- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോടിയിലേറെ രൂപ കിട്ടിയത് കൈക്കൂലിയായി തന്നെ; കമ്മിഷൻ തുക ലഭിച്ച കാര്യവും ലോക്കറിൽ സൂക്ഷിക്കുന്ന കാര്യവും സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നു; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളെ ശരിവെച്ച് വിജിലൻസും; തലവേദനയാകുന്നത് സർക്കാരിനും
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ സ്വപ്നക്ക് കിട്ടിയ കൈക്കൂലി പണം സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളെ ശരിവെച്ച് വിജിലൻസും. സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലിയാണെന്നാണ് വിജിലൻസിന്റെയും കണ്ടെത്തൽ. എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സാഹചര്യ തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നു. കമ്മിഷൻ തുക ലഭിച്ച കാര്യവും ലോക്കറിൽ സൂക്ഷിക്കുന്ന കാര്യവും സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നു എന്നാണ് സ്വപ്ന വെളിപ്പെടുത്തിയിട്ടുള്ളത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് വിജിലൻസ് കണ്ടെത്തൽ.
തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് ഓഫീസർ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്ക് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ കൈക്കൂലി നൽകുന്നത് ഓഗസ്റ്റ് രണ്ടിനാണ്. കവടിയാർ വച്ചാണ് പണം കൈമാറിയത്. 3.80 കോടിയായിരുന്നു കമ്മിഷൻ. 1.50 കോടി ഇന്ത്യൻ രൂപയും ബാക്കി ഡോളറുമാണ് നൽകിയത്. ഈ തുക നാല് ദിവസം ഖാലിദ് കൈവശം വച്ചു. പിന്നീട് സ്വപ്നയെ വിളിച്ച് കമ്മിഷൻ തുക ലഭിച്ചതായി അറിയിച്ചു. കിട്ടിയ പണത്തിൽ ഒരു കോടിയിലേറെ പണം ഖാലിദ് സ്വപ്നയ്ക്ക് കൈമാറി. ആഗസ്റ്റ് അഞ്ചിനാണ് പണം സ്വപ്നയ്ക്ക് കിട്ടിയത്.
ആറാം തീയതി സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്ബിഐ ശാഖയിൽ ലോക്കർ തുറക്കുകയും അവിടെ പരമാവധി പണം നിക്ഷേപിക്കുകയും ചെയ്തു. ലോക്കർ നിറഞ്ഞതോടെ അന്നേ ദിവസം വൈകിട്ട് അഞ്ചരയോടെ ഫൈഡറൽ ബാങ്കിലും ലോക്കർ തുറക്കുകയും മിച്ചമുള്ള പണമെല്ലാം ആ ലോക്കറിൽ നിക്ഷേപിക്കുകയും ചെയ്തു. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലാണ് ലോക്കറുകൾ തുറക്കാനും പണം നിക്ഷേപിക്കാനും സ്വപ്നയെ സഹായിച്ചത്.
അഞ്ചാം തീയതി രാത്രി സരിത്തും സ്വപ്നയും ഖാലിദിന്റെ വീട്ടിലെത്തിയാണ് പണം കൈപ്പറ്റിയത്. എത്ര തുകയുണ്ടെന്നു സ്വപ്നയ്ക്കു അറിയില്ലായിരുന്നു. വലിയ സംഖ്യയാണെന്നും സൂക്ഷിച്ചു കൊണ്ടുപോകണമെന്നു ഖാലിദ് പറഞ്ഞു. ആറാം തീയതി ഉച്ചയ്ക്ക് ഒന്നര മണിക്കാണ് എസ്ബിഐ ലോക്കറിൽ സ്വപ്ന 64 ലക്ഷംരൂപ നിക്ഷേപിച്ചത്. നോട്ടുകൾ പൂർണമായി ലോക്കറിൽ വയ്ക്കാൻ കഴിയാത്തതിനാൽ തൊട്ടടുത്തുള്ള ഫെഡറൽ ബാങ്കിലേക്ക് പോകുകയായിരുന്നു. വൈകിട്ട് അഞ്ചരമണിയോടെ ലോക്കർ ഓപ്പൺ ചെയ്ത് 36.50 ലക്ഷം രൂപ അതിൽ വച്ചു. പണമിടപാട് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സ്വപ്ന വിജിലൻസിനു നൽകിയ മൊഴി. ലൈഫ് പദ്ധതിയിൽ കമ്മിഷൻ ലഭിക്കുന്നതിന് എല്ലാ സഹായവും ശിവശങ്കർ നൽകി. എന്നാൽ, കമ്മിഷൻ തുക ശിവശങ്കറിനാണെന്ന് നേരിട്ട് അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും സ്വപ്ന നിലപാടെടുത്തു.
ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്ന സുരേഷ് ശിവശങ്കറെ അറിയിച്ചിരുന്നു. തുടർന്ന് ശിവശങ്കറാണ് പണം കൈകാര്യം ചെയ്യാൻ തന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിന്റെ സേവനം സ്വപ്ന സുരേഷിന് ലഭ്യമാക്കിയത്. കേന്ദ്ര ഏജൻസികൾ നേരത്തെ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോൾ സംസ്ഥാന വിജിലൻസും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്.
ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ സെക്രട്ടേറിയറ്റിലെത്തി വിജിലൻസ് സംഘം മൊഴിയെടുത്തു. ശിവശങ്കറുമായി നടത്തിയ സ്വകാര്യ വാട്സാപ് ചാറ്റുകളുടെ വിവരങ്ങളും ശേഖരിച്ചു. ലൈഫ് മിഷൻ പദ്ധതികളുടെ വിവരങ്ങൾ കൈമാറാൻ ശിവശങ്കർ നിർദ്ദേശിക്കുന്ന സന്ദേശങ്ങളടക്കം വിജിലൻസ് ശേഖരിച്ചതായാണ് വിവരം. യു.വി.ജോസിനു മേലുദ്യോഗസ്ഥനെന്ന നിലയിൽ ശിവശങ്കറിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങേണ്ടിവന്നതായും ജോലിയിൽ വീഴ്ചവരുത്തിയതായും പരിശോധനയിൽ വിവരം ലഭിച്ചു.
മറുനാടന് ഡെസ്ക്