കൊച്ചി: വ്യാജ വാഗ്ദാനങ്ങൾ നൽകി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്നു ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇന്നുവരെയാണു പ്രതിയുടെ അറസ്റ്റ് തടഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് നടപടികളും കോടതിയിൽ നിർണായകമായി മാറും.

അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴികൾ ആവർത്തിക്കുക മാത്രമാണു വിജയ് ബാബു ചെയ്തത്. 40 പേരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. പരാതിക്കാരിയായ പുതുമുഖ നടിക്കു പുറമേ മറ്റു ചിലരെയും വ്യാജ വാഗ്ദാനങ്ങൾ നൽകി പ്രതി കബളിപ്പിച്ചതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു.

അടുപ്പം നടിച്ചു സൗഹൃദത്തിലാക്കിയ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നതും അപമാനിക്കുന്നതും പ്രതിയുടെ സ്വഭാവമാണെന്നാണു പൊലീസിനു ലഭിച്ച മൊഴി. പ്രതിയുടെ സാമ്പത്തിക സ്വാധീനവും ക്രിമിനൽ ബന്ധവും അറിയാവുന്നതിനാലാണു സ്ത്രീകൾ പലരും പരാതി പറയാൻ തയാറാകാത്തതെന്നും സാക്ഷിമൊഴിയുണ്ട്. അതേസമയം വിജയ് ബാബു നടിയുമായി കൊച്ചിയിൽ ഹോട്ടലിൽ എത്തിയതിന് ഒരു ഗായകനും ഭാര്യയും സാക്ഷികളാണ്. ഇ

അതിനിടെ വിജയ് ബാബുവിന്റെ പിടിച്ചെടുത്ത രണ്ട് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയവേ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാൾ ഉൾപ്പെടെ നാലുപേരെയാണ് ചോദ്യം ചെയ്തത്. ശനിയാഴ്ചയായിരുന്നു ഒരുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് നടൻ സൈജു കുറുപ്പിനെയും കൊച്ചി പൊലീസ് ചോദ്യം ചെയ്തിരുന്നു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തിലാണ് നടപടി. വിജയ് ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചേക്കും. ദുബായിൽ നിന്ന് മടങ്ങിയെത്തിയ വിജയ് ബാബു കേസുമായി സഹകരിച്ച സാഹചര്യമാണ് അനുകൂലമാകുന്നത്. കേസിൽ സൈജു കുറപ്പ് പ്രതിയാകില്ല.

വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നൽകി. ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.വിജയ് ബാബുവിന്റെ ഭാര്യ ദുബായ് യാത്രയിൽ വിജയുടെ ക്രെഡിറ്റ് കാർഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നൽകിയത്. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതെന്നും സൈജു കുറുപ്പ് അറിയിച്ചു. ഇത് പൊലീസും വിശ്വസനീയ മൊഴിയായാണ് കാണുന്നത്. യാത്രാ രേഖകളും സൈജു കുറുപ്പ് പൊലീസിനെ കാണിച്ചിട്ടുണ്ട്. ഇതും നടന് അനുകൂലമാകും.

സൈജു കുറുപ്പ് കേസിൽ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടു സഹായിച്ചതാണോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. അറിഞ്ഞുകൊണ്ടാണു സഹായിച്ചതെങ്കിൽ ഇവരെയും പ്രതി ചേർക്കാനായിരുന്നു ആലോചന. വിജയ് ബാബുവിന്റെ ഭാര്യ കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിൽ എത്തിച്ച ക്രെഡിറ്റ് കാർഡുകൾ നടൻ നെടുമ്പാശേരി വഴി ദുബായിൽ എത്തി കൈമാറിയെന്നാണു പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസിൽ ഇതുസംബന്ധിച്ച് അവർ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു ഇരയുടെ പേര് ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിദേശത്തേക്ക് കടന്ന പ്രതി 39 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിൽ തിരിച്ചെത്തിയത്. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തൽ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.

നടി നൽകിയ ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയാണ്. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.