- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബു ദുബായിൽ നിന്നും മുങ്ങിയെന്ന് സൂചന; നടനെ പിടികൂടാൻ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ്; ഇന്റർപോൾ സഹായം തേടാൻ ആലോചിച്ച് ഡിജിപി; കൈയിലുണ്ടായിരുന്ന പ്രതിയെ വിദേശത്തേക്ക് പറഞ്ഞ് വിട്ട് കേരളാ പൊലീസ് തുടർ നടപടികളിലേക്ക്
കൊച്ചി: ബലാൽസംഗ കേസിൽ ഒളിവിൽ പോയ വിജയ് ബാബുവിനെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. നടൻ മുൻകൂർ ജാമ്യം തേടുന്നുവെന്ന റിപ്പോർട്ടിനിടെയാണ് ഇത്. ദുബായിലാണ് താനുള്ളതെന്നാണ് നടൻ പറയുന്നത്. തനിക്കെതിരെ പീഡന കേസ് കൊടുത്ത ഇരയെ സ്വാധീനിക്കാൻ ദുബായിലെ സുഹൃത്തുക്കൾ വഴി സമ്മർദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്. മുമ്പ് സാന്ദ്രാ തോമസും വിജയ് ബാബുവിനെതിരെ കേസ് കൊടുത്തിരുന്നു. അത് സമ്മർദ്ദത്തിലൂടെ പിൻവലിച്ചാണ് കേസൊഴിവാക്കിയത്. സമാനമായ മറ്റൊരു കേസും പിൻവലിച്ച് രക്ഷപ്പെട്ട ചരിത്രം വിജയ് ബാബുവിനുണ്ട്.
വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സർക്കലുറാണ് പുറത്തിറക്കിയത്. യുഎഇയിൽ വിജയ് ബാബു ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാനുള്ള സാധ്യതയും ഏറെയാണ്. ഗോവയിൽ നിന്ന് ദുബായിലേക്ക് വിജയ് ബാബു മുങ്ങിയതിന് പിന്നിൽ അറസ്റ്റ് ഭയം തന്നെയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതു കൊണ്ടു തന്നെ പീഡന കേസിൽ വിജയ് ബാബുവിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. അങ്ങനെ വന്നാൽ ഇന്റർപോൾ സഹായത്താൽ സിനിമാ നിർമ്മാതാവിനെ അറസ്റ്റു ചെയ്യാൻ നീക്കം നടത്തും. ഡിജിപി അനിൽ കാന്ത് കേസിൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അതിനിടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്താൽ എന്തു ചെയ്യണമെന്ന ചർച്ച താര സംഘടനയായ അമ്മയിലും തുടങ്ങിയിട്ടുണ്ട്.
22നാണ് പരാതി പൊലീസിന് കിട്ടിയത്. അന്നു തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നാൽ അതിന് പൊലീസ് ശ്രമിച്ചില്ല. അങ്ങനെയാണ് ഗോവയിൽ നിന്ന് വിജയ് ബാബു ദുബായിലേക്ക് പോയത്. ദുബായിൽ നിന്നും വിജയ് ബാബു സുരക്ഷിത കേന്ദ്രത്തിലേക്ക് മുങ്ങിയെന്നും സൂചനയുണ്ട്. പരാതി കിട്ടിയ ദിവസങ്ങളിൽ രാജ്യത്തുണ്ടായിരുന്ന വിജയ് ബാബുവിനെ പിടിക്കാൻ പൊലീസിന് ഏറെ അവസരം ഉണ്ടായിരുന്നു. അന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിൽ താരത്തിന് വിദേശത്തേക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല,
മുൻകൂർ ജാമ്യത്തിനായി മുതിർന്ന അഭിഭാഷകനുമായി വിജയ് ബാബു ആശയവിനിമയം നടത്തിയെന്നാണ് വിവരം. ഇവിടെ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. ഇതിനിടെയാണ് ലുക്ക് ഔട്ട് നോട്ടീസ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പീഡന പരാതിക്ക് പിന്നാലെ ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്‌ബുക്ക് ലൈവ്.
ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാൻ തീരുമാനിച്ചത്. ഫിലിപ് ആൻഡ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ വിജയ് ബാബു നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു കൊണ്ടാണ് വിജയ് ബാബു കോടതിയെ സമീപിക്കുക. നടിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും അത് തെളിയിക്കാനാവശ്യമായ തെളിവുകൾ പക്കലുണ്ടെന്നും വിജയ് ബാബു നേരത്തെ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ