- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകി ബ്ലാക്ക് മെയിൽ ചെയ്യുന്നു; പുതിയ ചിത്രത്തിൽ അവസരം ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് യുവനടി പരാതി നൽകിയത്; മുൻകൂർജാമ്യഹർജിയിൽ വിജയ് ബാബുനവന്റെ വാദങ്ങൾ ഇങ്ങനെ; ഹർജി നാളെ പരിഗണിക്കും; നിർമ്മാതാവുമായുള്ള വെബ്‌സീരീസ് കരാറിൽ നിന്ന് പിന്മാറി ബഹുരാഷ്ട്ര കമ്പനിയും
കൊച്ചി: യുവനടിയെ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഏപ്രിൽ 29-ന് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടർന്ന് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.
ഹർജിയിൽ താൻ പീഡപ്പിച്ചില്ലെന്ന വാദമാണ് വിജയ് ബാബു ഉയർത്തുന്നത്. സിനിമാ രംഗത്തെ പകയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദങ്ങൾ.
അതേസമയം നടിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കി. പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോർജിയയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ.
ജോർജിയയിൽ ഇന്ത്യൻ എംബസിയില്ല. സമീപരാജ്യമായ അർമേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോർജിയയുടെയും ചുമതല. അർമേനിയൻ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം. ഈ നീക്കത്തിലൂടെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും പിടികൂടി നാട്ടിലെത്തിക്കാൻ സാധിക്കുമെന്നുമാണ് പൊലീസ് പ്രതീക്ഷ. വിജയ് ബാബു എത്രയുംപെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നൽകി.
മെയ് 24-നകം ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരേ നിലവിലുണ്ട്.പാസ്‌പോർട്ട് റദ്ദാക്കി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
അതിനിടെ കേസിന്റെ പശ്ചാത്തലത്തിൽ വെബ്‌സീരീസ് നിർമ്മിക്കാൻ വിജയ് ബാബുവുമായി ബഹുരാഷ്ട്ര കമ്പനി ഉണ്ടാക്കിയ കോടികളുടെ കരാർ റദ്ദാക്കിയതായാണ് വിവരം. വെബ്‌സീരീസിനു വേണ്ടി വിജയ്ബാബുവുമായി 50 കോടി രൂപയുടെ കരാറിലേർപ്പെട്ടിരുന്നത് ഒടിടി കമ്പനിയായിരുന്നു. മലയാള നടീനടന്മാരുടെ സംഘടനയായ 'അമ്മ' ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ട്.
മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോടു തിരക്കിയിട്ടുണ്ട്. സമാനമായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ നിർമ്മാതാവിന് ഇന്ത്യയിൽ തിരിച്ചെത്തിയെ മതിയാകൂ എന്നാണ് പൊലീസും കണക്കു കൂട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ