കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നൽകി. നാലു ദിവസം കഴിഞ്ഞാൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരും. അതിന് മുമ്പ് അറസ്റ്റ് ഉറപ്പിക്കാനാണ് നീക്കം. വിജയ് ബാബു ദുബായിലുണ്ടെന്നാണ് കേരളാ പൊലീസിന്റെ നിഗമനം.

വിജയ് ബാബുവിന്റെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് ഇഇയാൾക്കായി നേരത്തെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. ഇതോടെയാണ് അന്വേഷസംഘത്തിന്റെ പുതിയനീക്കം. എംബസി നിർദ്ദേശം ഇന്റർപോളിന് ലഭിച്ചാൽ പ്രതിക്കെതിരേ റെഡ് കോർണർ നോട്ടീസ് ഇറക്കാനാകും. കഴിഞ്ഞ ആഴ്ച തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള കോടി വാറണ്ട് ദുബായ് പൊലീസിന് നൽകിയിരുന്നു.

അതിനിടെ, ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ് വിജയ് ബാബു. 18ന് ആണ് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതുവരെ ഒളിവിൽ തുടരുകയാണ് ഇയാളുടെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് കൊച്ചി പൊലീസ് എംബസിയെ സമീപിക്കുന്നത്. കഴിഞ്ഞ 22ന് ആണ് വിജയ് ബാബുവിനെതിരേ പരാതിയുമായി യുവനടി രംഗത്തെത്തിയത്. പൊലീസിൽ ഇതുസംബന്ധിച്ചു നടി പരാതി നൽകിയതിനു പിന്നാലെ ഗോവയിലേക്കു കടന്ന ഇയാൾ അവിടെനിന്നു ബംഗളൂരുവിലെത്തി ദുബായിലേക്കു കടക്കുകയായിരുന്നു. 24ന് രാജ്യം വിട്ടു.

കീഴടങ്ങാനുള്ള പൊലീസിന്റെ അന്ത്യശാസനം വിജയ് ബാബു തള്ളിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ 19 വരെ സമയം നൽകണമെന്ന വിജയ് ബാബുവിന്റെ ആവശ്യം പൊലീസ് അംഗീകരിച്ചിരുന്നില്ല. പൊലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി. ഇപ്പോൾ എവിടെയാണുള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയിൽ ചെയ്തത്. അതേസമയം നടന് സാവകാശം നൽകാനാവില്ല എന്നാണ് പൊലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് നൽകിയ മറുപടിയിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ബിസിനസ് ടൂറിലുള്ള വിജയ് ബാബു ദുബായ് ഗസ്റ്റ് ഹൗസിന് പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട് ബിസിനസ്സ് പങ്കാളിയുടെ ദുബായിലെ ആഡംബ വീട്ടിൽ സുഖജീവിതത്തിലാണ് നടൻ. പലരും കാണാനും എത്തുന്നുണ്ട്. ഇക്കഴിഞ്ഞ 24-നാണ് ബലാത്സം?ഗക്കേസിൽ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് താരത്തിനെതിരെ പരാതിയുമായി രം?ഗത്തുവന്നത്. ഇതിൽ ആദ്യത്തെയാളുടെ പേര് വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയതിന്റെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. തന്നെ ചുംബിക്കാൻ ശ്രമിച്ചു എന്നാണ് രണ്ടാമത്തെയാൾ പറഞ്ഞത്.

പരാതിക്കാരിയോടൊപ്പം ഇയാൾ ആഡംബര ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. മാർച്ച് 13-മുതൽ ഏപ്രിൽ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസ് നേരത്തേതന്നെ ഉറപ്പിച്ചിരുന്നു. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധമെന്ന് മാലാപാർവതി അടക്കം പ്രതികരിച്ചിരുന്നു.