ന്യൂഡൽഹി: ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഉത്തർപ്രദേശിനെ കീഴടക്കി വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ മുത്തമിട്ടു. ആറു വിക്കറ്റിനാണ് മുംബൈയുടെ വിജയം.

ഉത്തർപ്രദേശ് ഉയർത്തിയ 313 റൺസ് വിജയലക്ഷ്യം 51 പന്തുകൾ ബാക്കിനിർത്തി നാല്‌ വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. ആദിത്യ താരെ 107 പന്തിൽ 18 ഫോറുകൾ സഹിതം 118 റൺസുമായി പുറത്താകാതെ നിന്നു. വെറും 39 പന്തിൽനിന്ന് 10 ഫോറും നാലു സിക്‌സും സഹിതം 73 റൺസെടുത്ത നായകൻ പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗാണ് മത്സരത്തിന്റെ ഗതി മുംബൈയ്ക്ക് അനുകൂലമാക്കിയത്.

ടൂർണമെന്റിലെ അഞ്ചാമത്തെയും തുടർച്ചയായ മൂന്നാമത്തെയും സെഞ്ചുറി നഷ്ടമായെങ്കിലും കിരീട പോരാട്ടത്തിൽ നായകന്റെ ഇന്നിങ്‌സ് കാഴ്ച വയ്ക്കാൻ പൃഥ്വി ഷായ്ക്ക് കഴിഞ്ഞു. മുംബൈയുടെ നാലാം കിരീടവിജയമാണിത്. ഫൈനലിലെ മിന്നുന്ന അർദ്ധ സെഞ്ചുറി അടക്കം ടൂർണമെന്റിൽ 827 റൺസടിച്ച് ഷാ കൂടുതൽ റൺസ് നേടിയ താരമായി.

ഇവർക്കു പുറമെ ഷംസ് മുളാനി (43 പന്തിൽ 36), ഓപ്പണർ യശ്വസി ജയ്‌സ്വാൾ (29), ശിവം ദുബെ (42) എന്നിവരുടെ ഇന്നിങ്‌സുകളും മുംബൈ വിജയത്തിൽ നിർണായകമായി. സർഫറാസ് ഖാൻ രണ്ടു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ വെറും 55 പന്തിൽനിന്ന് 89 റൺസടിച്ച പൃഥ്വി ഷാ ജയ്‌സ്വാൾ സഖ്യമാണ് മുംബൈയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്.

പിന്നീട് മൂന്നാം വിക്കറ്റിൽ മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടുമായി താരെ ഷംസ് മുളാനി സഖ്യവും (93 പന്തിൽനിന്ന് 88 റൺസ്), നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് താരെ ശിവം ദുബെ സഖ്യവും (60 പന്തിൽ 88 റൺസ്) മുംബൈയെ കിരീടത്തിലേക്ക് നയിച്ചു.



ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തർപ്രദേശിന് ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടാണ് മികച്ച സ്‌കോറിന് അടിത്തറയിട്ടത്. ഓപ്പണർമാരായ മാധവ് കൗശിക് സമർഥ് സിങ് സഖ്യം മുംബൈയുടെ ശക്തമായ ബോളിങ് നിരയെ അനായാസം നേരിട്ടാണ് സെഞ്ചുറി കൂട്ടുകെട്ട് തീർത്തത്. 26 ഓവർ ക്രീസിൽനിന്ന ഇരുവരും 122 റൺസാണ് ഉത്തർപ്രദേശ് സ്‌കോർ ബോർഡിൽ എത്തിച്ചത്. ഒടുവിൽ സമർഥ് സിങ്ങിനെ പുറത്താക്കി പ്രശാന്ത് സോളങ്കിയാണ് മുംബൈ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഉത്തർപ്രദേശ് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തു. 156 പന്തിൽനിന്ന് 158 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ മാധവ് കൗശിക്കാണ് ഉത്തർപ്രദേശ് ഇന്നിങ്‌സിന്റെ നട്ടെല്ല്. 15 ഫോറുകളും നാല് സിക്‌സറുകളും ഉൾപ്പെടുന്നതാണ് കൗശിക്കിന്റെ ഇന്നിങ്‌സ്.

ഓപ്പണർ സമർഥ് സിങ് (73 പന്തിൽ 55), അക്ഷ്ദീപ് നാഥ് (40 പന്തിൽ 55) എന്നിവരുടെ അർധസെഞ്ചുറികളും ഉത്തർപ്രദേശിന് കരുത്തായി. ഫീൽഡിങ്ങിനിടെ പരുക്കേറ്റ മുംബൈ ക്യാപ്റ്റൻ പൃഥ്വി ഷായെ ഇടയ്ക്ക് ഗ്രൗണ്ടിൽനിന്ന് ചുമന്നുകൊണ്ടുപോയത് ആശങ്ക പരത്തി. എന്നാൽ, അധികം വൈകാതെ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയ ഷാ, ക്യാപ്റ്റൻ സ്ഥാനം വീണ്ടും ഏറ്റെടുത്തു.

ക്യാപ്റ്റൻ കരൺ ശർമയെ ടാനുഷ് കൊട്ടിയൻ പുറത്താക്കിയതോടെ മുംബൈ തിരിച്ചുവരുന്നുവെന്ന തോന്നലുയർന്നു. കരൺ ശർമ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി. കൗശിക് പ്രിയം ഗാർഗ് സഖ്യം 38 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഗാർഗിനെയും കൊട്ടിയൻ പുറത്താക്കി. 26 പന്തിൽ രണ്ടു ഫോറുകളോടെ 21 റൺസായിരുന്നു സമ്പാദ്യം.

പിരിയാത്ത നാലാം വിക്കറ്റിൽ അക്ഷ്ദീപ് നാഥിനെ കൂട്ടുപിടിച്ച് തകർത്തടിച്ച കൗശിക് ഉത്തർപ്രദേശിനെ 300ന് തൊട്ടടുത്തെത്തിച്ചു. ഇവരുടെ സെഞ്ചുറി കൂട്ടുകെട്ട് ഉത്തർപ്രദേശിനെ 300 കടത്തുമെന്ന് കരുതിയെങ്കിലും സ്‌കോർ 290ൽ നിൽക്കെ അക്ഷ്ദീപ് നാഥിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ പൃഥ്വി ഷാ മുംബൈയ്ക്ക് ആശ്വാസമേകി. 40 പന്തിൽനിന്ന് നാലു ഫോറും മൂന്നു സിക്‌സും സഹിതം നാഥ് 55 റൺസെടുത്തു. നാലാം വിക്കറ്റിൽ കൗശിക് നാഥ് സഖ്യം 85 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 128 റൺസ്.

ഒടുവിൽ വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവിനെ കൂട്ടുപിടിച്ച് കൗശിക് ഉത്തർപ്രദേശ് സ്‌കോർ 300 കടത്തി. കൗശിക് 156 പന്തിൽ 158 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ, 75 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ട കൗശിക്കിന് അവിടെനിന്ന് സെഞ്ചുറിയിലേക്കെത്താൻ വേണ്ടിവന്നത് കൃത്യം 50 പന്തുകൾ. 154 പന്തിൽനിന്ന് കൗശിക് 150ലെത്തി.

മുംബൈയ്ക്കായി ധവാൽ കുൽക്കർണിക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആറ് ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ സഹിതം 17 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ടാനുഷ് കൊട്ടിയൻ 10 ഓവറിൽ 54 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പ്രശാന്ത് സോളങ്കി 10 ഓവറിൽ 71 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.