ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ ശ്രീശാന്തിന് അഞ്ച് വിക്കറ്റ്. 9.4 ഓവറിൽ 65 റൺസ് മാത്രം വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ മികച്ച ബോളിംങ് പ്രകടനം പുറത്തെടുത്ത ശ്രീശാന്തിന്റെ മികവിലാണ് ഉത്തർപ്രദേശ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.

അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്‌ത്തിയത്. 68 റൺസ് നേടിയ അക്ഷ് ദീപ് നാഥാണ് ഉത്തർപ്രദേശിന്റെ ടോപ് സ്‌കോറർ. 57 റൺസ് നേടിയ പ്രിയം ഗാർഗും 54 റൺസ് നേടിയ അഭിഷേക് ഗോസ്വാമിയുമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ് തുടരുന്ന കേരളം 44 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലാണ്. 55 പന്തിൽ 81 റൺസ് എടുത്ത ഓപ്പണർ റോബിൻ ഉത്തപ്പയുടേയും അർദ്ധ സെഞ്ചുറി നേടിയ നായകൻ സച്ചിൻ ബേബിയുടേയും മികച്ച ബാറ്റിംഗാണ് കേരളത്തിന് കരുത്തായത്. സഞ്ജു സാംസൺ 29 റൺസ് എടുത്ത് പുറത്തായി

നാലാം വിക്കറ്റിൽ ഗർഗും അക്ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്‌സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്ന് പ്രതീക്ഷിക്കവെ 43ാം ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്ഷദീപ് ഉറച്ചുനിന്നു.

47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്‌പെൽ. 48-ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.

50 ഓവറിൽ അക്ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്ത് ആദ്യ വിക്കറ്റ് കൊയ്തത്. അവസാന നാല് വിക്കറ്റുകൾ വീഴ്‌ത്തിയത് മൂന്ന് ഓവറിനിടെ.

കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.

ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്‌സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ടൂർണമെന്റിൽ, ഒഡീഷയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ കേരളം 34 റൺസിന് വിജയിച്ചിരുന്നു. റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം.