- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ഡ്രൈവർ യൂണിഫോം ഇടാതെ മതവേഷമോ? കണ്ടിട്ടും കാണാത്തവർ സൂം ചെയ്ത് നോക്കാൻ കെഎസ്ആർടിസി; ചിത്രം പരിശോധിച്ച വിജിലൻസ് സത്യം കണ്ടെത്തി; ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമെന്നും കോർപറേഷൻ
തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ വാഹനമോടിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി.ചിത്രത്തിന്റെ സത്യാവസ്ഥ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി നടത്തിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്ത് വന്നത്.ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ, കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച്.അഷറഫ് മെയ് 24ന് തിരുവനന്തപുരം - മാവേലിക്കര സർവീസിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കണ്ടെത്തി.
ജോലി ചെയ്യുമ്പോൾ യൂണിഫോം പാന്റിനു മുകളിലായി അഴുക്കു പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് അഷറഫ് വിരിച്ചിരുന്നു. ഇത് പ്രത്യേക രീതിയിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നു അധികൃതർ പറഞ്ഞു. പ്രചരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ യൂണിഫോമായ സ്‌കൈ ബ്ലൂ ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ് അഷറഫ് ധരിച്ചിരിക്കുന്നത് എന്നു വ്യക്തമാണെന്നും കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
യൂണിഫോം ധരിക്കാതെ മതവേഷത്തിൽ ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്. തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്നാണ് അവകാശവാദത്തോടെയായിരുന്നു പ്രചാരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്ത് രംഗത്ത് വരികയും ചെയ്തിരുന്നു.
ഡ്രൈവർ ഇസ്ലാം മതവിശ്വാസികൾ ധരിക്കുന്ന തൊപ്പിയും ധരിച്ചാണ് വാഹനമോടിച്ചത്. പുറമെ ഇയാൾ ധരിച്ച യൂണിഫോം വെള്ളനിറമാണെന്നു തോന്നുന്ന വിധമായിരുന്നു ഫോട്ടോ.കെഎസ്ആർടിസി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കില്ല. ചിലർ ചിത്രം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ