- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരയുടെ പരാതി ശരിവയ്ക്കുന്ന തരത്തിൽ സിസിടിവി ദൃശ്യങ്ങൾ; നക്ഷത്ര ഹോട്ടലിലും ഫ്ളാറ്റിലും നടന്നതുകൊടിയ പീഡനം; ദുബായിലുള്ള വിജയ് ബാബു മുൻകൂർ ജാമ്യ ഹർജി നൽകിയാൽ അതിശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ; പ്രാഥമിക അന്വേഷണത്തിൽ മതിയായ തെളിവ് കിട്ടിയെന്ന് സമ്മതിച്ച് കമ്മീഷണറും; വിജയ് ബാബുവിനെ അഴിക്കുള്ളിലാക്കാൻ പൊലീസ്
കൊച്ചി: പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. നിർണായക തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വിജയ് ബാബു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചാൽ അതിനെ എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. നടന് മുൻകൂർ ജാമ്യം കിട്ടിയാൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്.
വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നൽകി. പീഡന ആരോപണം ഉയർന്നതിന് പിന്നാലെ നടൻ വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. വിജയ് ബാബു നിലവിൽ ദുബായിലാണെന്നാണ് സൂചന. കോഴിക്കോട് സ്വദേശിനിയായ നടിയെ പീഡിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തതിനും രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്തത്.
പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇനി കുറച്ച് സ്ഥലങ്ങളിൽ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും കമ്മീഷണർ പ്രതികരിച്ചു. പരാതിയിൽ 22-ാം തീയതി വിജയ്ബാബുവിനെതിരേ കേസെടുത്തു. സാമൂഹികമാധ്യമങ്ങളിൽ ഇരയെ അപമാനിക്കുന്നരീതിയിൽ സംസാരിച്ചതിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കഴിഞ്ഞദിവസം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചു. കേസിൽ പ്രാഥമിക അന്വേഷണവും തെളിവെടുപ്പുമെല്ലാം പൂർത്തിയാക്കി. ഇനി കുറച്ച് സ്ഥലങ്ങളിൽ തെളിവെടുപ്പുണ്ട്. പ്രഥമദൃഷ്ട്യാ ഈ കേസ് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രതി വിദേശത്തുനിന്ന് തിരിച്ചെത്തിയാൽ ഉടൻ പിടികൂടാനായാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കിൽ മറ്റുനടപടികളിലേക്ക് കടക്കും. നിലവിൽ ഇന്റർപോളിന്റെ സഹായമൊന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ല. ആവശ്യമെങ്കിൽ അത്തരം സഹായം തേടാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പൊലീസ് വിശദമായ തെളിവ് ശേഖരണം നടത്തിയിട്ടുണ്ട്. പീഡനം നടന്നതായി ആരോപിക്കുന്ന വിവിധയിടങ്ങളിലാണ് പൊലീസ് തെളിവ് ശേഖരണം നടത്തിയത്. ഇവിടെനിന്ന് സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചതായാണ് വിവരം.
2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ്ബാബു ലൈംഗികമായി ചൂഷണംചെയ്തെന്നും പലതവണ ബലാത്സംഗം ചെയ്തെന്നുമാണ് യുവനടിയുടെ പരാതി. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ച് സ്ത്രീകളെ കെണിയിൽ വീഴ്‌ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും ലഹരി നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും നടി വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ