ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപയോളം പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ കാര്യത്തിൽ ബ്രിട്ടൻ പുലർത്തുന്ന ഇരട്ടത്താപ്പ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിലും ഉലച്ചിൽ തീർക്കുന്നു. ലണ്ടനിലെത്തിയ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ഇത് റദ്ദാക്കിയതും മല്യയുടെ പേരിൽത്തന്നെ.-

ജെയ്റ്റ്‌ലിയെ കാണാൻ തെരേസ മെയ്‌ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ചാൻസലർ ഫിലിപ് ഹാമണ്ടുമായുള്ള ചർച്ചയ്ക്കിടെ ബ്രിട്ടനിൽ നിയമവിരുദ്ധമായി തങ്ങുന്ന മല്യയുടെ വിഷയം ചർച്ചയിൽ ഉയർന്നുവന്നിരുന്നു. ഇതേത്തുടർന്നാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച ഒഴിവാക്കിയത്. ഇന്ത്യയും ബ്രിട്ടനുമായുള്ള ഉഭയകക്ഷി ബന്ധത്തിലും മല്യയോടുള്ള ബ്രിട്ടന്റെ ഇരട്ടത്താപ്പ് നിർണായകമാകുമെന്ന സൂചനയാണ് ഇതുനൽകുന്നത്.

യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനൊരുങ്ങുന്ന ബ്രിട്ടൻ ബ്രെക്‌സിറ്റനന്തര കാലത്ത് പ്രധാന സഖ്യകക്ഷിയായി കാണുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അധികാരമേറ്റശേഷം തെരേസ മെയ്‌ യൂറോപ്പിന് പുറത്ത് ആദ്യം സന്ദർശനം നടത്തിയതും ഇന്ത്യയിലേക്കാണ്. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ ബ്രിട്ടനിൽ നിയമവിരുദ്ധമായി തങ്ങുന്ന മല്ല്യയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തോടുമാത്രം ബ്രി്ട്ടൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

സുപ്രീം കോടതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും മല്യ കീഴടങ്ങാൻ തയ്യാറായിട്ടില്ല. ഈ മാസമാദ്യം മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താൻ ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടെങ്കിലും അതിനും അനുകൂല തീരുമാനമുണ്ടായില്ല. ഇന്ത്യ-യുകെ സാമ്പത്തിക ഉച്ചകോടിയുടെ വിഷയങ്ങൾ ചർച്ചചെയ്യാനിരിക്കുമ്പോഴും, ജയ്റ്റ്‌ലിയുടെയും ഹാമണ്ടിന്റെയും ചർച്ചകളിൽ മല്യ വിഷയം കടന്നുവന്നുവെന്നാണ് സൂചന.

ബ്രിട്ടനിലെ പ്രധാന നിക്ഷേപകരുമായും ജെയ്റ്റ്‌ലി ചർച്ച നടത്തിയിരുന്നു. ജെപി മോർഗനാണ് നിക്ഷേപകരുമായുള്ള ചർച്ച സംഘടിപ്പിച്ചത്. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയും നിക്ഷേപകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതുകൂടി പൂർത്തിയാക്കിയശേഷമാകും അഞ്ചുദിവസത്തെ സന്ദർശനത്തിനുശേഷം അരുൺ ജെയ്റ്റ്‌ലി ഇന്ത്യയിലേക്ക് മടങ്ങുക.