ലണ്ടൻ: അനേകായിരം കോടിയുടെ കടബാധ്യതയുമായി ഇന്ത്യയിൽ നിന്നും ഒളിച്ചു കടന്ന വിജയ് മല്യക്ക് നിയമ വഴിയിൽ ആദ്യ തിരിച്ചടി. വെസ്റ്റ് മിനിസ്റ്റർ കോടതി വിജയ് മല്യക്ക് ഇന്ത്യൻ കോടതി നടപടികൾ നേരിടാതിരിക്കാൻ ബ്രിട്ടനിൽ തുടരാൻ അവകാശം ഇല്ലെന്നു വിധി പറഞ്ഞിരിക്കെ മല്യയെ ഉടൻ കൈയിൽ കിട്ടുമെന്ന പ്രതീക്ഷയാണ് സിബിഐയും ഇന്ത്യൻ മാധ്യമങ്ങളും കരുതിയത്. എന്നാൽ 14 ദിവസത്തെ സമയം അനുവദിച്ചു മല്യക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ മജിസ്‌ട്രേറ്റ് എമ്മ അർധർട്ടൻ അനുവാദം നൽകിയതോടെ മല്യയും ഇന്ത്യയും വീണ്ടും നിയമ വഴികളിലേക്ക് നീങ്ങുകയാണ്.

എത്ര വേഗത്തിൽ കോടതി നടപടികൾ പുരോഗമിച്ചാലും ആറു മാസം കൂടിയെങ്കിലും മല്യയ്ക്ക് ആർതർ റോഡ് ജയിൽ വാസം ഒഴിവാക്കാൻ ഇതുവഴി കഴിയും. പണം എത്ര വാരിയെറിഞ്ഞും കേസ് നടത്താൻ മല്യ തയ്യാറാകുന്നതോടെ കേസിന്റെ സങ്കീർണതയും വർദ്ധിക്കുകയാണ്. മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ അഭിഭാഷകർ ഏറെ വിയർപ്പൊഴിവാക്കിയാണ് താൽക്കാലിക വിജയം നേടിയതെന്നിരിക്കെ, മേൽക്കോടതിയിൽ കാര്യങ്ങൾ ഏതു വിധത്തിലാകും പരിണമിക്കുക എന്നത് യാതൊരു ഉറപ്പും ഇല്ലാത്ത കാര്യമാണ്.

അതിനിടെ തന്റെ സ്വത്തു വകകൾ മരവിപ്പിക്കുന്ന എൻഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ മല്യ ഇന്ത്യൻ സുപ്രീം കോടതിയിലും നിയമ പോരാട്ടം തുടങ്ങിയിരിക്കുകയാണ്. ഈ കേസിൽ സുപ്രീം കോടതി നടപടികൾ തുടങ്ങിയിരിക്കുകയാണ്. പ്രത്യേക കോടതിയും ഹൈക്കോടതിയും കടന്നാണ് മല്യ സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. ഇതോടെ ഒരു കോടതിയിൽ നിന്നും മറ്റൊരു കോടതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വിജയ് മല്യ തല്ക്കാലം ബ്രിട്ടീഷ് കുളിരിൽ സുഖിച്ചു കഴിയും എന്നുറപ്പാണ്. ഏകദേശം 9000 കോടി രൂപയുടെ കബളിപ്പിക്കലാണ് വിവിധ ബാങ്കുകളിലായി മല്യ നടത്തിയത്. മല്യയുടെ ഹെലികോപ്റ്ററുകൾ അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്തത് അടുത്തിടെയാണ്.

താൻ ഒളിച്ചോടിയതല്ലെന്നും കടം വീട്ടാൻ ഇപ്പോഴും കഴിയുമെന്നും ഒക്കെയുള്ള സ്ഥിരം വാചകമടികൾ മല്യ വെസ്റ്റമിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലും ആവർത്തിച്ചു. എന്നാൽ ഇതൊന്നനും വിലപ്പോയില്ല. മല്യയുടെ വാദങ്ങൾ തള്ളിയ കോടതി അപ്പീൽ നൽകും വരെ മല്യയെ ജാമ്യത്തിൽ അയക്കാനും തീരുമാനിച്ചു. ഇന്ത്യക്കു വേണ്ടി ബ്രിട്ടനിൽ ക്രൗൺ പ്രോസിക്യൂഷൻ സർവീസാണ് കേസ് നടത്തുന്നത്. ഹൈക്കോടതിയിലും വിധി എതിരായാൽ മല്യ സുപ്രീം കോടതിയെയും സമീപിക്കും എന്നുറപ്പാണ്. ഇതും ഏറെ നാളത്തെ മറ്റൊരു നിയമ യുദ്ധത്തിലേക്കാകും നയിക്കുക. ഇതോടെ ചുരുങ്ങിയത് ഒരു വർഷം എങ്കിലും കോടതി നടപടികളുടെ പേരിൽ ഇന്ത്യക്കു തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് മേനി നടിക്കാനും മല്യക്ക് വഴി ഒരുക്കും.

ക്രൗൺ പ്രോസിക്യൂഷൻ സർവീസിനും അപ്പീൽ നൽകാൻ അവസരമുണ്ട്. എന്നാൽ അടിയന്തിര സാഹചര്യം അല്ലെന്ന കാരണത്താൽ കോടതി സ്വാഭാവിക നടപടിക്രമം അനുസരിച്ചു മാത്രമേ കേസ് എടുക്കൂ. എന്നാൽ മജിസ്‌ട്രേറ്റ് കോടതി വിധിക്കു എതിരെ മല്യ അപ്പീൽ നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയിലേക്കുള്ള തീർച്ചയാക്കൽ നടപടികള ഊർജ്ജിതമാകും. പക്ഷെ ഇത് സംഭവിക്കാൻ ഇടയുള്ള കാര്യമല്ല. അപ്പീൽ നടന്നില്ലെങ്കിൽ കോടതി വിധി ഉണ്ടായി 28 ദിവസത്തിനകം ഹോം സെക്രട്ടറി സാജിദ് ജാവീദ് മല്യയുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളണം.

മല്യക്കെതിരെ ശക്തമായ ഭാഷയിൽ വിധി കുറിപ്പെഴുതിയാണ് മജിസ്‌ട്രേറ്റ് കോടതി ഇന്ത്യയിൽ എത്തി വിചാരണ നേരിടാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. കോടതി ഭാഷയിൽ ആഭരണപ്രിയനും ഇല്ലാത്ത മേനി കാട്ടുന്നവനും അനാവശ്യ ദൂർത്തുകാരനും എന്നൊക്കെ വിശേഷിപ്പിച്ചാണ് നടപടികൾ അവസാനിപ്പിച്ചത്. മല്യ പറയും പോലെ കെട്ടി ചമച്ച കേസാണെന്നു കോടതിക്ക് തോന്നുന്നില്ലെന്നും സാമാന്യബോധം ഇല്ലാത്ത ബാങ്കുകളുടെ കണ്ണുകെട്ടി മല്യ നടത്തിയ ഇടപാടാണ് ഈ കേസിലൂടെ പുറത്തു വന്നതെന്നും കോടതി നിരീക്ഷിച്ചു. പത്തു ദിവസം മുൻപ് ബാങ്കുകളിൽ നിന്നും കടമെടുത്ത മുഴുവൻ തുകയും തിരിച്ചു നൽകാമെന്നു വിജയ് മല്യ ഓഫർ ''ഇട്ടിരുന്നു'', എന്നാൽ ബാങ്കുകൾ ഇത് കയ്യോടെ തള്ളുക ആയിരുന്നു. കാരണം ഈ ഓഫർ സ്വീകരിച്ചാൽ ബാങ്കുകൾക്ക് 3000 കോടിയുടെ എങ്കിലും നഷ്ടം സംഭവിക്കും.