- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഒഡീഷയെ തകർത്തത് മഴനിയമപ്രകാരം 34 റൺസിന്; ഉത്തപ്പയ്ക്ക് ഉജ്വല സെഞ്ചുറി; രണ്ട് വിക്കറ്റുമായി ഏകദിനത്തിലേക്ക് 'മടങ്ങിവരവ്' ഗംഭീരമാക്കി ശ്രീശാന്ത്

ബെംഗളൂരു: റോബിൻ ഉത്തപ്പയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. മഴമൂലം 45 ഓവറാക്കി ചുരുക്കിയ എലീറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മഴനിയമപ്രകാരം 34 റൺസിനാണ് ഒഡീഷയെ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ നിശ്ചിത 45 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം 38.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു നിൽക്കെ വീണ്ടും മഴയെത്തി. ഇതോടെയാണ് കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ദീർഘകാലത്തിനുശേഷം ഏകദിന ഫോർമാറ്റിൽ കളിക്കാനിറങ്ങിയ പേസ് ബോളർ എസ്. ശ്രീശാന്ത് രണ്ടു വിക്കറ്റ് വീഴ്‌ത്തി തുടക്കം ഗംഭീരമാക്കി. വിജയത്തോടെ എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന് നാലു പോയിന്റായി. കേരളത്തിന്റെ അടുത്ത മത്സരം ഈ മാസം 22ന് ഉത്തർപ്രദേശിനെതിരെയാണ്.
ഒഡീഷ ഉയർത്തിയ 259 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിന് റോബിൻ ഉത്തപ്പ 85 പന്തിൽ 10 ഫോറും നാലു സിക്‌സും സഹിതം നേടിയ 107 റൺസാണ് കരുത്തായത്.
ഓപ്പണിങ് വിക്കറ്റിൽ വൈസ് ക്യാപ്റ്റൻ കൂടിയായ വിഷ്ണു വിനോദിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് (61 റൺസ്) ഉത്തപ്പ മികച്ച തുടക്കം സമ്മാനിച്ചത്. വിഷ്ണു 24 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 28 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ സച്ചിൻ ബേബിയും റോബിൻ ഉത്തപ്പയും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടും (100 പന്തിൽ 102) നിർണായകമായി.
സച്ചിൻ ബേബി 55 പന്തിൽ രണ്ടു ഫോറുകൾ സഹിതം 40 റൺസെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത വത്സൽ ഗോവിന്ദ് - മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം കേരളത്തെ വിജയതീരമണച്ചു. വത്സൽ ഗോവിന്ദ് 40 പന്തിൽ മൂന്നു ഫോറുകൾ സഹിതം 29 റൺസോടെയും മുഹമ്മദ് അസ്ഹറുദ്ദീൻ 21 പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 23 റൺസോടെയും പുറത്താകാതെ നിന്നു. അതേസമയം, സഞ്ജു സാംസൺ (അഞ്ച് പന്തിൽ നാല്) നിരാശപ്പെടുത്തി. ഒഡീഷയ്ക്കായി സൗരഭ് കനോജിയ മൂന്നു വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷയ്ക്ക് തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാനാകായെ പോയതാണ് തിരിച്ചടിയായത്.
ഓപ്പണർമാരായ ഗൗരവ് ചൗധരിയും സന്ദീപ് പട്‌നായിക്കും ചേർന്ന് 22.2 ഓവറിൽ 119 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇരുവരും അർധസെഞ്ചുറി നേടി. 62 പന്തിൽ അഞ്ച് ഫോറുകളോടെ 57 റൺസെടുത്ത ചൗധരിയെ പുറത്താക്കി ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്..
സന്ദീപ് പട്‌നായിക്ക് 75 പന്തിൽ എട്ടു ഫോറും ഒരു സിക്‌സും സഹിതം 66 റൺസെടുത്തും പുറത്തായി. ഇവർക്കു ശേഷം വന്നവരിൽ ഒഡീഷ നിരയിൽ തിളങ്ങിയത് 40 പന്തിൽ നാലു ഫോറുകളോടെ 45 റൺസെടുത്ത് പുറത്താകാതെ നിന്ന കാർത്തിക് ബിസ്വാൾ മാത്രം.
കേരളത്തിനായി എസ്. ശ്രീശാന്ത് എട്ട് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എം.ഡി. നിധീഷ് എട്ട് ഓവറിൽ 43 റൺസ് വഴങ്ങിയും ജലജ് സക്‌സേന ഒൻപത് ഓവറിൽ 43 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.


