- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിനിത കണിച്ചേരിയുടെ വിവാദ നിയമനത്തിൽ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്; ഗവർണറുടെ അനുമതി വേണമെന്ന് നിയമോപദേശം; സർക്കാരിന് കത്ത് നൽകിയെന്ന് വിജിലൻസ് ഡയറക്ടർ
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യക്ക് നിയമനം ലഭിച്ച സംഭവത്തിൽ ക്രമക്കേട് അന്വേഷിക്കാൻ ഗവർണറുടെ അനുമതി തേടി വിജിലൻസ്. നിനിത കണിച്ചേരിക്ക് അദ്ധ്യാപികയായി നിയമനം നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ പ്രകാരം ചാൻസർ കൂടിയായ ഗവർണറുടെ അനുമതി വേണമെന്ന് നിയമോപദേശം ലഭിച്ചതായി വിജിലൻസ് ഡയറക്ടർ പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയെ അറിയിച്ചു. ഗവർണറുടെ അനുമതി ആവശ്യപ്പെട്ട് പരാതിയും നിയമോപദേശവും സർക്കാരിന് കൈമാറിതായും വിജിലൻസ് ഡയറക്ടർ വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിച്ച് സർവ്വകാലാശാല വൈസ് ചാൻസറുടെ നേതൃത്വത്തിൽ നിയമനം നൽകിയെന്നാണ് പരാതി.
നിനിതയെ നിയമിക്കുന്നതിന് ഇന്റർവ്യൂ ലിസ്റ്റിൽ പോയിന്റ് കൂട്ടിക്കാണിച്ചുവെന്നും ‘സേവ് യൂണിവേഴ്സിറ്റി ക്യാപെയിൻ കമ്മിറ്റി' വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ ലംഘിച്ച് സർവ്വകലാശാല വൈസ് ചാൻസിലറുടെ നേതൃത്വത്തിലാണ് നിയമനം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ശുപാർശ തള്ളിക്കൊണ്ടാണ് നിനിതയുടെ നിയമനമെന്നും സേവ് യൂണിവേഴ്സിറ്റി പരാതിയിൽ ഉയർത്തിക്കാട്ടി.
വിഷയത്തിൽ വിസിക്കെതിരെയും ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്യണമെങ്കിൽ വിസിയുടെ നിയമനാധികാരിയായ ഗവർണറുടെയും അനുമതി ആവശ്യമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്തയച്ചിരിക്കുന്നത്. ഗവർണറുടെ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയും നിയമോപദേശവും സർക്കാരിന് നൽകിയതായി വിജിലൻസ് പരാതിക്കാരെ അറിയിച്ചു.
ഇന്റർവ്യൂ ബോഡിന്റെ ഏഴംഗ സമിതിയിൽ മൂന്നുപേർ മാത്രമായിരുന്നു വിഷയവിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാർത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങൾ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നും വ്യക്തമാക്കിയാണ് മൂവരും വിസിക്കും രജിസ്ട്രാർക്കും കത്ത് നൽകിയിരുന്നു. മറ്റൊരു ഉദ്യോഗാർത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തിൽ ഒന്നാം റാങ്ക്. പട്ടിക അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ