- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് ബാബുവും സിറാജ്ജുദ്ദീനുമായും അത്മബന്ധം; ദുബായിൽ ഒളിവിൽ താമസിക്കുന്നത് ടയർ മുതലാളിയുടെ ഗസ്റ്റ് ഹൗസിൽ; ഗുൽഷന്റെ പിന്തുണയിൽ യുഎഇയിൽ മലയാള സിനിമയിലെ വില്ലന്മാർക്ക് സുഖവാസം; പരാതിയെ കുറിച്ച് നടന് സൂചന നൽകിയത് ആര്? ദുബായിലേക്ക് രഹസ്യ പൊലീസിനെ അയയ്ക്കാൻ കമ്മീഷണർ
കൊച്ചി: വിജയ് ബാബുവിനെ അതിവേഗം അറസ്റ്റു ചെയ്യാൻ പദ്ധതികളുമായി കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജു. ദുബായിൽ രഹസ്യ പൊലീസിനെ അയയ്ക്കാനാണ് നീക്കം. കൊച്ചിയിലെ പ്രമുഖ വ്യവസായിയുടെ ദുബായിലെഗസ്റ്റ് ഹൗസിൽ വിജയ് ബാബുവുണ്ടെന്നാണ് സൂചന. അതിനിടെ സ്വർണ്ണ കടത്തു കേസിലെ പ്രതിയും സിനിമാ നിർമ്മതാവുമായ സിറാജ്ജുദ്ദീനും വിജയ് ബാബുവും തമ്മിലുള്ള സൗഹൃദവും ചർച്ചകളിലുണ്ട്. കസ്റ്റംസ് കേസിൽ പ്രതിയായ സിറാജുദ്ദീനും ദുബായിലാണ് ഒളിവിൽ താമസിക്കുന്നത്. ഇവർക്കിടയിലെ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കാനും കൊച്ചി പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇരയുടെ പരാതി അതീവ രഹസ്യമാക്കാനായിരുന്നു പൊലീസിന് ലഭിച്ച നിർദ്ദേശം. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. കേസിന്റെ വിവരം ചോർന്നു. ഇതോടെയാണ് വിജയ് ബാബു നാടുവിട്ടത്. അല്ലാത്ത പക്ഷം തെളിവു ശേഖരണവും മൊഴിയെടുപ്പും പൂർത്തിയാക്കി വിജയ് ബാബുവിനെ കൈയോടെ പിടിക്കാൻ കഴിയുമായിരുന്നു. വിജയ് ബാബുവിന് പൊലീസിന് മുമ്പിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുത്തിട്ടില്ല. വേനലവധി കഴിഞ്ഞേ അത് പരിഗണിക്കൂ. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് കൊച്ചി കമ്മീഷണറുടെ തീരുമാനം. നേരത്തെ ദിലീപിന്റെ ദുബായ് യാത്രാ സമയത്ത് രഹസ്യ പൊലീസിനെ അയച്ച ചരിത്രമുണ്ട് കേരളാ പൊലീസിന്. അതിന് സമാനമായി വിജയ് ബാബുവിനെ കണ്ടെത്താനും പൊലീസിനെ അയയ്ക്കും.
ഐപി അഡ്രസ് പരിശോധനയിലൂടെ ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയ ഫെയ്‌സ് ബുക്ക് ലൈവിന്റെ ലൊക്കേഷൻ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ സ്വർണ്ണ കടത്തിൽ രണ്ടു പേരെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്താൽ സിറാജുദ്ദീനും വിജയ് ബാബുവും തമ്മിലെ ബന്ധത്തിന് നിർണ്ണായക തെളിവ് കിട്ടും. രണ്ടു പേരും ആത്മ മിത്രങ്ങളാണെന്നാണ് പുറത്തു വരുന്ന സൂചന. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദുബായിലുള്ള ഗുൽഷനാണെന്നത് പരസ്യമായ രഹസ്യമാണ്. ഗുൽഷന്റെ സഹായം പ്രതികൾക്ക് കിട്ടുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാജരാവാൻ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാതിയിൽ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ല. ഏപ്രിൽ 22ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസ് എടുക്കുകയും ചെയ്തു. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാൽ പോവുമെന്നും കമ്മിഷണർ പറഞ്ഞു.പുതിയ മീ ടൂ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് ബാബുവിനെ കണ്ടെത്താൻ പ്രത്യേക ടീം ദുബായിലേക്ക് പോകും. അതിന് ശേഷം അറസ്റ്റിൽ സമ്മർദ്ദം ചെലുത്തും.
വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ഫേസ്‌ബുക്ക് പേജിലൂടെ വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച യുവതിയെ തേടി പൊലീസ് സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ജോലിയുടെ ഭാഗമായി വിജയ് ബാബുവിനൊപ്പം പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടായെന്നും മദ്യം വാഗ്ദാനം ചെയ്തപ്പോൾ വേണ്ടെന്ന് പറഞ്ഞുവെന്നും കുറച്ച് സമയത്തിന് ശേഷം വിജയ് ബാബു ചുംബിക്കാൻ ശ്രമിച്ചുവെന്നും യുവതി പറയുന്നു. താൻ നിരസിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് വിജയ് ബാബു മാപ്പ് പറഞ്ഞു. വളരെ ഭീതിയോടെ താൻ അവിടെ നിന്ന് ഇറങ്ങിയോടിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
പ്രസ്തുത ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിനിൽനിന്ന് വിവരം തേടാനാണ് പൊലീസ് ശ്രമിക്കുന്നത്. വിജയ് ബാബുവിനെതിരേ കൂടുതൽ പരാതി വന്നേക്കാനുള്ള സാധ്യതയുണ്ടെന്നും നിലവിലെ കേസിലെ അന്വേഷണത്തിന് അത് സഹായിക്കുമെന്നും പൊലീസ് കരുതുന്നു. അതേസമയം, ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ തുടർനടപടികളുമായി പൊലീസ്. വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. 24-നാണ് വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതാണെന്ന് ഓരോ നിമിഷവും തെളിയുന്നതായും കമ്മിഷണർ പറഞ്ഞു. പരാതിയിൽ മുൻകൂർ ജാമ്യംതേടി വിജയ് ബാബു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്താനായി തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണ്. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് സിയാദ് റഹ്‌മാൻ ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിൽനിന്നുള്ളവരുടെയും ഹോട്ടൽ ജീവനക്കാരുടെയുമടക്കം എട്ടു പേരുടെ മൊഴി രേഖപ്പെടുത്തി. കടവന്ത്രയിലെ ഹോട്ടലിലും ഫ്‌ളാറ്റുകളിലുമടക്കം അഞ്ചു സ്ഥലങ്ങളിൽ ഇയാൾ പരാതിക്കാരിയോടൊപ്പം എത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. മാർച്ച് 13-മുതൽ ഏപ്രിൽ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഉറപ്പിച്ചിട്ടുണ്ട്.
(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.