കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ നടപടി പരിശോധിക്കുമെന്ന് വിജിലൻസ്. ഇബ്രാഹിംകുഞ്ഞിന്റെ നടപടി കേസിനെ ബാധിക്കുന്നതാണെങ്കിൽ നടപടിയെടുക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലൻസ് അറിയിച്ചു.

മമ്പുറം മഖാം സന്ദർശിക്കാനുള്ള ഇളവിന്റെ മറവിലാണ് ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞദിവസം പാണക്കാട്ട് എത്തിയത്. എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയിൽ വിചാരണ കോടതി ഇളവ് നൽകിയിരുന്നു. മമ്പുറം മഖാം സന്ദർശിക്കാൻ മാത്രമായിരുന്നു ഇളവ്. അത് ദുരുപയോഗിച്ചാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ അധ്യക്ഷൻ പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ മത്സരിച്ചേക്കും എന്ന വാർത്തകൾ ഉയർന്നിരുന്നു. മകനെ കളമശ്ശേരി മണ്ഡലത്തിൽ നിർത്തണമെന്ന ആവശ്യവുമായാണ് അദ്ദേഹം പാണക്കാടെത്തിയതെന്നാണ് വിവരം. പാണക്കാടെത്തിയ വിവരം വാർത്തയായതോടെ പെട്ടെന്ന് മടങ്ങുകയും ചെയ്തു.

പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിഗണിച്ച് ജില്ല വിടരുതെന്ന നിബന്ധനയോട് കൂടിയായിരുന്നു കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഇതിനിടെ മലപ്പുറം മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നാവശ്യവുമായി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. ഇത് പരിഗണിച്ചാണ് 10 മുതൽ 13 വരെ ദിവസങ്ങളിൽ എറണാകുളം ജില്ലയ്ക്ക് പുറത്ത് പോകുവാൻ കോടതി അനുമതി നൽകിയത്. എന്നാൽ മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ മാത്രമേ ഇളവ് ഉപയോഗക്കാവൂ എന്ന് കോടതി പ്രത്യേകം പരാമർശിച്ചിരിക്കെയാണ് അദ്ദേഹം വ്യവസ്ഥ ലംഘിച്ച് പാണക്കാടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയത്.