- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം വിട്ടത് പൊലീസ് കേസെടുത്തത് അറിയാതെ; ജാമ്യഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്താമെന്ന് വിജയ്ബാബു; നടൻ രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെ എന്നും ഇരയുടെ അമ്മയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ
കൊച്ചി: ജാമ്യ ഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്താമെന്ന് നടൻ വിജയ്ബാബു ഹൈക്കോടതിയിൽ. പൊലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന വാദവും വിജയ് ബാബു ഉന്നയിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഏപ്രിൽ 22ന് കേസെടുത്തിരുന്നതാണന്നും രണ്ടു ദിവസം കഴിഞ്ഞ് 24ന് വിജയ് ബാബു രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരയുടെ അമ്മയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.
നേരത്തെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ മടക്കടിക്കറ്റ് ഹാജരാക്കിയാൽ ഹർജി പരിഗണിക്കാമെന്ന് കോടതി നിലപാട് എടുത്തിരുന്നു. തുടർന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ മടക്കടിക്കറ്റിന്റെ കോപ്പി സമർപ്പിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു.
എന്നാൽ, ജാമ്യഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കോടതിയിൽ എത്താമെന്നാണ് വിജയ്ബാബുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ദുബായിലേക്ക് പോയത് കേസ് വന്നു എന്നറിഞ്ഞുകൊണ്ടല്ല. മറ്റൊരാവശ്യത്തിന് വേണ്ടിയാണ് ദുബായിൽ പോയതെന്നും വിജയ്ബാബുവിന്റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, വിജയ് ബാബു 30-ന് കൊച്ചിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കോടതി നിർദ്ദേശം കൂടി പരിഗണിച്ചാവും തുടർ നടപടി. അറസ്റ്റ് ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. ഇതിന് പുറമെ വിജയ്ബാബുവിന് സഹായം നൽകിയവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്താമെന്ന് വ്യക്തമാക്കി യാത്രാ രേഖകൾ സമർപ്പിച്ചതോടെയാണ് കോടതി ഇന്നലെ മുതൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്.