ചെന്നൈ: ആരാധകർ ആകെ അമ്പരന്നിരിക്കുകയാണ്. ഇളയദളപതി വിജയ് രാഷ്ടീയത്തിലേക്കെന്നും ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കുന്നുവെന്നും വാർത്ത വന്നതിന് പിന്നാലെ അതെല്ലാം നിഷേധിച്ച് സൂപ്പർ താരം രംഗത്തെത്തി. ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാൻ വിജയ് തിരഞ്ഞെടുപ്പു കമ്മിഷനിൽ അപേക്ഷ നൽകിയെന്നാണ് വാർത്ത വന്നത്. ഇതിന് പിന്നാലെ അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്ന പ്രഖ്യാപനവുമായി താരമെത്തി. ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു.

തന്റെ ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാനാണ് താരം നീക്കം നടത്തുന്നതെന്നാണ് വൻതോതിൽ പ്രചരിച്ച വാർത്ത. ഫാൻസുകാർ ഇത് മുഖവിലയ്ക്ക് എടുക്കുകയും ചെയ്തു. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണു സംഘടന രജിസ്റ്റർ ചെയ്യുക എന്നും . പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു വാർത്ത.

തമിഴകത്തെ യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ് മുൻപും രാഷ്ട്രീയ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സമീപകാല ചിത്രങ്ങളായ മെഴ്‌സൽ, സർക്കാർ എന്നിവയിൽ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. മെഴ്‌സലിനെതിരെ ബിജെപിയും 'സർക്കാരിനെതിരെ' അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു. സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനെതിരെ നടന്ന വെടിവയ്‌പ്പുണ്ടായപ്പോൾ, പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിജയ് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.

അടുത്തിടെ, വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നുമാണ് അദ്ദഹം പറഞ്ഞത്. വിജയ്യും പിതാവും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് അന്ന് ചന്ദ്രശേഖർ നിലപാടു വ്യക്തമാക്കിയത്. ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന ചന്ദ്രശേഖർ തന്നെ മുൻപും നൽകിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ താരത്തിന്റെ ചില പ്രസ്താവനകൾ രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെട്ടു. പുതിയ ചിത്രമായ 'മാസ്റ്ററിന്റെ' ചിത്രീകരണത്തിനിടെ ആദായ നികുതി വകുപ്പ് വിജയ്യെ ചോദ്യം ചെയ്തതു വൻ വാർത്തയായിരുന്നു. ഇതിന്റെ ഭാഗമായി താരത്തിന്റെ വീട്ടിലുൾപ്പെടെ റെയ്ഡ് നടത്തുകയും ചെയ്തു. നടനെതിരായ നടപടി രാഷ്ട്രീയ വിരോധം തീർക്കലാണെന്ന് ആരാധകർ ആരോപിച്ചിരുന്നു.

സംവിധായകൻ കൂടിയായ അച്ഛൻ എസ്. എ. ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുണ്ട്. നിലവിൽ വിജയ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു ചന്ദ്രശേഖറാണ്.