കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിലപാട് കടുപ്പിച്ചു വിജിലൻസ്. കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയിൽ നിന്നെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. നോട്ടുകെട്ടുകളിൽ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുൻപ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണ്ടെടുത്ത മറ്റ് രേഖകളിൻ മേലുള്ള റിപ്പോർട്ടും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

വിദേശയാത്രയുടേതടക്കമുള്ള 72 ഓളം രേഖകളാണ് ഹാജരാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് കണ്ടെത്തിയ 491 ഗ്രാം സ്വർണം, വിദേശയാത്ര നടത്തിയതിന്റെ 28 പാസ്പോർട്ട് രേഖകൾ തുടങ്ങിയവയാണ് കോടതിയിൽ ഹാജരാക്കിയത്. 50 ലക്ഷം രൂപ കണ്ണൂരിലെ ഷാജിയുടെ വീട്ടിൽ നിന്നും 39,000 രൂപ കോഴിക്കോട്ടെ വീട്ടിൽ നിന്നുമാണ് പിടിച്ചെടുത്തത്. പണം തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമായുള്ളതെന്നാണ്, റെയ്ഡ് സമയത്ത് ഷാജി പറഞ്ഞത്.

പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിക്കും. കേസിൽ ഹാജരാക്കുന്ന രേഖകൾ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹർജി നൽകും. ഇത് ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ഷാജിക്ക് നൽകാനാണ് വിജിലൻസ് തീരുമാനം. അടുത്ത 23ന് കെഎം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാജിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള വിജിലൻസ് നീക്കം നടക്കുന്നത്.

2011 -2020 കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലൻസ് പ്രധാനമായും ഷാജിയിൽ നിന്നും തേടുക. എന്നാൽ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷാജി. മുസ്ലിംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.

ഇടത് അനുഭാവിയായ അഭിഭാഷനാണ് ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് പരാതി നൽകിയത്.