- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി പൊലീസിന്റെ വാറണ്ട് അതിവേഗം ഇന്റർപോളിന് കൈമാറി വിദേശകാര്യ മന്ത്രാലയം; ഞെടിയിടയിൽ യുഎഇ പൊലീസിനും നടനെ പൊക്കാനുള്ള ഉത്തരവ് കിട്ടി; ഇന്റർപോളിനെ സോപ്പിട്ട് അറസ്റ്റ് ഒഴിവാക്കാനും സിനിമാക്കാരന്റെ നീക്കം; ജാമ്യ ഹർജിയിലെ കാലാതാമസത്തിൽ ന്യായം കണ്ടെത്തി നീക്കം; വിജയ് ബാബുവിനെ തേടി ദുബായ് പൊലീസ്
കൊച്ചി: ഇൻർപോളിനേയും സോപ്പിടാൻ നീക്കവുമായി വിജയ് ബാബു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ പൊലീസിനു മുന്നിൽ വിജയ് ബാബു ഹാജരാകില്ല. ദുബായിലെ ആ ഗസ്റ്റ് ഹൗസിൽ തന്നെ വിജയ് ബാബു ഒളിവിൽ തുടരും.
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറി. ഇന്റർപോൾ ആണ് വാറണ്ട് കൈമാറിയത്. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി. കൊച്ചി സിറ്റി പൊലീസ് നൽകിയ അപേക്ഷയിലാണ് നടപടി. നടൻ ദുബൈയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വിജയ് ബാബുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഇന്റർപോൾ വഴി യു.എ.ഇ പൊലീസിന് കൈമാറിയത്.
ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലെങ്കിലും കോടതി തീരുമാനം വന്നശേഷമേ സാധാരണ പൊലീസ് അറസ്റ്റിനു മുതിരാറുള്ളൂവെന്ന കാരണത്താലാണു ഒളിവിൽതന്നെ കഴിയാനുള്ള നിർദ്ദേശമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കേരളാ പൊലീസിന്റെ നീക്കങ്ങളെ അതിജീവിക്കാനും ശ്രമമുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടി ഇന്റർപോളിനു മറുപടി നൽകാനും വിജയ്ബാബു ഉദ്ദേശിക്കുന്നുണ്ട്. തന്റെ ഹർജിയിൽ കോടതിയുടെ തീർപ്പുണ്ടാകുംവരെ നടപടി പാടില്ലെന്നാണു വിജയ് ബാബുവിന്റെ ആവശ്യം.
തന്നെ കുറ്റക്കാരനായി ഒരു കോടതിയും കണ്ടെത്തിയിട്ടില്ല. പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമായാണ്. നിശ്ചിത തിയതിക്കുള്ളിൽ താൻ പൊലീസിനു മുന്നിൽ ഹാജരാകാമെന്നു അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടപടി പാടില്ലെന്നു ഇന്റർപോളിനെ അറിയിക്കാനാണു വിജയ് ബാബു ഒരുങ്ങുന്നത്. മാത്രമല്ല, തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകുന്നതിനു സമയം വേണമെന്നു ആവശ്യപ്പെട്ടതു പ്രോസിക്യൂഷനാണെന്നാണു വിജയ് ബാബുവിന്റെ വാദം.
ഒരു മാസത്തെ സമയമാണു അനുവദിച്ചത്. ഹർജി മാറ്റിയതു പൊലീസിന്റെ ആവശ്യപ്രകാരമായതിനാൽ, അതിനു മുമ്പായി അറസ്റ്റ് ചെയ്യുന്നതിൽ സാങ്കേതിക തടസവുമുണ്ടെന്ന വാദവും ശക്തമാണ്. ഇതോടെ വിജയ് ബാബുവിന് വേണ്ടി ചില പൊലീസുകാർ കരുക്കൾ നീക്കിയോ എന്ന സംശയവും ശക്തമാണ്. ഇരയെ സ്വാധീനിക്കാനുള്ള നീക്കം നടൻ നടത്തുന്നതായും റിപ്പോർട്ടുണ്ട്. അങ്ങനെ കേസ് തേച്ചു മാച്ചു കളയാനാണോ ശ്രമമെന്ന സംശയമാണ് ഉയരുന്നത്. ഇന്റർപോളിനും മറ്റും പൊലീസ് നോട്ടീസ് നൽകുന്നതും പരാതിക്കാരിയെ പറ്റിക്കാനാണോ എന്നാണ് ഉയരുന്ന ചോദ്യം.
അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതൽ പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിൽ പരാതിക്കാരിയെ പൊലീസ് കണ്ടെത്തുമെന്നും അറിയിച്ചു. എന്നാൽ എഫ് ഐ ആർ ഇട്ടില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഈ കേസിലും അന്വേഷണം നടന്നിരുന്നുവെങ്കിൽ അതും വിജയ് ബാബുവിന്റെ അറസ്റ്റിന് എളുപ്പമാകുമായിരുന്നു. ഇതും പൊലീസ് ചെയ്യാത്തതും ദുരൂഹമാണ്. കൈയിലുള്ള തെളിവുകളിലൂടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നേടാനാകും വിജയ് ബാബു ശ്രമിക്കുക.
വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് കൈമാറിയ സാഹചര്യത്തിൽ യു.എ.ഇ സുരക്ഷാ വിഭാഗം പ്രതിക്കെതിരെ ഉടൻ നടപടി ആരംഭിക്കുമെന്നാണ് സൂചന ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കെ, യു.എ.ഇയിൽ തുടരുക പ്രതിക്ക് എളുപ്പമല്ല. യു.എ.ഇയിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി കൂടുതൽ സങ്കീർണമാകും.
മറുനാടന് മലയാളി ബ്യൂറോ