെ ബാബു അധികാരദുർവിനിയോഗം നടത്തിയതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേടു നടത്താൻ സർക്കാർ വിജ്ഞാപനത്തിലടക്കം വെള്ളം ചേർത്തു. 100 കോടിയോളം രൂപയുടെ അഴിമതിയാണു ബാബു മന്ത്രിയായിരിക്കുമ്പോൾ എക്‌സൈസ് വകുപ്പിൽ നടത്തിയത്. ബാബുവിന്റേത് വ്യക്തമായ മറുപടിയല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ .- ബിയർ പാർലർ ലൈസൻസ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്നും ഇതിൽ മന്ത്രിയായിരുന്ന കെ ബാബു ഇടപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടാണ് പുറത്ത് വന്നത്. ബാർ ലൈസൻസ് പുതുക്കുന്ന ഫീസ് കുറയ്ക്കാനും പുതിയ ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകാനും വൻതുക കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് ത്വരിതാന്വേഷണം നടത്തി കേസെടുത്തത്. ബാർ ലൈസൻസ് അനുവദിക്കുന്നതിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വഴിവിട്ട സഹായങ്ങൾ നൽകി. പലർക്കും ബാർ അനുവദിച്ചപ്പോൾ ചില അപേക്ഷകൾ പിടിച്ചുവച്ചു. ചില ലൈസൻസുകൾ നൽകുന്നതിൽ കെ. ബാബു നേരിട്ട് ഇടപെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ അന്വേഷണച്ചുമതല സെൻട്രൽ എസ്‌പിക്കാണെങ്കിലും തുടരന്വേഷണം തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ടീമിന് കൈമാറിയേക്കും. ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി എം രാധാകൃഷ്ണനാണ് ബാബുവിനെതിരെ വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസിന് പരാതി നൽകിയത്. പരാതി പരിശോധിച്ച ഡയറക്ടർ ജൂൺ 22ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സെൻട്രൽ എസ്‌പി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം വേണമെന്ന് ഡയറക്ടർക്ക് ശുപാർശ നൽകി. ത്വരിതാന്വേഷണ റിപ്പോർട്ട് പരിശോധിച്ച വിജിലൻസ് ഡയറക്ടർ എഫ്‌ഐആർ രജിസ്റ്റർചെയ്യാൻ എസ്‌പിക്ക് നിർദ്ദേശം നൽകി. യുഡിഎഫ് ഭരണകാലത്ത് എക്‌സൈസ് മന്ത്രിയായിരിക്കെ കെ ബാബുവിനെതിരെ രണ്ട് ത്വരിതാന്വേഷണം നടന്നിരുന്നെങ്കിലും അട്ടിമറിച്ചു.

അതിനിടെയാണ് കെ.എം. മാണിക്ക് എതിരായ ബാർകോഴ ആരോപണത്തിനു പിന്നിൽ അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയെന്ന് കേരള കോൺഗ്രസ് ആരോപണവുമായി രംഗത്തെത്തിയത്. രമേശിനെ മുഖ്യമന്ത്രിയാകാൻ പിന്തുണയ്ക്കാത്തതാണ് മാണിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നലെന്ന് കേരള കോൺഗ്രസ് മുഖപത്രം 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിക്കുന്നു. ചില ആളുകൾക്ക് ഉമ്മൻ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ മാണി ഇതിന് പിന്തുണ നൽകാത്തത് വിരോധത്തിന് കാരണമായെന്നും 'ബാർകോഴ ആരോപണങ്ങളും കള്ളക്കളികളും' എന്ന പേരിലുള്ള ലേഖനത്തിൽ പറയുന്നു.

രമേശിനൊപ്പം മന്ത്രിമാരായ കെ. ബാബുവും അടൂർ പ്രകാശും ഗൂഢാലോചന നടത്തിയതായി ലേഖനത്തിലുണ്ട്. ബാബുവിനും അടൂർ പ്രകാശിനും അബ്കാരി താൽപര്യങ്ങളാണ് ഉണ്ടായിരുന്നത്. ആരോപണമുന്നയിച്ച ബിജു രമേശ് ഇവരുടെ ചട്ടുകമായി മാറുകയായിരുന്നുവെന്നും ലേഖനത്തിലുണ്ട്. കേസിൽ ത്വരിതപരിശോധന മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ആരോപണമുയരുമ്പോൾ അമേരിക്കയിലായിരുന്ന ചെന്നിത്തല പിറ്റേന്ന് കേരളത്തിലെത്തി മറ്റു ചർച്ചകൾക്കോ അന്വേഷണങ്ങൾക്കോ തയ്യാറാകാതെ ത്വരിതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നെന്നാണ് ലേഖനത്തിൽ ആരോപിക്കുന്നത്.