- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാപ്പി പില്ലും മദ്യവും വിളമ്പി വിജയ് ബാബു സ്ത്രീവേട്ടക്കാരനായി വിലസിയത് ഡി ഹോംസ് ഫ്ളാറ്റിൽ; ഫ്ളാറ്റിന്റെ ഉടമ ടോളിൻ ഫുഡ്സിന്റെയും ടോളിൻ ടയേഴ്സിന്റെയും മേധാവി ടോളിൻ; പീഡന പരമ്പരയിൽ വിജയ് ബാബുവിന്റെ വ്യവസായ പങ്കാളി കണ്ണിയെന്ന് ആരോപണം
കൊച്ചി: പീഡനക്കേസിൽ, ഒളിവിൽ പോയ വിജയ് ബാബുവിനായി തിരച്ചിലാണ് പൊലീസ്. ഒളിവിലല്ല എന്ന് നടൻ അവകാശപ്പെടുമ്പോഴും, നടനെ കസ്റ്റഡിയിൽ എടുക്കാനോ, ചോദ്യം ചെയ്യാനോ, ഇതുവരെ കഴിഞ്ഞിട്ടുമില്ല. ആരോപണം ഉയർന്ന പാടേ അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവ് നടത്തി വിജയ് ബാബു പന്ത് പരാതിക്കാരിയുടെ കോർട്ടിലേക്ക് ഇട്ടുവെന്ന് മാത്രമല്ല, അവരുടെ പേരും വെളിപ്പെടുത്തി. ഇതോടെ നടിയുടെ ഫേസ്ബുക്ക് പേജിൽ, കടുത്ത സൈബറാക്രമണമായി. പേജ് പൂട്ടി. വിജയ് ബാബു സപ്പോർട്ട് ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ അണിനിരന്നു. നിരവധി കോളമെഴുത്തുകാരും, വിജയ് ബാബുവിനെ പരോക്ഷമായി ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, വിജയ് ബാബുവിന്റെ പീഡനത്തിന് മുമ്പ് ഇരയായിട്ടുള്ള യുവതികൾ രഹസ്യമായിട്ടാണെങ്കിലും, നടനെതിരെ രംഗത്ത് വന്നുതുടങ്ങി. ഹാഷ്ടാഗുകാർ വൈകാതെ ഓടിയൊളിക്കേണ്ട രാക്ഷസ കഥകൾ പുറത്തുവരികയും ചെയ്യും. അതിനിടെ, വിജയ് ബാബു എന്തിന് വേണ്ടിയാണ്, ഇത് ചെയ്തത്, ആർക്കുവേണ്ടിയാണിത് ചെയ്തത് എന്ന ചോദ്യവും ഉയരുന്നു.
ഈ ക്രിമിനൽ പ്രവൃത്തിയിൽ ആർക്കൊക്കെ പങ്കാളിത്തം ഉണ്ടെന്ന കാര്യവും പൊലീസ് അന്വേഷിക്കേണ്ടതാണ്. ടോളിൻ ടയർ, ടോളിൻ ഫുഡ്സ് എന്ന പേരുകളിൽ കാലടി-പെരുമ്പാവൂർ റൂട്ടിലെ പ്രശസ്തമായ സ്ഥാപനത്തിന്റെ ഉടമയാണ് ടോളിൻ. മാധ്യമസ്ഥാപനങ്ങളുമായി ഉടമസ്ഥതാ ബന്ധം കൂടിയുള്ള സമ്പന്നനായ വ്യക്തിയാണ്. രാഷ്ടീയത്തിലും നല്ല പിടിപാട്. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമ. ടോളിന് ഈ പീഡനക്കേസുമായി ചില ബന്ധങ്ങൾ ഉണ്ട് എന്നാണ് ആരോപണം ഉയരുന്നത്.
വിജയ ബാബുവിന്റെ പീഡന പരമ്പരകളിലെ കണ്ണിയാണ് ടോളിൻ എന്നും ആരോപണം ഉണ്ട്. നിരവധി ഉദാഹരണങ്ങളും, തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. വിജയ് ബാബുവിന് എതിരായ കേസിലെ പരാതിക്കാരി പീഡിപ്പിക്കപ്പെട്ടത് പനമ്പള്ളി നഗറിലെ ടോളിന്റെ ഉടമസ്ഥതയിലുള്ള ഡി ഹോംസ് ഫ്ളാറ്റിലാണ്. ഈ ഫ്ളാറ്റിലാണ് പല പീഡന പരമ്പരകളും അരങ്ങേറുന്നതെന്നും ആക്ഷപമുണ്ട്. പരാതിക്കാരിയെ കൂടാതെ നിരവധി യുവതികൾ വിജയ് ബാബുവിന്റെ സൈക്കോ രീതികൾ രഹസ്യമായി ശരി വയ്ക്കുന്നുണ്ട്. അത്തരത്തിൽ പീഡനത്തിന് ഇരകളായ ചില യുവതികളുടെ ശബ്ദരേഖകൾ മറുനാടന് ലഭ്യമായിട്ടുണ്ട്.
ഡി ഹോംസിൽ, യുവതികളെ വശീകരിച്ച് പീഡിപ്പിക്കാൻ ഹാപ്പി പിൽസ് നൽകുന്നതും, പലതരത്തിലുള്ള ലഹരി ഇടപാടുകൾ നടക്കുന്നതും പതിവാണെന്ന വിവരവും പുറത്തുവരുന്നു. വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഫ്ളാറ്റല്ല ഇത്, ടോളിയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് വിജയ് ബാബുവും കൂട്ടരും ദുരുപയോഗിച്ച് വരുന്നുവെന്ന് ചുരുക്കം. ടോളിന് പ്രത്യക്ഷമായോ, പരോക്ഷമായോ ഈ ഇടപാടുകളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയരുന്നു. ഈ ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ്, പ്രമുഖ നടി തന്റെ വിവാഹ മോചന കേസിന് വിലാസം കൊടുത്തിരിക്കുന്നത് എന്ന കാര്യവും പുറത്തുവരുന്നു.
നിരവധി ക്രിമിനൽ കുറ്റങ്ങളുടെയും, ഇടപാടുകളുടെ ഹബ്ബാണ് ഈ ഫ്ളാറ്റ്. പനമ്പള്ളിനഗറിലെ ഡി ഹോംസ് ഫ്ളാറ്റിൽ വച്ചാണ് പീഡനം നടന്നതെന്ന് ഇരയായ നടി മൊഴി കൊടുത്തിട്ടുണ്ട്. ഫ്ളാറ്റിന്റെ ഉടമയും, വിജയ് ബാബുവിന്റെ പങ്കാളിയും, സാമ്പത്തിക ഇടപാടുകൾ അടക്കം നടത്തുകയും ചെയ്യുന്ന ടോളിനെ എന്തു കൊണ്ട് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നില്ല, ചോദ്യം ചെയ്യുന്നില്ല എന്നതും സംശയാസ്പദമാണ്. ടോളിന്റെ സ്വാധീനം കൊണ്ടാണോ എന്ന ചോദ്യവും ഉയരുന്നു.
വിജയ് ബാബുവിന് നിരവധി മാധ്യമ മുതലാളിമാരുമായി അടുത്ത ബന്ധമുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. നേരത്തെ ഒരു ചാനലിന്റെ സിഒഒയും ആയിരുന്നു വിജയ് ബാബു. കേരളത്തിലെ ഒരു പ്രമുഖ ചാനലിലെ പ്രമുഖന് സ്ത്രീകളെ എത്തിച്ചുകൊടുക്കാറുണ്ടെന്ന് അയാൾ തന്നെ പറയുന്ന ശബ്ദരേഖയും മറുനാടന് ലഭ്യമായിട്ടുണ്ട്. അത്രയും ശക്തനായതുകൊണ്ട് തന്നെയാണ്, തനിക്ക് മാധ്യമ മേഖലയിൽ നിന്നടക്കം വലിയ പിന്തുണ കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഒരു ഉളുപ്പും ഇല്ലാതെ ഫേസ്ബുക്ക് ലൈവിൽ വന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഇതിനൊക്കെ കൂട്ടുപിടിക്കുന്നത് ടോളിനാണ് എന്നാണ് ആരോപണം. കാരണം ടോളിൻ അറിയാതെ അയാളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ ഇത്തരം പീഡനപരമ്പരകൾ അരങ്ങേറുക വിഷമകരം.
ടോളിൻ ടയറിനും ടോളിൻ ഫുഡ്സിനുമൊക്കെ ഒരു മാധ്യമസ്ഥാപനവുമായി ബന്ധമുണ്ട് എന്ന കാര്യവും വ്യക്തമാണ്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിലെ ആദ്യ പങ്കാളി മാറിയപ്പോൾ, പിന്നീടുള്ള ഇടപാടുകളിൽ സാമ്പത്തിക സഹായവുമായി വന്നത് ടോളിനാണ്. ഏപ്രിൽ 15 ന് തന്റെ ഫേസ്ബുക്ക് പേജിൽ വിജയ് ബാബു ഇട്ട പോസ്റ്റിൽ 'ഓണറബിൾ ഷൈലജ ടീച്ചർ ഇനാഗുറേറ്റിങ് ഇൻവിവോ കേരള' എന്ന് കാണാം.
ഇൻവിവോ കേരള ഒരു ബ്യൂട്ടി ക്ലിനിക്കാണ്. ക്ലിനിക്കിൽ മോഹൻലാൽ അടക്കം ഉള്ളവർ വന്നിട്ടുണ്ട്. ഇൻവിവോ കേരളയുടെ പാർട്ട്നണറാണ് ടോളിൻ. സിനിമാ മേഖലയുമായി ടോളിനെ കണ്ണി ചേർക്കുന്ന സ്ഥാപനമാണ് ഇൻവിവോ കേരള ബ്യൂട്ടി ക്ലിനിക്ക്.
ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിടുന്ന നടിമാർ അടക്കമുള്ളവരുടെ രക്ഷകനായി ചമയുകയായിരുന്നു വിജയ് ബാബു എന്നാണ് പുറത്തുവരുന്ന വിവരം. പരാതിക്കാരിയും അത്തരം ആരോപണമാണ് ഉന്നയിച്ചത്. ഇത്തരത്തിൽ വിവാഹ പ്രശ്നങ്ങളുള്ള, ദുർബലരായ സ്ത്രീകളെ ദുരുപയോഗിക്കുക മാത്രമല്ല, കടുത്ത പീഡന മുറകൾക്കും വിജയ് ബാബു വിധേയനാക്കി. അതിന് വേദിയായത് ഡി ഹോംസ് ഫ്ളാറ്റും. കൂട്ടുനിന്നത് ടോളിനും. ഇരകൾക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധം കെണിയൊരുക്കുന്നതാണ് വിജയ് ബാബുവിന്റെ രീതി. തന്റെ ഇരകളിൽ ആരെങ്കിലും വിവാഹം കഴിച്ചുപോയാൽ അവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതും ഇയാളുടെ ക്രൂരവിനോദങ്ങളിൽ പെടുന്നു. വിവാഹമോചിതയായ നടിയുടെ മര്യാദക്കാരനായ ഭർത്താവിനെ വിളിച്ച ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത സംഭവം വരെ ഉണ്ടായി. ഒന്നരക്കോടി കിട്ടിയില്ലെങ്കിൽ നാറ്റിക്കും, കുഴപ്പമുണ്ടാക്കും എന്നായിരുന്നു ഭീഷണി. ഇങ്ങനെ തരികിടകളുടെ ആശാനായ വിജയ് ബാബുവിന്റെ പങ്കാളിയായ ടോളിനെ പ്രതി ചേർത്താൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്നിരിക്കെ, വിജയ് ബാബു ഒളിവിൽ നിന്ന് പുറത്തുവരാൻ പൊലീസ് കാത്തിരിക്കുന്നത് പരിഹാസ്യമാകുന്നു. ഏതായാലും വിജയ് ബാബുവിന്റെ സിനിമാ വേട്ട കഥകൾ വൈകാതെ പുറത്തുവരും.
അതിജീവിതയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 - 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും.
എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ' എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.
ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു.
എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം. N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.
മറുനാടന് മലയാളി ബ്യൂറോ