കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടിൽ എത്തില്ല. യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ കോടതി നിലപാട് നിർണ്ണായകമാകും.

ജാമ്യ ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവിൽ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിക്കും. വിമാനത്താവളത്തിൽ എത്തിയാൽ പൊലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉഭയസമ്മതപ്രകാരമാണ്പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുള്ള വാട്‌സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്.

ഇന്നു രാവിലെ 9ന് ദുബായിൽ നിന്നു കൊച്ചിയിലേക്കെത്തുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ ടിക്കറ്റായിരുന്നു കോടതി നിർദ്ദേശപ്രകാരം വിജയ് ബാബുവിന്റെ അഭിഭാഷകർ ഹാജരാക്കിയത്. എന്നാൽ ഇന്നത്തെ ഇമിഗ്രേഷൻ ലിസ്റ്റിൽ വിജയ് ബാബുവിന്റെ പേരു കണ്ടെത്താനായില്ല. ഇന്ത്യൻ നിയമ സംവിധാനങ്ങളുടെ പരിധിയിൽ എത്തിയിട്ടു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു കോടതി നിലപാടെടുത്തതോടെയാണ് ഇന്നു കൊച്ചിയിലെത്തുമെന്നും ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചത്. എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് റിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം.

ടിക്കറ്റ് ഹാജരാക്കിയ പശ്ചാത്തലത്തിൽ കേസിൽ വാദം കേൾക്കാമെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകരുടെ നിർദ്ദേശപ്രകാരം വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയെന്നാണ് വിവരം. ഇന്നു കേസ് പരിഗണിക്കുമ്പോൾ അനുകൂല നിലപാട് ഉണ്ടാകുമോ എന്നു നോക്കിയ ശേഷം കോടതി നിർദ്ദേശിക്കുന്നതു പ്രകാരം കേരളത്തിലെത്താനാണ് വിജയ് ബാബുവിന്റെ തീരുമാനം. നേരിട്ടു പൊലീസിനു പിടികൊടുക്കുന്ന സാഹചര്യമുണ്ടായാൽ റിമാൻഡിലാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് നടപടി. ടിക്കറ്റ് റദ്ദാക്കിയ വിവരം വിജയ് ബാബുവിന്റെ അഭിഭാഷർ കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതി നിയമത്തിന്റെ മുന്നിൽ നിന്ന് ഒളിച്ചോടിയയാളാണെന്നും അറസ്റ്റ് അനിവാര്യമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസും കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയിൽ അവസരവും നൽകാത്തതിലുള്ള പ്രതികാരത്തിലുമാണ് പരാതി നൽകിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. ഇതു തെളിയിക്കുന്ന വാട്‌സാപ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

പാസ്‌പോർട്ട് റദ്ദാക്കുകയും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിലേക്കുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയതോടെയാണ് വിജയ് ബാബു കീഴടങ്ങാൻ തീരുമാനിച്ച് ജോർജിയയിൽ നിന്നു ദുബായിലെത്തിയത്. കോടതി നിർദ്ദേശപ്രകാരം പൊലീസിൽ കീഴടങ്ങുന്ന സാഹചര്യത്തിൽ അതിന്റേതായ പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്നത്തെ യാത്ര റദ്ദാക്കിയത് എന്നാണ് സൂചന.