- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുതെ പത്രിക നൽകിയതെന്ന പ്രതീതിയുണ്ടാക്കി; മത്സരിക്കാൻ മണിയൻപിള്ള എത്തിയപ്പോൾ സാധ്യത തിരിച്ചറിഞ്ഞു; നോമിനേഷൻ പിൻവലിക്കാൻ സമ്മതം അറിയിച്ച് നൽകിയ അപേക്ഷയിൽ ഒപ്പിടാതെ പറ്റിച്ചത് താരരാജാവിനെ; പ്രചരണത്തിൽ പ്രൊഡ്യൂസറെ ചർച്ചയാക്കി തോൽപ്പിച്ചത് നിവിൻ പോളിയെ; 'അമ്മ'യിൽ സാക്ഷാൽ മോഹൻലാലിനെ വിജയ് ബാബു ചതിച്ച കഥ
കൊച്ചി: നടൻ വിജയ് ബാബുവിനെതിരെ പീഡന കേസ് ചർച്ചയാകുമ്പോൾ 'അമ്മ'യിലെ ഇലക്ഷൻ കാലത്തെ 'ചതി'യും ചർച്ചകളിലേക്ക്. മോഹൻലാലിന്റെ പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിച്ച മോഹൻലാലിനെ എല്ലാ അർത്ഥത്തിലും കബളിപ്പിക്കുകയായിരുന്നു അന്ന് വിജയ് ബാബു ചെയ്തത്. വിജയ് ബാബുവിൽ നിന്നൊരു ചതി മോഹൻലാൽ പ്രതീക്ഷിച്ചില്ലെന്നതാണ് വസ്തുത. അങ്ങനെ അമ്മയിൽ എക്സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവാണ് ഇപ്പോൾ പീഡന കേസിൽ കുടുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. വിജയ് ബാബുവിനെതിരേയും സമാന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
2021 ഡിസംബർ 19 നായിരുന്നു അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയൻപിള്ള രാജുവും 11 അംഗ എക്സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാൽ, നാസർ ലത്തീഫ് എന്നിവരുമായിരുന്നു വിമതനായി മൽസരിച്ചത്. മോഹൻലാൽ നേതൃത്വം നൽകുന്ന പാനലിന് മണിയൻപിള്ള രാജുവിനേയും ലാലിനേയും നാസർ ലത്തീഫിനേയും സ്വാധീനിക്കാനായില്ല. എന്നാൽ വിജയ് ബാബു അവരിൽ ഒരാളെ പോലെ നിന്നാണ് പത്രിക നൽകിയത്. എന്നാൽ മണിയൻ പിള്ളയെ പോലെ ജനകീയനായ ഒരാൾ വിമത സ്ഥാനാർത്ഥിയാകുന്ന സ്ഥിതി വന്നതോടെ മത്സര ചിത്രം മാറി. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് താര സംഘടനയിൽ വിജയ് ബാബു ജയിച്ചത്.
മത്സര ചിത്രം വ്യക്തമായപ്പോൾ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിൻവലിപ്പിക്കാനും ധൃതിപിടിച്ച ചർച്ചകൾ നടന്നിരുന്നു. പത്രിക പിൻവലിക്കാൻ വിജയ് ബാബു സമ്മതിച്ചു. അപേക്ഷയും നൽകി. എന്നാൽ പത്രികയിൽ ഒപ്പിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പത്രിക പിൻവലിക്കാൻ നൽകിയ അപേക്ഷ അംഗീകരിക്കാൻ വരണാധികാരിക്ക് കഴിഞ്ഞില്ല. അങ്ങനെ വിജയ് ബാബു മോഹൻലാലിനെ ഞെട്ടിച്ച് മത്സര രംഗത്ത് എത്തി. അട്ടിമറി വിജയം നേടുകയും ചെയ്തു. പ്രൊഡ്യൂസർ കൂടിയാണെന്ന പ്രചരണ തന്ത്രവുമായി വിജയ് ബാബു മത്സരിച്ചു. ജയിക്കുകയും ചെയ്തു.
പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പില്ലെന്ന കാരണത്താൽ വരണാധികാരി അത് തള്ളിയപ്പോഴും പ്രചരണത്തിൽ വിജയ് ബാബു ഉണ്ടാകില്ലെന്നായിരുന്നു മോഹൻലാലും കുട്ടരും കരുതിയത്. ഇതിനിടെ തന്റെ നിലപാട് പ്രഖ്യാപിച്ച് വിജയ് ബാബു മത്സരത്തിൽ തുടർന്നു. നടൻ സിദ്ദിഖ് പറഞ്ഞിട്ടാണ് താൻ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷൻ നൽകിയതെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. തന്റെ കോർപ്പറേറ്റ് അനുഭവങ്ങൾ അമ്മയുടെ വളർച്ചയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും വിജയ് ബാബു വിശദീകരിച്ചു. അങ്ങനെ സിദ്ദിഖിനും പണി കൊടുത്തു.
എല്ലാവരും വ്യക്തികളായാണ് മൽസരിക്കുന്നത്. അതിൽ കൂടുതൽ യോഗ്യരെന്ന് തോന്നുന്നവരെ അമ്മയിലെ അംഗങ്ങൾ തെരഞ്ഞെടുക്കുമെന്നും വിജയ് ബാബു പറഞ്ഞു. താൻ നോമിനേഷൻ പിൻവലിക്കുന്നതിനെ പറ്റി ചർച്ചകൾ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല. സംഘടനയിലേയ്ക്ക് ശക്തമായി മൽസരിക്കാൻ തന്നെയാണ് തീരുമാനം എന്നും പറഞ്ഞു. അങ്ങനെ വിമതന്മാർക്ക് കരുത്തു പകർന്നു. അമ്മയിലെ റിസൾട്ട് വന്നപ്പോൾ മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും ജയിച്ചു. നാസർ ലത്തീഫ് മാത്രമാണ് വിമതർക്കിടയിൽ തോറ്റത്.
നടൻ എന്നതിൽ ഉപരി മലയാളത്തിലെ പ്രധാന നിർമ്മതാവ് കൂടിയാണ് വിജയ് ബാബു എന്ന പ്രചരണം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. അങ്ങനെ വിജയ് ബാബുവും കൂട്ടരും ജയിച്ചപ്പോൾ ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്. ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തി.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു.
കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ സിദ്ധീഖ് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലെ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനെതിരെ മണിയൻ പിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ