കൊച്ചി: കൊച്ചിയിൽ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് ഒളിവിൽ കഴിയവേ എടിഎഎം കാർഡ് എത്തിച്ചു നൽകിയ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു. നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കിൽ എടിഎം കാർഡ് ദുബായിൽ എത്തിച്ച് നൽകില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിൽ മൊഴി നൽകി.

'വിജയ് ബാബുവിന്റെ പേരിൽ കേസെടുക്കുന്നതിന്റെ മുൻപാണ് എടിഎം കാർഡ് ദുബായിൽ എത്തിച്ച് നൽകിയത്. വിജയ് ബാബു കാർഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നൽകാൻ സാധിക്കുമോയെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.' റോഷൻ ആൻഡ്രൂസ് സിനിമയുടെ ഷൂട്ടിംഗിനായി താൻ ദുബായിലേക്ക് പോകുന്നതുകൊണ്ടാണ് എടിഎം കാർഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജു കുറുപ്പ് പൊലീസിന് മൊഴി നൽകി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വിജയ് ബാബുവിനെ സഹായിച്ചെന്ന് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ചിലരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വിജയ് ബാബുവിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ വിജയ് ബാബു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോൺ കോൾ വിവരങ്ങളും വീണ്ടെടുക്കാനാണ് ശ്രമം.

കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസിൽ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.