ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ ഓപ്പണർമാരുടെ സെഞ്ചുറി മികവിൽ റെയിൽവേസിനെതിരേ റൺമല തീർത്ത് കേരളം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച റെയിൽവേസ് നിലവിൽ 17 ഓവറിൽ രണ്ട് വിക്കറ്റിന് 108 റൺസ് എന്ന നിലയിലാണ്.

സെഞ്ചുറി നേടിയ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും ചേർന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 193 റൺസ് സ്‌കോർബോർഡിൽ ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.



സ്‌കോർ 193ൽ നിൽക്കെ ഉത്തപ്പയെ ശിവം ചൗധരി പുറത്താക്കി. 104 പന്തിൽ എട്ടു ഫോറും അഞ്ച് സിക്‌സും സഹിതം ഉത്തപ്പ 100 റൺസെടുത്തു. വിഷ്ണു വിനോദിനൊപ്പം സഞ്ജു കൂ്ട്ടായെത്തിയതോടെ കേരളം കുതിച്ചു. വെറും 29 പന്തിൽ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 61 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.

107 പന്തുകളിൽ നിന്നും അഞ്ച് ഫോറും നാലു സിക്‌സും സഹിതം 107 റൺസെടുത്ത വിഷ്ണു വിനോദ് അമിത് മിശ്രയുടെ പന്തിൽ പുറത്തായി.

സ്‌കോർ 298ൽ എത്തുമ്പോഴേയ്ക്കും സച്ചിൻ ബേബി (നാലു പന്തിൽ ഒന്ന്), മുഹമ്മദ് അസ്ഹറുദ്ദീന് (എട്ടു പന്തിൽ അഞ്ച്), കെ.ജി. റോജിത്ത് (ഏഴു പന്തിൽ നാല്) എന്നിവരും പുറത്തായി. പിന്നീട് പിരിയാത്ത ഏഴാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത വത്സൽ ഗോവിന്ദ് ജലജ് സക്‌സേന സഖ്യമാണ് കേരള സ്‌കോർ 350 കടത്തിയത്. ഇരുവരും 24 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 53 റൺസ്. വത്സൽ ഗോവിന്ദ് 34 പന്തിൽ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 46 റൺസ് നേടി.