ലണ്ടൻ: ഒൻപതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയിൽ സുഖവാസത്തിലാണ്. ഫാം ഹൗസിൽ പെണ്ണുങ്ങളുമായുള്ള പതിവ് അടിച്ചു പൊളി ജീവിതം. ഇന്ത്യയിലെ നിയമ പ്രശ്‌നമൊന്നും മല്ല്യയെ ബാധിച്ചിട്ടേ ഇല്ല. മല്ല്യയെ എങ്ങനെ തിരിച്ചു ഇന്ത്യയിലെത്തിക്കാമെന്ന ചിന്തയിലാണ് സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക്. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്ന സുപ്രീം കോടതിയുടെ നോട്ടിസ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വഴി അദ്ദേഹത്തിനു നൽകിയേക്കും.

മാർച്ച് രണ്ടിനായിരുന്നു മല്ല്യയുടെ ലണ്ടൻ യാത്ര. വലിയ ഏഴ് പെട്ടികളുമായി മല്ല്യ വിമാനത്താവളത്തിലെത്തി. അതി സുന്ദരിയായ യുവതിയും ഒപ്പമുണ്ടായിരുന്നു. മല്ല്യയ്ക്ക് എതിരെ വിമാനയാത്രാ വില്ക്ക് ഒന്നുമില്ലാത്തതിനാൽ വിമാനത്താവള അധികാരികൾക്ക് മല്ല്യയെ തടയാൻ കഴിഞ്ഞില്ല. ഏറെ ഭാരമുണ്ടായിരുന്ന ഏഴ് ബാഗുകളുമായി മല്ല്യ ലണ്ടനിലെത്തി. അവിടെ നിന്ന് ആഡംബര ജീവിതത്തിന്റെ പുതിയ ലോകത്തേക്കും. എല്ലാ രാഷ്ട്രീയ നേതാക്കളും നിയമത്തിന്റെ പഴുതുകൾ തിരിച്ചറിഞ്ഞ് മല്ല്യയ്ക്ക് സുഖയാത്ര ഒരുക്കാൻ കൂട്ടുനിന്നു. ഇയാൾ ലണ്ടനിലെത്തിയെന്ന് ഉറപ്പായ ശേഷം മാത്രമായിരുന്നു ഈ വിഷയം പ്രതിപക്ഷം പോലും ചർച്ചയാക്കിയത്. വിദ്യാഭ്യാസ വായ്പ എടുക്കുന്നവരോട് പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത രാജ്യത്താണ് ഇതെല്ലാം സംഭവിച്ചത്.

ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ വീട്ടിൽനിന്ന് ഒരുമണിക്കൂർ വണ്ടിയോടിച്ചാൽ എത്താവുന്ന ഗ്രാമവസതിയിലേക്ക് മല്യ ഏതാനും ദിവസം മുൻപു പോയെന്നാണ് അറിയുന്നത്. ഹാട്ഫഡ്ഷറിൽ ടിവേൻ ഗ്രാമത്തിൽ 30 ഏക്കറിൽ സ്ഥിതിചെയ്യുന്ന കൊട്ടാരസദൃശമായ 'ലേഡിവോക്ക്' ബ്രിട്ടനിലെ ഏറ്റവും ആഡംബരമായ ഭവനങ്ങളിലൊന്നാണ്. ബ്രിട്ടനിൽ കണ്ണായ സ്ഥലങ്ങളിൽ വസ്തുവകകളുള്ള മല്യക്കു കലിഫോർണിയയിലും ആഡംബര വീടുണ്ട്. അടിച്ചു പൊളിച്ച് പരസ്യ ജീവിതം മല്ല്യ നയിക്കുന്നത് കേന്ദ്ര സർക്കാരിനും സിബിഐ്ക്കും കടുത്ത വെല്ലുവിളിയാണ്. നോട്ടീസ് നൽകിയാലും മല്ല്യ ഇന്ത്യയിലേക്ക് തിരിച്ചുവരുമോ എന്ന ഭയം സിബിഐയ്ക്കുണ്ട്.

എന്നാൽ മല്ല്യ വരില്ലെന്നാണ് സൂചന. വന്നാൽ കോടതിയും കേസും നൂലാമാലകുളുമായി ഇന്ത്യയിൽ കുടുങ്ങും. തട്ടിപ്പ് കേസിൽ അറസ്റ്റിലാകാനും സാധ്യതയുണ്ട്. അതിനിടെ കോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരിൽ കേന്ദ്രസർക്കാരും കോൺഗ്രസും തമ്മിലുള്ള വാക്‌പോര് മുറുകുകയുമാണ്. അതിനിടെ മല്യയ്‌ക്കെതിരെ നടപടിക്കു നിർദ്ദേശമൊന്നും ലഭിച്ചിരുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ച ശേഷവും മല്യ കുറഞ്ഞതു നാലുവട്ടമെങ്കിലും വിദേശയാത്ര നടത്തിയിരുന്നതായും വ്യക്തമായി.

മല്യയുടെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്നു ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 16ന് ആണു സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. എന്നാൽ യാത്ര തടയാനുള്ള നിർദ്ദേശം സിബിഐ നൽകാതിരുന്നതിനാൽ ഇമിഗ്രേഷൻ അധികൃതർ ഒന്നും ചെയ്തില്ല. ഈ പഴുത് ഉപയോഗിച്ചാണ് മല്ല്യ രക്ഷപ്പെട്ടത്. അന്വേഷണ നടപടികളിൽ മല്യ സഹകരിച്ചു കൊണ്ടിരുന്നതിനാലാണു വിദേശയാത്രകൾ തടയാതിരുന്നതെന്നാണു സിബിഐ അധികൃതരുടെ വിശദീകരണം. സുപ്രീം കോടതി ഉത്തരവുപ്രകാരം ഒരു വ്യക്തിക്കെതിരെ കുറ്റപത്രം സമർപ്പിച്ചാലോ വിചാരണ നടക്കാനിരിക്കയാണെങ്കിലോ മാത്രമേ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കാനാകൂവെന്നും സിബിഐ അറിയിച്ചു.

ഒക്ടോബർ അവസാനവാരം വിദേശത്തുപോയ മല്യ നവംബറിൽ തിരിച്ചുവന്നു. ഡിസംബറിൽ ആദ്യവും അവസാനവും രണ്ടു വിദേശയാത്രകൾ കൂടി നടത്തിയെന്ന് ഇമിഗ്രേഷൻ അധികൃതർ സിബിഐയെ അറിയിച്ചിരുന്നു. ഒടുവിൽ ഈ മാസം രണ്ടിനു മല്യ ലണ്ടനിലേക്കു മുങ്ങുകയും ചെയ്തു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ടാണു മല്യയ്‌ക്കെതിരെ സിബിഐ കേസെടുത്തത്. ഐഡിബിഐ ബാങ്കിൽനിന്നു 900 കോടി രൂപയുടെ വായ്പ അനുവദിച്ചതു ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ബാങ്കുകൾ സുപ്രീംകോടതിയെ സമീപിക്കുകുയും ചെയ്തു. സുപ്രീകോടതി ഇടപെടൽ ഭയന്നാണ് മല്ല്യ ഇപ്പോൾ മുങ്ങിയത്.

അതിനിടെ സർക്കാർ മല്ല്യയെ സഹായിക്കുകയാണെന്നാരോപിച്ച പ്രതിപക്ഷം ഇന്നലെ ഇരുസഭകളിലും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു. രാജ്യസഭയിൽ പ്രശ്‌നമുന്നയിച്ച പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, എൻഡിഎ സർക്കാർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണു മല്യയെ രാജ്യം വിടാൻ അനുവദിച്ചതെന്ന് ആരോപിച്ചു. 9000 കോടി രൂപ വായ്പയെടുത്തു ബാങ്കുകളെ കബളിപ്പിച്ച ഒരാളെ സർക്കാരിന് എങ്ങനെയാണു രാജ്യം വിടാൻ അനുവദിക്കാനാകുക എന്നു രാഹുൽ ഗാന്ധി ചോദിച്ചു. സഭയിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്കു പ്രധാനമന്ത്രിയും ധനമന്ത്രിയും മറുപടി പറഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു.

മല്ല്യ കോൺഗ്രസ് ചെയ്ത പാപത്തിന്റെ ഫലമാണെന്നു ബിജെപി തിരിച്ചടിച്ചു. യുപിഎ സർക്കാരിന്റെ കാലത്താണു മല്ല്യ ബാങ്കുകളിൽനിന്നു വായ്പകളെടുത്തതെന്നും കോൺഗ്രസ് ചെയ്ത പാപങ്ങൾക്കു എൻഡിഎ സർക്കാരിനെ പഴിചാരുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബോഫോഴ്‌സ് കേസിലെ പ്രതി ഒട്ടാവിയോ ക്വത്‌റോക്കി രാജ്യം വിട്ടതെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. അങ്ങനെ വിഷയത്തിൽ വാക് പോര് തുടരുകയാണ്.

യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും പടിയിറങ്ങാൻ വിജയ് മല്യയ്ക്ക് 515 കോടി രൂപ കൊടുത്തതായാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഡിയാഗോ ഏറ്റെടുത്തിരുന്നുവെങ്കിലും വിജയ് മല്യ ചെയർമാൻ സ്ഥാനത്തുതന്നെ തുടരുകയായിരുന്നു. മക്കൾക്കൊപ്പം ഇംഗ്ലണ്ടിൽ സമയം ചെലവഴിക്കാനായാണ് ഈ സ്ഥാനമൊഴിയൽ എന്നാണ് വിജയ് മല്യ വ്യക്തമാക്കുന്നത്. യുബി സ്പിരിറ്റ്‌സിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തിൽ ഏറെ കാലമായി തർക്കത്തിലായിരുന്നു ഡിയോഗോയും മല്യയും.

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപയാണ് വായ്പ എടുത്തത്. ഇതു തിരിച്ചടയ്ക്കുന്ന്തിൽ വീഴ്ച വരുത്തിയതിനാൽ പാഞ്ചാബ് നാഷണൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ മല്യയെ വിൽഫുൾ ഡിഫോൾഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐഡിബിഐ നൽകിയ വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ വിജയ് മല്യയെ സിബിഐ ചോദ്യം ചെയ്തിരുന്നു.

കിങ്ഫിഷറിനെതിരെ റിപ്പോർട്ടുകൾ ഉണ്ടായിട്ടും അത് അവഗണിച്ച് ഐഡിബിഐ വായ്പ നൽകുകയായിരുന്നു. കമ്പനി ഉദ്യോഗസ്ഥരും ഡയറക്ടറും ബാങ്ക് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ചട്ടങ്ങൾ ലംഘിച്ച് വായ്പ അനുവദിച്ചത്. കടബാദ്ധ്യതയെത്തുടർന്ന് 2012ൽ തന്നെ കിങ്ഫിഷർ എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മല്യയുടെ ബംഗളൂരു, മുംബൈ, ഗോവ ഓഫീസുകളിൽ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. എയർലൈൻസ് ഡയറക്ടറായ മല്യയെക്കൂടാതെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എ.രഘുനാഥൻ, ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും ഒക്ടോബറിൽ സിബിഐ കേസെടുത്തിരുന്നു. ഇത്തരമൊരു പ്രതിയാണ് എല്ലാവരും നോക്കി നിൽക്കെ ലണ്ടനിലേക്ക് യാത്ര തിരിച്ചത്.