- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി വിവാഹിതനായതിനാൽ വിവാഹ വാഗ്ദാനം നൽകി എന്ന് പറയാനാകില്ല; നടി ഒരിക്കലും ഇയാളുടെ തടവിലായിരുന്നില്ല; വിജയ് ബാബുവും ആയുള്ള സംഭാഷണങ്ങളിൽ ലൈംഗികാതിക്രമ സൂചനയില്ല; ഹൈക്കോടതി നിരീക്ഷണങ്ങളിൽ പ്രോസിക്യൂഷന് അതൃപ്തി; അപ്പീലിന് സുപ്രീം കോടതിയിലേക്ക്
കൊച്ചി: നടിയെ ബലാൽസംഗം ചെയ്തെന്ന് ആരോപിച്ചുള്ള കേസിൽ, വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകവേ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തി. വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതിവിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയാണ്.
പ്രതി വിവാഹിതനായതിനാൽ വിവാഹ വാഗ്ദാനം നൽകി എന്ന് പറയാനാകില്ല. നടി ഒരിക്കലും ഇയാളുടെ തടവിലായിരുന്നില്ല. നടിയും വിജയ് ബാബുവും തമ്മിൽ ഇൻസ്റ്റാഗ്രാമിലും മറ്റും ചാറ്റുകൾ നടത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാൽ നിയമവിദഗ്ധരും പൊതുസമൂഹവും ഈ വിധിയെ വിമർശിക്കുന്നുണ്ട്. കോടതി അതിജീവിതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. തുടർന്നാണ് പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കുന്നത്. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം എന്ന സന്ദേശം ഈ നിരീക്ഷണങ്ങളിൽ നിന്ന് പൊതുസമൂഹത്തിന് ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷൻ വലയിരുത്തുന്നു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണെന്ന് നടി മാല പാർവ്വതി പ്രതികരിച്ചു. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷടമുള്ള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. പരാതിക്കാരിയായ പെൺകുട്ടിക്ക് നിയമം നൽകുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്. പത്ത് വർഷത്തിന് മുൻപുള്ള അതേ അവസ്ഥയിലേക്ക് സമൂഹം വീണ്ടും പോയി കൊണ്ടിരിക്കുകയാണെന്നും മാല ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
'വിജയ് ബാബുവിന്റെ കൈയിലുള്ള തെളിവുകൾ വെച്ച് മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ പെൺകുട്ടിയുടെ കൈയിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ സമൂഹത്തിന് ശരിയായ ഒരു സന്ദേശം ലഭിക്കുകയുള്ളുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ട് പേര് തമ്മിൽ പ്രണയത്തിലാവുന്നതോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടോ അത്തരം വാദങ്ങളിൽ അന്വേഷണം നടക്കട്ടെ. പക്ഷെ പേര് വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് ഒരു പ്രവണതയായി മാറും. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷടമുള്ള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളടക്കം നടത്തുന്നതെന്നാണ് ഞാൻ കരുതുന്നത്. നൽകിയ പരാതിയിൽ ശരിയോ തെറ്റോ കോടതി പറയട്ടെ. പക്ഷെ അതുവരെ ആ പെൺകുട്ടിക്ക് നിയമം നൽകുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്'.
'വിജയ് ബാബുവിന്റെ വാദങ്ങൾ മാത്രം വിശ്വാസത്തിൽ എടുത്താൽ പോരല്ലോ. പെൺകുട്ടിയുടെ വാദങ്ങൾ അറിയാൻ താൽപ്പര്യമുള്ളൊരു പൊതു സമൂഹം വെളിയിലുണ്ട്. എവിടെയാണ് വിചാരണ നടന്നത്? എവിടെയാണ് തീരുമാനം എടുത്തത്? വെല്ലുവിളിയുടെ സ്വഭാവമായിരുന്നു വിജയ് ബാബുവിന്റെ ലൈവിലെ പ്രതികരണത്തിന്. നമ്മുക്ക് സർക്കാരിനെയും പൊലീസിനെയും കോടതിയേയും വിശ്വാസമുണ്ടല്ലോ. പക്ഷെ ആ വിശ്വാസം അവിശ്വാസമായി മാറിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളിൽ സ്വാധീനമുണ്ടെന്ന് തന്നെ വേണം പറയാൻ. ഈ വിഷയത്തിൽ നിസംഗതയാണ്. പത്ത് വർഷത്തിന് മുൻപുള്ള അതേ അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്'.
ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടിൽ ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടി വന്നാൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം
മറുനാടന് മലയാളി ബ്യൂറോ