- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബു ദുബായിൽ ഒളിവിലുള്ളത് ഉന്നതന്റെ സംരക്ഷണയിൽ; ഇന്റർപോളിന് അറസ്റ്റു ചെയ്യാൻ കഴിയാത്തതും ഈ ഉന്നതന്റെ സ്വാധീനത്താൽ; 30നു നാട്ടിലെത്തുമെന്ന് ഹൈക്കോടതിയിൽ പറഞ്ഞ പ്രതി വിമാന ടിക്കറ്റ് റദ്ദാക്കി വാക്കുമാറ്റാനും സാധ്യത; വിജയ് ബാബു എത്തിയാലുടൻ അറസ്റ്റെന്ന നിലപാടിൽ ഉറച്ച് കൊച്ചി കമ്മീഷണർ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. അതുകൊണ്ട് തന്നെയാണ് നാട്ടിലേക്ക് വരാൻ ഇയാൾ മടിക്കുന്നതും. ഇവിടെ എത്തിയാൽ അറസ്റ്റു ചെയ്യുമെന്ന നിലപാടിലാണ് കൊച്ചി പൊലീസ്. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യാപേക്ഷ ലഭിക്കാതെ മടങ്ങേണ്ടെന്ന നിലപാടിലേക്ക് താരം മാറിയെന്നാണ് സൂചന.
യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാൽ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന. 30നു നാട്ടിലെത്തുമെന്നാണു വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചതെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണു നീക്കമെന്നു പൊലീസിനു സംശയമുണ്ട്.
അതേസമയം നാടുവിടും മുമ്പ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. തുടർന്നു ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിവെച്ചിരിക്കയാണ്.
നടി പൊലീസിൽ പരാതിപ്പെട്ടതടക്കമുള്ള വിവരങ്ങൾ വിജയ് ബാബുവിന് അറിയാമായിരുന്നു. കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണു വിദേശത്തേക്കു കടന്നത്. ഏപ്രിൽ 19നാണു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പ്രതി അതിജീവിതയുടെ പേര് വെളിപ്പെടുത്തി. വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹൈക്കോടതിയിൽ പറഞ്ഞു.
എന്നാൽ ഉപഹർജിയിൽ താൻ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കുമെന്നും വിജയ് ബാബുവിനു വേണ്ടി ഹാജരായ അഡ്വ.എസ്.രാജീവ് വാദിച്ചു. ഏപ്രിൽ 22നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനു മുൻപ് കേരളത്തിൽനിന്നു പോയിരുന്നു.
ഈദ് അവധിക്കു മുൻപ് ദുബായ് ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കേണ്ടതുണ്ടായിരുന്നു. തുടർന്നാണു ദുബായിലേക്കു പോയത്. കേസ് രജിസ്റ്റർ ചെയ്തതതും നടപടികൾ ആരംഭിച്ചതും ഇന്ത്യയിൽനിന്നു പോയതിനുശേഷമാണെന്നും തന്റെ ഭാഗം കേൾക്കാൻ അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി രേഖകൾ നൽകുമെന്നും അറിയിച്ചു.
അതിനിടെ വിജയ് ബാബുവിനു വേണ്ടി 2 ക്രെഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. കേസിൽ മുൻകൂർ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണു ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.
തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. പീഡനക്കേസിൽ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നത് ഈ നടിയാണ്.
അതേസമയം വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിണർ സി.എച്ച്.നാഗരാജു അറിയിച്ചു. ലുക്കൗട്ട് നോട്ടിസ് ഉള്ളതിനാൽ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. വിജയ് ബാബുവിന് സഹായം നൽകിയവരെ ചോദ്യം ചെയ്യുമെന്നും കമ്മിഷണർ പറഞ്ഞു.
നാട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യഹർജി തള്ളുമെന്ന നിലപാട് കോടതി കഴിഞ്ഞദിവസവും ആവർത്തിച്ചു. നേരത്തേ, വിജയ് ബാബുവിന്റെ ജാമ്യഹർജിയെ എതിർത്ത് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നടി അവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ