തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലൻസ് രംഗത്ത്. ഇക്കാര്യത്തിൽ സർക്കാരിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു.

പതിനൊന്നു കോടിയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. സൂരജിനെതിരെ വിചാരണ ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സൂരജിനെതിരേ കുറ്റപത്രം സമർപ്പിക്കാമെന്നു വിജിലൻസിനു നിയമോപദേശം ലഭിച്ചു.

പത്ത് വർഷത്തെ കാലയളവിലാണ് സൂരജ് ഇത്രയും സ്വത്ത് സന്പാദിച്ചതെന്ന് റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു. 2004 മുതൽ 2014 വരെയാണിത്. വരുമാനത്തേക്കാൾ മൂന്നിരട്ടി സ്വത്താണ് സൂരജ് സമ്പാദിച്ചത്. തിരുവനന്തപുരം, തൃശൂർ കൊച്ചി, ഇടുക്കി ജില്ലകളിൽ ഫ്ലാറ്റ്, കൊച്ചിയിൽ വില്ല, കോടികൾ വിലമതിക്കുന്ന ഭൂമി, ഗോഡൗൺ എന്നിവയും സൂരജിനുണ്ട്. കേസിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ സൂരജിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.

ആഡംബര കാറുകളും മക്കളുടെയും ഭാര്യയുടെയും പേരിൽ ഭൂമിയും ഫ്‌ളാറ്റുകളും സൂരജ് സ്വന്തമാക്കി. സൂരജിന്റെ മൂന്ന് മക്കൾ ഉയർന്ന ഫീസ് നല്കി സ്വാശ്രയ കോളജുകളിലാണു വിദ്യാഭ്യാസം നടത്തിയത്. മംഗലാപുരത്ത് മക്കളുടെ പേരിൽ ആഡംബര ഫ്‌ളാറ്റുകളും കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന ഗോഡൗണുകളും ഭൂമിയുമുണ്ടെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്‌ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബർ 19-നാണ് വിജിലൻസ് സൂരജിന്റെ കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലെ വസതികളിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് സൂരജിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. കളമശേരി ഭൂമി തട്ടിപ്പ് കേസിലും സൂരജിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, സൂരജിനെ സാക്ഷിയാക്കിയാൽ മതിയെന്നായിരുന്നു സിബിഐയുടെ നിലപാട്.