കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന, വിജയ് ബാബുവിനെതിരായ കേസിൽ നടൻ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്‌തെന്ന സംശയത്തിലാണ് നടപടി. വിജയ് ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചേക്കും. ദുബായിൽ നിന്ന് മടങ്ങിയെത്തിയ വിജയ് ബാബു കേസുമായി സഹകരിച്ച സാഹചര്യമാണ് അനുകൂലമാകുന്നത്. കേസിൽ സൈജു കുറപ്പ് പ്രതിയാകില്ല.

വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നൽകി. ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.വിജയ് ബാബുവിന്റെ ഭാര്യ ദുബായ് യാത്രയിൽ വിജയുടെ ക്രെഡിറ്റ് കാർഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നൽകിയത്. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതെന്നും സൈജു കുറുപ്പ് അറിയിച്ചു. ഇത് പൊലീസും വിശ്വസനീയ മൊഴിയായാണ് കാണുന്നത്. യാത്രാ രേഖകളും സൈജു കുറുപ്പ് പൊലീസിനെ കാണിച്ചിട്ടുണ്ട്. ഇതും നടന് അനുകൂലമാകും.

സൈജു കുറുപ്പ് കേസിൽ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടു സഹായിച്ചതാണോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. അറിഞ്ഞുകൊണ്ടാണു സഹായിച്ചതെങ്കിൽ ഇവരെയും പ്രതി ചേർക്കാനായിരുന്നു ആലോചന. വിജയ് ബാബുവിന്റെ ഭാര്യ കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിൽ എത്തിച്ച ക്രെഡിറ്റ് കാർഡുകൾ നടൻ നെടുമ്പാശേരി വഴി ദുബായിൽ എത്തി കൈമാറിയെന്നാണു പൊലീസ് കണ്ടെത്തൽ. യുവനടിയുമായി വിജയ് ബാബു കൊച്ചിയിലെ ഹോട്ടലിൽ എത്തിയതിനു സാക്ഷികളായ ഗായകന്റെയും ഭാര്യയുടെയും മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.

ക്രെഡിറ്റ് കാർഡുവഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ സഹായിച്ചെന്ന് സൂചനയുള്ള മറ്റ് ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ വിളിപ്പിക്കുമെന്നാണ് വിവരം. വിജയ് ബാബുവിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോൺ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. സുഹൃത്തായ നടനുമായും മറ്റുള്ളവരുമായും വിജയ് ബാബു നടത്തിയ ചാറ്റുകളടക്കം ഫോൺ രേഖകൾ വീണ്ടെടുക്കാനാണ് ശ്രമം. ഇതും വിജയ് ബാബുവിനും സൈജു കുറുപ്പിനും നിർണ്ണായകമാകും.

പരിശോധന റിപ്പോർട്ട് ജൂൺ അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. നടിയുമായുള്ള സംഭാഷണങ്ങളടക്കം വീണ്ടെടുത്ത് പരിശോധിക്കും. ഇതുവരെ കേസിൽ സാക്ഷികളായ 30 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസിൽ ഇതുസംബന്ധിച്ച് അവർ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു ഇരയുടെ പേര് ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിദേശത്തേക്ക് കടന്ന പ്രതി 39 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിൽ തിരിച്ചെത്തിയത്. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തൽ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.

നടി നൽകിയ ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയാണ്. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയിൽ പറഞ്ഞു. ഇതേ തുടർന്നാണ് കോടതി ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്.