കൊച്ചി: യുവനടിയെ ബലാത്സംഗംചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് അതിവേഗ കുറ്റപത്രം നൽകും. ഇതോടെ കേസിൽ ജാമ്യം ഉറപ്പിക്കാൻ വിജയ് ബാബുവിന് കഴിയും. വിജയ് ബാബുവിനെ ഇന്നലെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫ്ളാറ്റിൽവെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയിൽ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പൊലീസ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ പൊലീസ് അടുത്തദിവസം സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ സുപ്രീംകോടതിക്ക് മുന്നിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു. എന്നാൽ അന്വേഷണവുമായി വിജയ് ബാബു സഹകരിക്കുന്നതിന് തെളിവായി ഇതെല്ലാം മാറും. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിലും നടന് ആശ്വാസം ഉണ്ടാകാനാണ് സാധ്യത ഏറെ. ദിവസങ്ങൾക്കുള്ളിൽ വിജയ് ബാബുവിനെതിരെ കുറ്റപത്രം നൽകാനാണ് നീക്കം.

പീഡനം നടന്ന ദിവസം ഫ്ളാറ്റുകളിൽ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ എന്നിവ അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്. മൂന്നാം തിയതി വരെ പൊലീസിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിനുള്ളിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസ് ശ്രമം. ഈ ഘട്ടം കഴിഞ്ഞാൽ പിന്നെ പൊലീസിന് കസ്റ്റഡിയിൽ വിജയ് ബാബുവിനെ ആവശ്യപ്പെടാൻ കഴിയില്ല. അത് ജാമ്യം ഉറപ്പിക്കാനും വഴിവയ്ക്കും.

വിജയ് ബാബു കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചതായി നേരത്തെ കൊച്ചി ഡിസിപി സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് കൂടുതൽ തെളിവുകൾ കോടതിയിൽ എത്തിക്കാനുള്ള നീക്കം പൊലീസ് ഊർജിതമാക്കിയതെന്ന് പൊലീസ് പറയുന്നു.
അഞ്ചാം ദിവസമാണ് കേസന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. മറൈൻഡ്രൈവിലെ ഫ്‌ളാറ്റിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലെ പരാമർശത്തെ തുടർന്നാണ് ഇവിടെ എത്തിച്ചത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.

നേരത്തേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നഗരത്തിലെ ഹോട്ടലിലും പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിലുമെത്തിച്ച് തെളിവെടുപ്പും നടത്തി. എല്ലാ നടപടികളുമായും വിജയ് ബാബു സഹകരിക്കുന്നുണ്ട്.