- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നിന്ന് വിജയ് ബാബു വിമാനം കയറിയില്ലെന്ന് സൂചന; എത്തുമെന്ന പ്രതീക്ഷയിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് സന്നാഹവും കാത്തു നിൽപ്പിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ ദുബായിൽ പോയി അറസ്റ്റിന് കൊച്ചി പൊലീസ്; ഇരയുടെ പേരു പറഞ്ഞ് വെല്ലുവിളി നടത്തിയ അഹങ്കാരത്തിന് തിരിച്ചടി; വിജയ് ബാബു ഇനി കേരളത്തിലെത്തുമോ?
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ, വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു നാട്ടിലേക്കു മടങ്ങില്ലെന്ന് സൂചന. മുൻകൂർ ജാമ്യ ഹർജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം വിജയ് ബാബു ഇന്നാണു മടങ്ങിയെത്തേണ്ടത്. എന്നാൽ വിജയ് ബാബു ഇന്ന് എത്തില്ലെന്നാണ് സൂചന. എത്തിയാൽ ഉടൻ അറസ്റ്റിലാകുമെന്ന ആശങ്കയാണ് ഇതിന് കാരണം.
മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രമാണു വിമാനടിക്കറ്റെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം. പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതിനു പുറമേ വിജയ്ബാബുവിനെതിരെ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ വിജയ്ബാബുവിനെ വിമാനത്താവളത്തിൽ വച്ചു തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാം. ഈ സാഹചര്യത്തിൽ വിജയ്ബാബു ഇന്നു നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കാനാണു സാധ്യതയെന്ന് പൊലീസും തിരിച്ചറിയുന്നു. അങ്ങനെ യാത്ര റദ്ദാക്കിയാൽ അത് കോടതി ഗൗരവത്തോടെ എടുക്കും. മുൻകൂർ ജാമ്യ ഹർജി തള്ളുകയും ചെയ്യും.
ജാമ്യ ഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്താമെന്ന് നടൻ വിജയ്ബാബു ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. കേസെടുത്തത് അറിയാതെയാണ് ദുബായിലേക്ക് പോയതെന്നും വിജയ് ബാബു മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ കോടതിയെ അറിയിച്ചു. എന്നാൽ, കേസെടുക്കുമെന്നുകണ്ട് മുങ്ങിയതാണെന്നും പരാതിക്കാരിയുടെ അമ്മയെ വിളിച്ച് വിജയ്ബാബു ഭീഷണിപ്പെടുത്തിയെന്നും സർക്കാർ അറിയിച്ചു. കേസിൽ ഹൈക്കോടതിയിൽ വാദം തുടരവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇത് വിജയ് ബാബുവിന് കുടുക്കായി മാറി.
ഇതിനിടെ വിജയ് ബാബു 30-ന് കൊച്ചിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കോടതി നിർദ്ദേശം കൂടി പരിഗണിച്ചാവും തുടർ നടപടി. അറസ്റ്റ് ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. ഇതിന് പുറമെ വിജയ്ബാബുവിന് സഹായം നൽകിയവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സിനിമാക്കാരടക്കം സഹായങ്ങൾ ചെയ്തിട്ടുണ്ട്. ക്രിഡിറ്റ് കാർഡ് അടക്കം ദുബായിൽ എത്തിച്ച നടനേയും ചോദ്യം ചെയ്യും. വിവാഹ മോചിതയായ നടിയിലേക്കും അന്വേഷണം നീളും.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്താമെന്ന് വ്യക്തമാക്കി യാത്രാ രേഖകൾ സമർപ്പിച്ചതോടെയാണ് കോടതി വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഇതിന്മേൽ വാദം തുടകരുകയാണ്. ഇതിനിടെയാണ് മുപ്പതിന് തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നാണം കെട്ട് തൊലിയുരിഞ്ഞ മലയാള സിനിമാ ലോകത്തെ വീണ്ടും നാണം കെടുത്തുന്നതാണ് നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതി. നിരവധി സിനിമകളിൽ നായികാ വേഷം അടക്കം ചെയ്തിട്ടുള്ള കോഴിക്കോട്ടുകാരിയായ നടിയാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. സിനമികളിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാണ് യുവനടിയുടെ പരാതി.
അർദ്ധരാത്രിയിൽ ഫേസ്‌ബുക്ക് ലൈവിലെത്തി പരാതിക്കാരിയായ നടിയുടെ പേരടക്കം വെളിപ്പെടുത്തി അപമനാച്ചുകൊണ്ടാണ് വിജയ് ബാബു രംഗത്ത് എത്തിയത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. തനിക്കെതിരായ ആരോപണം നിഷേധിച്ച വിജയ് ഈ കേസിൽ താൻ പ്രതിയല്ല ശരിക്കും ഇരയാണെന്നുമാണ് പ്രതികരിച്ചത്. അതേസമയം സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് വിജയ് ബാബുവിനെതിരായ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. അതിരുകടന്ന ആത്മവിശ്വാസത്തോടെയാണ് വിജയ് ബാബു രംഗത്ത് എത്തിയത്. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. ഇതെല്ലാം ഇപ്പോൾ വിനയായി മാറി.
മറുനാടന് മലയാളി ബ്യൂറോ