- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശ്ശബ്ദതയാണ് ഏറ്റവും മികച്ച മറുപടി; എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാകില്ല; അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്, അവസാനം സത്യം ജയിക്കും; ബലാൽസംഗ കേസിൽ അറസ്റ്റിലായതിന് പിന്നാലെ വിജയ് ബാബുവിന്റെ എഫ്ബി പോസ്റ്റ്
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ആത്യന്തികമായി സത്യം ജയിക്കുമെന്നും എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും വിജയ് ബാബു പോസ്റ്റിൽ വ്യക്തമാക്കി. 'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി' എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ കുറിപ്പ്.
'എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. മീഡിയയുടെ ഭാഗത്ത് നിന്ന് എന്തു പ്രകോപനം ഉണ്ടായാലും ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.' - വിജയ് ബാബുവിന്റെ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ.
കേസിൽ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.
അറസ്റ്റിനെ തുടർന്ന് നടിയുടെ മൊഴിയിൽ പരാമർശിക്കുന്ന ചില ഹോട്ടലുകളിലും ഇന്ന് തന്നെ വിജയ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തും.ഇന്ന് മുതൽ ജൂലൈ 3 വരെയാണ് നടനെ ചോദ്യം ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. നാട്ടിൽ ഉണ്ടാകണമെന്നത് ഉൾപ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടി വന്നാൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.
അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസിൽ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ