കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവ് വിജയ് ബാബു ഒളിവിലുള്ള സ്ഥലം കണ്ടെത്തി പൊലീസ്. വിജയ് ബാബുവിന്റെ പങ്കാളിയുടെ ദുബായിലെ ഗസ്റ്റ് ഹൗസിലാണ് വിജയ് ബാബു ഉള്ളതെന്നാണ് നിഗമനം. കീഴടങ്ങാനുള്ള പൊലീസിന്റെ അന്ത്യശാസനം വിജയ് ബാബു തള്ളി. ചോദ്യംചെയ്യലിന് ഹാജരാകാൻ 19 വരെ സമയം നൽകണമെന്ന വിജയ് ബാബുവിന്റെ ആവശ്യം പൊലീസ് അംഗീകരിച്ചിരുന്നില്ല. എത്രയും വേഗം കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

പൊലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി. ഇപ്പോൾ എവിടെയാണുള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയിൽ ചെയ്തത്. അതേസമയം നടന് സാവകാശം നൽകാനാവില്ല എന്നാണ് പൊലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് നൽകിയ മറുപടിയിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ബിസിനസ് ടൂറിലുള്ള വിജയ് ബാബു ദുബായ് ഗസ്റ്റ് ഹൗസിന് പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട് ബിസിനസ്സ് പങ്കാളിയുടെ ദുബായിലെ ആഡംബ വീട്ടിൽ സുഖജീവിതത്തിലാണ് നടൻ. പലരും കാണാനും എത്തുന്നുണ്ട്. അതിനിടെ കീഴടങ്ങാൻ കൂട്ടാക്കിയില്ലെങ്കിൽ അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടാനാണ് പൊലീസ് തീരുമാനം. യുഎഇയിൽ നിന്നും നടൻ മുങ്ങിയേക്കുമെന്ന് പൊലീസിന് സംശയം ഉണ്ട്. വിജയ് ബാബു കൂടുതൽ സമയം തേടുന്നത് ഇതിന് വേണ്ടിയാണെന്നാണ് നിഗമനം.

നേരത്തെ ലൈംഗിക പീഡനക്കേസിൽ വിജയ് ബാബുവിനെ പുറത്താക്കാൻ കഴിയില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിന് എതിരായ ആഭ്യന്തര പരാതി പരിഹാരസമിതി റിപ്പോർട്ട് അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു നടി മാല പാർവതി സമിതിയിൽനിന്ന് രാജിവച്ചതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയത്. ഇത് താര സംഘടനയിൽ വലിയ ചർച്ചയായി. പിന്നീട് വലിയ പൊട്ടിത്തെറി ഇല്ലാതെ പരിഹരിക്കുകയും ചെയ്തു. വിജയ് ബാബുവിന് വീരപരിവേഷം ചിലർ അമ്മയിൽ നൽകുന്നുണ്ടെന്നാണ് സൂചന.

വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂട്ടിവിൽ നിന്ന് നീക്കണമെന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാർശ. എന്നാൽ വിജയ് ബാബു സ്വയം മാറിനിൽക്കുന്നതായാണ് അമ്മ വാർത്താക്കുറിപ്പിൽ കണ്ടത്. അത് അച്ചടക്ക നടപടിയാകില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും നടപടി അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാല പാർവതി രാജിവച്ചത്.

ഇക്കഴിഞ്ഞ 24-നാണ് ബലാത്സം?ഗക്കേസിൽ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് താരത്തിനെതിരെ പരാതിയുമായി രം?ഗത്തുവന്നത്. ഇതിൽ ആദ്യത്തെയാളുടെ പേര് വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയതിന്റെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. തന്നെ ചുംബിക്കാൻ ശ്രമിച്ചു എന്നാണ് രണ്ടാമത്തെയാൾ പറഞ്ഞത്. പരാതിക്കാരിയോടൊപ്പം ഇയാൾ ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. മാർച്ച് 13-മുതൽ ഏപ്രിൽ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസ് നേരത്തേതന്നെ ഉറപ്പിച്ചിരുന്നു.

വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധമെന്ന് മാലാപാർവതി. അതിനെതിരെ ഒരു നടപടിയുണ്ടാവേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പരാതി കിട്ടിയില്ലെങ്കിലും ഐ.സി.സിക്ക് പരിശോധിക്കാൻ അധികാരമുണ്ട്. വിജയ് ബാബു സ്വമേധയാ മാറിനിൽക്കുമെന്ന അമ്മയുടെ നിലപാട് ഒരു അച്ചടക്ക നടപടിയല്ല. ഐ.സി.സി ചെയർമാൻ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. രാജി വെയ്ക്കരുതെന്ന് തന്നോട് സുധീർ കരമന ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.

30-ാം തീയതി ഐ.സി.സി ഒരു യോ?ഗം ചേർന്നിരുന്നു. അഞ്ചുപേരാണ് ഇതിലുള്ളത്. ശ്വേതാ മേനോനാണ് ചെയർമാൻ. രചന നാരായണൻകുട്ടി, കുക്കുപരമേശ്വരൻ, അഡ്വ.അനഘ എന്നിവരാണ് എന്നേക്കൂടാതെ കമ്മിറ്റിയിലുള്ളത്. കഴിഞ്ഞദിവസം വൈകീട്ട് ഒരു വാർത്താക്കുറിപ്പ് കാണാനിടയായി. അതിൽ വിജയ് ബാബു സ്വമേധയാ താത്ക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഉണ്ടായിരുന്നത്. അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് അതിലില്ല. അതൊരു അച്ചടക്ക നടപടിയല്ല. സമൂഹത്തിലേക്ക് അത് നൽകുന്ന സന്ദേശം ശരിയായതാണോ എന്ന് സംശയിക്കുന്നു. അവർ പറഞ്ഞു.

എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ താഴെയുള്ള സംവിധാനമല്ല ഐ.സി.സി. അതുകൊണ്ട് ഐ.സി.സിയിൽ ഇരുന്നുകൊണ്ട് ആ തീരുമാനത്തെ അം?ഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെ തുടരാൻ സാധിക്കുന്നില്ല. അമ്മയിൽ നിന്ന് രാജിവെക്കുന്നില്ല. അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അമ്മയിൽ ഉറച്ചുനിൽക്കുന്നു. ഒരു കുറ്റകൃത്യം ചെയ്തയാൾ താരസംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കാൻ പാടില്ല. അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റണമെന്ന ആവശ്യമാണ് ഐ.സി.സി ഉന്നയിച്ചതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.