കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ്ബാബുവിന് ഇനി കീഴടങ്ങേണ്ടി വരും. സാമ്പത്തികമായും വിജയ് ബാബുവിനെ പൂട്ടുകയാണ് കൊച്ചി പൊലീസ്. മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നീട്ടിവച്ചതോടെ പൊലീസ് ശക്തമായ ഇടപെടൽ തുടങ്ങി. വിജയ് ബാബുവിനെ പിടികൂടാൻ ഉടൻ ഇന്റർപോളും സജീവമാകും. ദുബായിലുണ്ടെന്ന് കരുതുന്ന സിനിമാക്കാരന് പ്രതിസന്ധി കൂടുകയാണ്. വിജയ് ബാബുവിന്റെ ഒടിടി മോഹങ്ങളും ഇനി നടക്കില്ല.

വിജയ് ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോർണർ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചു. ഇതോടെ ഇന്റർപോളിന്റെ വെബ്‌സൈറ്റിൽ വിജയ്ബാബുവിന്റെ ഫോട്ടോ അടക്കം കേസിന്റെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെടും. അതു കഴിഞ്ഞാൽ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാനും കഴിയില്ല. ദുബായിൽ കേരളാ പൊലീസ് വിജയ് ബാബുവിനെ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയ് ബാബുവിന് ഇപ്പോൾ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്തു പോലും ഇറങ്ങാനാകില്ല.

റെഡ്‌കോർണർ നോട്ടിസ് പുറത്തുവന്നാൽ നിയമപരമായി വിജയ്ബാബുവിനെ പിടികൂടി ദുബായ് പൊലീസ് ഇന്ത്യയിലേക്കു മടക്കി അയയ്ക്കും. ഇതു മുൻകൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറിൽ ഏർപ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്കു വിജയ്ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് ദുബായിലും പൊലീസ് നിരീക്ഷണം. ദുബായിൽ നിന്ന് അതീവരഹസ്യമായി വിജയ് ബാബു മുങ്ങിയാൽ അത് പൊലീസിന് തിരിച്ചടിയാകും. അതുകൊണ്ടാണ് കൂടുതൽ കുരുക്കുകൾ വിജയ് ബാബുവിന് ഒരുക്കുന്നത്.

പൊലീസിന്റെ പുതിയ നീക്കം വിജയ്ബാബു പങ്കാളിയായ ഒടിടി ചിത്രങ്ങളെയും പ്രതികൂലമായി ബാധിക്കും. വിദേശ മുതൽമുടക്കുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്ത്രീപീഡനക്കേസിലെ പ്രതികൾക്കു പങ്കാളിത്തമുള്ള സിനിമകൾ വിലയ്ക്കു വാങ്ങി പ്രദർശിപ്പിക്കാറില്ല. ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ഒടിടി കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾക്കും വിദേശ ഉടമകൾക്കും വാറന്റിന്റെ പകർപ്പ് കൈമാറാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇതും പൊലീസ് ഉടൻ ചെയ്യും.

സഹോദരൻ പ്രതിയായ ഗാർഹിക പീഡനക്കേസിൽ കൂട്ടുപ്രതിയാക്കപ്പെട്ട ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖിക്കു ജാമ്യം ലഭിച്ചിട്ടു പോലും സമാന സാഹചര്യം നേരിട്ടിരുന്നു. കോടതി നവാസുദ്ദീനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് അദ്ദേഹം പങ്കാളിയായ സിനിമകൾ വാങ്ങാൻ ഒടിടി കമ്പനികൾ തയാറായത്. വിജയ് ബാബുവിനും ഇതേ അവസ്ഥ വരും. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയാണ് വിജയ് ബാബുവിനെ കാത്തിരിക്കുന്നത്. ഒടിടിയുടെ സാധ്യതകൾ മലയാളത്തിൽ ആദ്യം തിരിച്ചറിഞ്ഞതും നേട്ടമുണ്ടാക്കിയതും വിജയ് ബാബുവായിരുന്നു. ഇതിന്റെ പേരിൽ തിയേറ്റർ ഉടമകളുമായി പ്രശ്‌നം പോലും ഉണ്ടായി.

വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിജയ് ബാബുവിന്റെ സിനിമ നിർമ്മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുക. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയിൽ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പരാമർശമുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമ്മാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചു ചെയ്തതിന്റെ തെളിവുകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.

മുമ്പ് സൂര്യാ ടിവിയിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നുവെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീട് വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായി. വിജയ് ബാബുവിനെതിരെ ഇവർ തെളിവ് നൽകിയതുമില്ല. ഇതോടെ സൂര്യാ ടിവി അധികാരികൾ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.

നിലവിൽ വിദശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനായി തെരച്ചിൽ നടക്കുകയാണ്. അറസ്റ്റുചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായിൽ ഇരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയ ഗുൽഷനാണെന്ന് ഏവർക്കും അറിയാം. ഈ ഗുൽഷൻ വിചാരിച്ചാൽ പോലും രക്ഷപ്പെടുത്താൻ കഴിയാത്ത വിധം വിജയ് ബാബുവിനെ പൂട്ടാനാണ് പൊലീസ് നീക്കം.

പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യർത്ഥനയാണ് റെഡ് കോർണർ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാൻ സിറ്റി പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചു. വിജയ് ബാബുവിന് സിറ്റി പൊലീസ് ഇ-മെയിലിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കീഴടങ്ങാൻ തയാറായില്ല. പകരം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി.

18ന് മധ്യവേനലവധിക്കുശേഷമേ ഹൈക്കോടതി വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി പരിഗണിക്കൂ. ഹരജിയിൽ തീരുമാനം വരാൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണസംഘത്തിന് പ്രതീക്ഷയില്ല.