കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായതോടെ വിജയ് ബാബു ദുബായിലേക്കു കടന്നത് ബാംഗ്ലൂരു വഴി. ദുബായിലിരുന്നായിരുന്നു ഇരയുടെ പേരു വെളിപ്പെടുത്തുന്ന ആ വീഡിയോ പോസ്റ്റ് ചെയ്തത്. 22നാണ് പരാതി നൽകിയത്. 24ന് തന്നെ വിജയ് ബാബു ദുബായിൽ എത്തിയെന്നാണ് പൊലീസ് പറയുന്നത്. 27നായിരുന്നു കേസിന്റെ വിവരങ്ങൾ പുറത്തു വന്നത്. അന്ന് ഗോവയിലുണ്ടെന്ന് വിജയ് ബാബു പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് പൊലീസ് പറയുന്നത്. വിജയ് ബാബുവിന്റെ പാസ് പോർട്ട് റദ്ദാക്കാനുള്ള നടപടികൾ പൊലീസ് എടുത്തേക്കും.

കീഴടങ്ങാതെ നടനു മറ്റു വഴികളില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. പരാതിയിൽ കഴമ്പുണ്ടെന്ന് ഓരോ നിമിഷവും തെളിയുന്നതായും കമ്മിഷണർ പറഞ്ഞു. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. അറസ്റ്റ് അനിവാര്യമാണെന്നും നാഗരാജു പറഞ്ഞു. വിജയ് ബാബുവിന്റെ ഫ്‌ളാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വിജയ് ബാബുവിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. സിനിമാ മേഖലയിൽനിന്നുള്ള ചില സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടത്തി. ഇതെല്ലം കേസിൽ നിർണ്ണായകമാണ്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചു. വിജയ് ബാബു പരാതിക്കാരിയായ യുവതിക്കൊപ്പം ആഡംബര ഹോട്ടലിലും ഫ്‌ളാറ്റിലും എത്തിയതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. കടവന്ത്രയിലെ ഹോട്ടലിലാണ് നടനും യുവ നടിയും എത്തിയത്. ഇനി കുറച്ച് സ്ഥലങ്ങളിൽ കൂടി പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. വിജയ് ബാബുവിന്റെ യാത്രാ രേഖകൾ, പാസ്‌പോർട്ട് എന്നിവയിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി എടുത്തു.

അതിനിടെ വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും പൊലീസിനു കൈമാറാമെന്നും വിജയ് ബാബു അഭിഭാഷകൻ മുഖേന അറിയിച്ചു. പൊലീസ് മാധ്യമങ്ങളുമായി ഒത്തു കളിക്കുകയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ അറസ്റ്റ് ചെയ്തു പ്രശ്‌നം തീർക്കാൻ ആണ് ശ്രമിക്കുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബു ആരോപിക്കുന്നു.

സിനിമയിൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് പരാതിക്കാരി താനുമായി അടുപ്പം സ്ഥാപിച്ചത്. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് പേജിൽ നടി എഴുതിയത് ഇങ്ങനെ:

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 - 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്‌സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ' എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.

ഒരു കാറിൽ വെച്ച് ഓറൽ സെക്‌സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്‌കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.

അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്‌നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.