- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനവേട്ടക്കേസിൽ ഉന്നതർക്കും പങ്കോ? ആനക്കൊമ്പു വാങ്ങിയവരിൽ വിജയ് മല്യയും ആദിത്യ ബിർളയും എ സി മുത്തയ്യയും; പ്രതിയുടെ ഡയറിയിൽ കണ്ടത് നിരവധി ഉന്നതരുടെ പേര്
തിരുവനന്തപുരം: ആനവേട്ടക്കേസിൽ ഉന്നതർക്കും പങ്കെന്നു സൂചന. വൻ വ്യവസായികളായ വിജയ് മല്യ, ആദിത്യ ബിർള, എ സി മുത്തയ്യ മുതലായവർക്കു കേസിലെ പ്രതികൾ ആനക്കൊമ്പു വിറ്റുവെന്നാണു റിപ്പോർട്ടുകൾ. പ്രതിയുടെ ഡയറിയിൽ നിന്നാണു നിരവധി ഉന്നതരുടെ പേരുകൾ അന്വേഷണസംഘത്തിനു ലഭിച്ചത്. പ്രതി അജി ബ്രൈറ്റിന്റെ ഡയറിയിൽനിന്നാണ് ഇവരുടെ പേരുകൾ കണ്ടെത്തിയത്. ഉ
തിരുവനന്തപുരം: ആനവേട്ടക്കേസിൽ ഉന്നതർക്കും പങ്കെന്നു സൂചന. വൻ വ്യവസായികളായ വിജയ് മല്യ, ആദിത്യ ബിർള, എ സി മുത്തയ്യ മുതലായവർക്കു കേസിലെ പ്രതികൾ ആനക്കൊമ്പു വിറ്റുവെന്നാണു റിപ്പോർട്ടുകൾ.
പ്രതിയുടെ ഡയറിയിൽ നിന്നാണു നിരവധി ഉന്നതരുടെ പേരുകൾ അന്വേഷണസംഘത്തിനു ലഭിച്ചത്. പ്രതി അജി ബ്രൈറ്റിന്റെ ഡയറിയിൽനിന്നാണ് ഇവരുടെ പേരുകൾ കണ്ടെത്തിയത്.
ഉന്നതരുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ ഇടപാടാണ് ആനവേട്ട കേസിൽ നടന്നത് എന്നതിന്റെ സൂചനയാണു പൊലീസിനു ലഭിച്ചിരിക്കുന്നത്. ജെയിൻ, ഡാബർ ഗ്രൂപ്പ് അടക്കമുള്ളവരുടെ പേരുകളും ഇവരിൽനിന്നു വാങ്ങിയ പണത്തിന്റെ വിവരങ്ങളും പ്രതിയുടെ ഡയറിയിലുണ്ട്. കേസിന്റെ വ്യാപ്തി കണക്കിലെടുത്താണു സിബിഐ അന്വേഷണത്തിനു സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയാണു തിരുവനന്തപുരം ചാക്ക സ്വദേശി അജി ബ്രൈറ്റ്. മദ്യ വ്യവസായി വിജയ് മല്യയും ആദിത്യ ബിർളയും ബി.സി.സി.ഐ മുൻ പ്രസിഡന്റ് എ സി മുത്തയ്യയുമൊക്കെ അജിയുടെ ഡയറിയിൽ ഇടംപിടിച്ചിട്ടുണ്ട്. കൊന്ന ആനകളിൽ നിന്ന് കൊമ്പെടുത്ത് വിറ്റത് ഈ വ്യവസായികൾക്കാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യവസായികളുമായി നടത്തിയ പണിമിടപാടിന്റെ വിവരങ്ങളും ഡയറിയിലുണ്ടെന്നാണു സൂചന. എന്നാൽ, കേസിൽ അറസ്റ്റിലായ അജി അടക്കമുള്ള പ്രതികളാരും തന്നെ ഇത്തരത്തിൽ പൊലീസിന് മൊഴി നൽകിയിട്ടില്ല.
അജി, സഹായികളായ അനിൽ, വിജയൻ എന്നിവർ ജൂലൈയിലാണ് അറസ്റ്റിലാകുന്നത്. പിടിയിലാകുമ്പോൾ ഇവരുടെ കൈയിൽ 50 കിലോഗ്രാം ആനക്കൊമ്പും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. കൊമ്പെടുത്ത് വ്യവസായികൾക്ക് വിഗ്രഹം നിർമ്മിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ രീതിയെന്നാണ് പൊലീസിന്റെ അനുമാനം.
അതിരപ്പള്ളി, വാഴച്ചാൽ മേഖലകളിലെ കാടുകളിൽ വേട്ടയാടിയ ആനകളുടെ കൊമ്പുകൾ ശിൽപ്പങ്ങളാക്കിയും അല്ലാതെയുമാണ് കച്ചവടം നടത്തി വന്നത്. കേസിൽ പിടിയിലായ മറ്റു പ്രതികളായ ചാക്ക രവി, പ്രൈസ്റ്റൺ, ആൽവ എന്നിവർക്കാണ് കാട്ടുകൊള്ളക്കാർ ആനക്കൊമ്പ് എത്തിച്ചിരുന്നത്. ഇവർ കച്ചവടത്തിലെ പ്രധാന കണ്ണിയായ അജി ബ്രൈറ്റിന് കൈമാറുമായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ വിദഗ്ദ്ധ തൊഴിലാളികളെ ഉപയോഗിച്ച് വിഗ്രഹങ്ങൾ നിർമ്മിച്ച് കൊൽക്കത്ത, ഡൽഹി, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഇവർ വിൽപ്പന നടത്തി വന്നത്.