കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർജാമ്യം കിട്ടാൻ വൈകുന്ന സാഹചര്യം തിരിച്ചറിഞ്ഞ് സിനിമാക്കാരൻ വിജയ് ബാബു ദുബായിൽ നിന്നും മുങ്ങി. ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നു എന്നാണ് സൂചന. പീഡിപ്പിച്ച നടിയുടെ പേരു പറഞ്ഞ് വിജയ് ബാബു ലൈവിട്ടിരുന്നു. അതുകൊണ്ട് തന്നെ പീഡന കേസിൽ ജാമ്യം കിട്ടാൻ സാധ്യത കുറവാണ്. ഇതിനിടെ പാസ്‌പോർട്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ഇതോടെയാണ് സുരക്ഷിത ഒളിത്താവളം തേടി വിജയ് ബാബു ജോർജിയയിൽ എത്തുന്നത്. ജോർജിയയിൽ നിന്ന് കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇന്ത്യയുമായി ഇല്ലാത്ത ഒരു രാജ്യത്തേക്ക് വിജയ് ബാബു കടക്കുമെന്നും വിലയിരുത്തലുണ്ട്.

ഇന്ത്യയിൽ നിന്നും പാസ്പോർട്ടില്ലാതെ രാജ്യം വിട്ട ആൾദൈവം നിത്യാനന്ദ സ്വന്തമായി പാസ്പോർട്ടുള്ള ഒരു രാജ്യം തന്നെ ആരംഭിച്ചിരുന്നു. ആ രാജ്യത്തെ കൗതുകമുള്ള വിശേഷങ്ങളും ഓരോന്നായി ചർച്ചയായിരുന്നു. രാജ്യത്തെ നിയമത്തെയും പൊലീസിനെയും ഒക്കെ നോക്കുകുത്തിയാക്കി ഇയാൾ രാജ്യം കടന്നു. തൊട്ടുപിന്നാലെ ഒരു ദ്വീപ് വാങ്ങി അതിനെ ഹിന്ദുരാജ്യമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് നിത്യാനന്ദ. മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയത്.

കലാസ എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്‌സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടിരുന്നു. ഇത്തരമൊരു സ്ഥലത്തേക്ക് പോകാനാണ് വിജയ് ബാബു പദ്ധതിയിടുന്നതെന്നാണ് സൂചന. ജോർജിയയിൽ നിന്നും ആഫ്രിക്കയിലേക്കോ ലാറ്റിൻ അമേരിക്കയിലേക്കോ മുങ്ങാനാണ് പദ്ധതിയെന്നും വിലയിരുത്തലുണ്ട്. ഈ സാഹ്ചര്യത്തിലാണ് നിത്യാനന്ദയുടെ രാജ്യത്തേക്കുള്ള യാത്രയും പൊലീസ് സംശയിക്കുന്നത്. അങ്ങനെ വന്നാൽ വിജയ് ബാബുവിനെ നാട്ടിൽ തിരിച്ചെത്തിക്കുക അസാധ്യമാകും. ഫ്രൈഡ് ഫിലിം ഹൗസിന്റെ സിനിമകളും പ്രതിസന്ധിയിലാകും.

നടിയെ ആക്രമിച്ച കേസിൽ കുടുങ്ങിയ വിജയ് ബാബുവിന്റെ പാസ് പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടക്കാൻ തീരുമാനിക്കുകയായിരുന്നു. പാസ്‌പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാൽ ഇതിനിടയിൽ പാസ്‌പോർട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായിൽ തങ്ങുന്നതു നിയമ വിരുദ്ധമാകും.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകർ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ അറിയിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചിരുന്നു. യാത്രാരേഖ റദ്ദായ സാഹചര്യത്തിൽ ഏതുരാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിത്യാനന്ദയുടെ രാജ്യത്തേക്ക് വിജയ് ബാബു കടക്കുന്നതിനുള്ള സാധ്യതയും ചർച്ചയാകുന്നത്.

ഏത് രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്ന വിവരം ഇപ്പോൾ പുറത്തുപറയാൻ സാധിക്കില്ലെന്നും പാസ്പോർട്ട് റദ്ദാക്കിയ വിവരം ആ രാജ്യത്തെ എംബസിയേയും അറിയിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു. ജോർജിയയാണ് ഈ രാജ്യം. ഇവിടെ നിന്ന് നിത്യാനന്ദയുടെ അടുത്തേക്ക് വിജയ് ബാബു എത്തില്ലെന്ന് ഉറപ്പിക്കാനാണ് ഇപ്പോൾ പൊലീസ് നീക്കം. ബിസിനസ് ടൂറിലാണെന്നും മെയ്‌ 24ന് തിരിച്ചെത്തുമെന്നുമാണ് പാസ്പോർട്ട് ഓഫീസറുടെ നോട്ടീസിന് വിജയ് ബാബു മറുപടി നൽകിയത്. ആ തീയതിക്കുള്ളിലും അദ്ദേഹം നാട്ടിലെത്തിയില്ലെങ്കിൽ അടുത്ത നടപടിയായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുമെന്നും കമ്മീഷർ പറഞ്ഞു.

മെയ്‌ 19ന് ഹാജരാകുമെന്നാണ് വിജയ് ബാബു പൊലീസിന് നേരത്തേ അയച്ച മെയിലിൽ വ്യക്തമാക്കിയിരുന്നത്. അതിൽ വീഴ്ച വരുത്തിയതിനാലാണ് കഴിഞ്ഞ ദിവസം പാസ്പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയത്. കൊച്ചി സിറ്റി പൊലീസ് നൽകിയ അപേക്ഷയെത്തുടർന്നായിരുന്നു നടപടി.