കൊച്ചി: വിജയ് ബാബു പ്രശ്‌നത്തിൽ താരസംഘടനയായ അമ്മയിലെ ഭിന്നത മറനീക്കി ആഭ്യന്തര പരാതി പരിഹാര സമിതിയിലെ മൂന്ന് അംഗങ്ങൾ രാജി വച്ചിരിക്കുകയാണ്. മാലാ പാർവതിക്ക് പിന്നാലെ, സമിതി അദ്ധ്യക്ഷ കൂടിയായ ശ്വേത മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ കൂടി സ്ഥാനം ഒഴിഞ്ഞു.

വിജയ് ബാബുവിനോട് അമ്മ ഭാരവാഹികൾ സോഫ്റ്റ് കോർണർ കാട്ടുന്നുവെന്ന സന്ദേശമാണ് പുറത്തേക്ക് വരുന്നത്. ശ്വേത മേനോന്റെ രാജിക്കത്തിന്റെ ഉള്ളടക്കം ഇതിനകം പുറത്തുവന്നു കഴിഞ്ഞു. അമ്മയിൽ ഒരു പരാതി പരിഹാര സെല്ലിന് പ്രസക്തിയില്ലെന്നാണ് ശ്വേതാ മേനോൻ കത്തിൽ പറയുന്നത്. അതേസമയം, വിഷയത്തിൽ പരോക്ഷ പ്രതികരണവുമായി പരാതിക്കാരി. സ്വന്തം അമ്മയെ അല്ലാതെ മറ്റൊരാളെയും വിശ്വസിക്കരുതെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.'just believe in your own amma, not any other' എന്നാണ് സമൂഹ മാധ്യമങ്ങളിൽ പരാതിക്കാരി കുറിച്ചത്.

വിജയ് ബാബു വിഷയത്തിൽ എതിർപ്പറിയിച്ച് കൊണ്ട് അമ്മയുടെ ഐസിസി അംഗത്വം രാജിവെച്ച നടി മാല പാർവതിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 22 നാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി യുവതി എത്തിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

അതേസമയം, വിജയ് ബാബു വിഷയത്തിൽ, ഇടവേള ബാബുവിന്റെ നിലപാടും ഐസിസിയിൽ നിന്നുള്ള ശ്വേതാ മേനോന്റെ രാജിക്ക് കാരണമായിട്ടുണ്ട്. സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു ഇന്നലെ നടത്തിയ പ്രസ്താവന തിരുത്തണം എന്നും ശ്വേതാ മേനോൻ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് മലയാളം വായിക്കുവാൻ അറിയില്ല. ആ സാഹചര്യത്തിൽ തന്നെ തെറ്റിദ്ധരിപ്പിക്കും വിധമാണ് അമ്മ പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഐസി കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ അമ്മയുടെ പത്രക്കുറിപ്പിൽ അത് രേഖപ്പെടുത്തിയിട്ടില്ല. ഐസിസിയുടെ ആവശ്യങ്ങളും ചേർക്കണം എന്നും ശ്വേതാ മേനോൻ രാജിക്കത്തിൽ പറയുന്നു.

കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാൽ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നും അതിനാലാണ് രാജി സമർപ്പിക്കുന്നത് എന്നും മാല പാർവതി രാജിയിൽ പറഞ്ഞു.

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു. ഒരു പരാതി പരിഹാര സമിതി എന്ന രീതിയിൽ മാത്രമല്ല, സ്ത്രീകൾക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി എന്നും മാല പാർവതി അറിയിച്ചു. നേരത്തെ ശ്വേതയും കുക്കുവും രാജിവയ്ക്കുമെന്ന് മാലാ പാർവ്വതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ രാജിവയ്ക്കില്ലെന്നായിരുന്നു മണിയൻപിള്ള വിശദീകരിച്ചത്.

അമ്മയിലെ സംഭവ വികാസങ്ങളിൽ മോഹൻലാൽ തീർത്തും നിരാശനാണ്. നല്ല ഉദ്ദേശത്തിൽ എടുക്കുന്ന തീരുമാനം പോലും പാളുന്നു. ഔദ്യോഗിക പാനലിനൊപ്പം നിന്ന് ജയിച്ച ശ്വേത പോലും മോഹൻലാലിന്റെ തീരുമാനത്തെ തള്ളി പറഞ്ഞു. എക്സിക്യൂട്ടീവിലെ ഭൂരിഭാഗത്തിന്റെ വികാരം അംഗീകരിക്കുകായണ് മോഹൻലാൽ ചെയ്തത്. എന്നിട്ടും ഒറ്റക്കെട്ടായി സംഘടന നിൽക്കുന്നില്ല. ഇത് ഗൗരവമുള്ള പ്രശ്നമാണെന്ന് മോഹൻലാൽ തിരിച്ചറിയുന്നുണ്ട്. വിജയ് ബാബു വിഷയവും ദിലീപ് കേസ് പോലെ അമ്മയെ വെട്ടിലാക്കുകയാണ്. അതുകൊണ്ട് തന്നെ ഇനി കരുതലോടെ മാത്രമേ അമ്മ പ്രതികരണങ്ങൾ ഇറക്കൂ.

വിജയ് ബാബു വല്ലാത്തൊരു ജംഗ്ഷനിൽ നിൽക്കുകയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാൻ തൽകാലം മാറി നിൽക്കാമെന്ന്. ആ കത്ത് അമ്മ നേതൃത്വം ഒരു പോലെ അംഗീകരിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു വിശദീകരിച്ചു. സ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്: മണിയൻപിള്ള രാജു പറഞ്ഞിരുന്നു. സ്ത്രീകൾക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്: മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. മലാ പാർവ്വതിക്കെതിരേയും അഞ്ഞടിച്ചു. അമ്മയിൽ വിമതനായി മത്സരിച്ച് വൈസ് പ്രസിഡന്റായ വ്യക്തിയാണ് മണിയൻപിള്ള രാജു. ശ്വേതാ മേനോനും വൈസ് പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായി തുടരുമ്പോഴും പരാതി പരിഹാര സെല്ലിൽ നിന്ന് ശ്വേത രാജിവയ്ക്കുന്നത് പുതിയ ചർച്ചയായി മറും.

വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു വിശദീകരിച്ചിരുന്നു. വിഷയത്തിൽ സംഘടനയിലെ അംഗങ്ങളെ കേൾക്കേണ്ടതുണ്ട്. മാലാ പാർവതി ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസിസി അംഗങ്ങളിൽ ബാക്കിയുള്ളവർ അമ്മയ്‌ക്കൊപ്പമാണെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു. ഇതോടെ അമ്മയിൽ നിന്ന് ഇനിയൊരു രാജി ഉണ്ടാകില്ലെന്ന് ഏവരും കരുതി. ഇതാണ് ശ്വേതയും കുക്കു പരമേശ്വരനും പൊളിക്കുന്നത്.

വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി നൽകിയ ശിപാർശ അംഗീകരിക്കാത്ത 'അമ്മ'യുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്റേണൽ കമ്മിറ്റിയിൽ നിന്നും മാല പാർവതി രാജിവച്ചത്. വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതിൽ നടപടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അമ്മ നിലവിൽ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാർവതി പറഞ്ഞിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും വിജയ് ബാബു സ്വമേധയാ മാറുന്നു എന്നാണ് അമ്മ വാർത്താക്കുറിപ്പ് ഇറക്കിയത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന വാക്കില്ല. അമ്മയുടെ ഈ തീരുമാനത്തെ ഐ.സി.സി മെമ്പറായി ഇരുന്ന് കൊണ്ട് അംഗീകരിക്കാൻ എനിക്ക് കഴിയില്ല. അതൊരു തെറ്റായ നടപടിയാണ്. അതുകൊണ്ട് ഖേദപൂർവം രാജിസമർപ്പിക്കുകയായിരുന്നുവെന്നു മാലാ പാർവ്വതി പറഞ്ഞിരുന്നു.

27ാം തിയതിയാണ് ഞങ്ങൾ മീറ്റിങ് നടത്തിയത്. ഞങ്ങളുടെ നിർദ്ദേശം അമ്മയ്ക്ക് സമർപ്പിക്കുകയും ചെയ്തു. വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ പ്രസ് റിലീസ് കണ്ടപ്പോൾ നിരാശ തോന്നി. ശ്വേതയും രാജിവെക്കാൻ പോകുകയാണെന്ന് പറഞ്ഞു. കുക്കുവും അതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇവരുടെ കാര്യം മാത്രമേ എനിക്കറിയാവൂ. ശിക്ഷ വരുന്നതുവരെ ആരും കുറ്റക്കാരല്ല. എന്നാൽ എക്സിക്യൂട്ടീവ് കൗൺസിലിൽ അദ്ദേഹം തുടരാൻ അർഹനല്ല. അതുകൊണ്ട് ഒട്ടും വൈകാതെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി വിശദീകരിച്ചിരുന്നു.