ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനൽകാൻ ബ്രിട്ടീഷ് കോടതി ഉത്തരവ്. 9000 കോടിയുടെ വായ്പാതട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. മല്യയ്ക്ക് 14 ദിവസത്തിനകം മേൽകോടതിയെ സമീപിക്കാം. മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ തരപ്പെടുത്തിയത്. തിരിച്ചടയ്ക്കാൻ ആത്മാർഥമായ ശ്രമം നടത്തിയില്ല. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയുടേതാണ് ഉത്തരവ്. മല്യയെ വിട്ടുകിട്ടുമെന്ന ്ഉറപ്പുണ്ടായിരുന്നുവെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. അടുത്തുതന്നെ മല്യയെ നാട്ടിലെത്തിക്കാമെന്നാണ് സിബിഐയുടെ കണക്കുകൂട്ടൽ.

മല്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം, ഗൂഢാലോചന, പണം തട്ടിപ്പ് എന്നിവ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആർബത്‌നോട്ട് കണ്ടെത്തിയിരുന്നു. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് നിർണായക ഉത്തരവ് വന്നിരിക്കുന്നത്.

9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാർച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. തനിക്ക് 12,400 കോടിയുടെ ആസ്തികളുണ്ടെന്നും അത് ഉപയോഗിച്ച് ബാങ്ക് വായ്പകൾ ഉൾപ്പെടെ എല്ലാ ബാധ്യതകളും തീർക്കാൻ കഴിയുമെന്നും വിജയ് മല്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കിങ്ഫിഷർ എയർലൈൻസിന് പലിശ സഹിതം 6000 കോടിയുടെ ബാങ്ക് വായ്പയാണ് തിരിച്ചടയ്ക്കാനുള്ളതെന്നും മല്യയുടെ കമ്പിനിയായ യുനൈറ്റഡ് ബ്രിവറീസ് ഹോൾഡിങ്സ് അറിയിച്ചു. കമ്പനിയുടെ സ്വത്ത് വകകളും ഓഹരികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്.

ഇത് കാരണമാണ് ആസ്തികൾ വിറ്റ് കടം തീർക്കാൻ കഴിയാത്തതെന്നും കമ്പനി കോടതിയിൽ വാദിച്ചു. ബംഗളുരു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കമ്പനിയുടെ ആസ്തികൾക്ക് ജനുവരിയിൽ 13,400 കോടിയുടെ മൂല്യമുണ്ടായിരുന്നെന്നും വിപണിയിലെ കയറ്റിറക്കങ്ങൾ കാരണം ഇപ്പോൾ മൂല്യം 12,400 കോടിയിൽ എത്തിയെന്നും അഭിഭാഷൻ വാദത്തിനിടെ പറഞ്ഞു

അതേസമയം തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലാണ് മല്യക്കെതിരെയുള്ള കേസ് നടക്കുന്നത്. ഈ നിയമപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാൽ കേസിൽ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടൻ തന്നെ സ്വത്തുക്കൾ കണ്ടുകെട്ടാം. പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അപേക്ഷ തള്ളിയതിനെ തുടർന്നാണ് മല്യ സുപ്രീം കോടതിയിലെത്തിയത്.