- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ പലതിലുമുള്ളത് ഭാര്യയുടെ പേര്; ആശ ഷാജിയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും; വീടുകളുടെ മൂല്യം തിട്ടപ്പെടുത്താൻ പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി വിജിലൻസ്; വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ വിദഗ്ധ ഉദ്യോഗസ്ഥരെയും സമീപിക്കും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിംലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് ഉടൻ നോട്ടീസ് നൽകും. ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഭൂരിഭാഗവും ആശയുടെ പേരിലുള്ളതെന്ന് വിജിലൻസ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ആശയെ ചോദ്യം ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം നടത്തുന്ന വിജിലൻസ് സംഘത്തെ കഴിഞ്ഞ ദിവസം വിപുലപ്പെടുത്തിയിരുന്നു.
അതേസമയം കെ എം ഷാജിയുടെ കണ്ണൂരെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി വിജിലൻസ് പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി. അന്വേഷണോദ്യോഗസ്ഥൻ വിജിലൻസ് ഡിവൈഎസ്പി ജോൺസണാണ് അപേക്ഷ നൽകിയത്. രണ്ട് വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ സർക്കാരിന് കീഴിലെ വിദഗ്ദനെയും സമീപിക്കും.
നാലര മണിക്കൂറാണ് ഷാജിയെ വിജിലൻസ് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. പണത്തിന്റെ കുറച്ച് രേഖകൾ കൂടി ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്ന് ഷാജി വിജിലൻസിനെ അറിയിച്ചു. പിടിച്ചത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകൾ ഹാജരാക്കിയെന്നും ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിന് ശേഷം തനിക്കെതിരെ നിരവധി വ്യാജപ്രചരണങ്ങളാണ് ചിലർ നടത്തുന്നതെഷാജിയുടെ പ്രതികരണം.
ഷാജിയുടെ കോഴിക്കോട്ടയും കണ്ണൂരിലേയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ വിട്ടുകിട്ടാൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കുമെന്നാണ് വിവരം. സ്വത്തുക്കൾ സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ ഷാജിക്ക് വിജിലൻസ് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
2011 2020 കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലൻസ് പ്രധാനമായും ഷാജിയിൽ നിന്നും തേടുക. എന്നാൽ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷാജി. മുസ്ലിംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ